ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും –മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
കേരള ക്യാപ്റ്റീവ് എലിഫന്റ് കരട് ചട്ടത്തിന്മേലുള്ള ചർച്ചയൂം നാട്ടാന പരിപാലനം ഉപയോക്താക്കളുടെ സംസ്ഥാനതലയോഗവും സോഷ്യൽ ഫോറസ്ട്രി ട്രെയിനിങ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആദ്യമായി നാട്ടാന പരിപാലന ചട്ടം നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. 2003ൽ ആദ്യമായി വന്ന ചട്ടം 2012ൽ ഭേദഗതി ചെയ്തതാണ് നിലവിൽ പ്രാബല്യത്തിലുള്ളത്. 2018 ലെ നാട്ടാന സെൻസസ് പ്രകാരം കേരളത്തിൽ 521 നാട്ടാനകളുണ്ടായിരുന്നു.
നിലവിലെ കണക്ക് പ്രകാരം 381 നാട്ടാനകൾ ഉള്ളതിൽ 39 എണ്ണം വനം വകുപ്പിന്റെ സംരക്ഷണയിലുള്ളതാണ്. ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പ്രകൃതി, വന്യജീവി സംഘടനകളുടെ നിർദേശങ്ങളും വിവിധ കോടതി ഇടപെടലുകളും സർക്കാർ പ്രാധാന്യത്തോടെ കാണുന്നു.
ആനകളെ എഴുന്നള്ളിക്കുന്നതിലും അവയുടെ കൃത്യമായ സംരക്ഷണം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ ചട്ടങ്ങൾ രൂപപ്പെടുത്താൻ ഇന്നത്തെ ചർച്ചയിലൂടെ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മന്ത്രി കെ. ബി. ഗണേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം) പ്രമോദ് ജി. കൃഷ്ണൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിംഗ്, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ രാജേഷ് രവീന്ദ്രൻ, പി. പുകഴേന്തി, എൽ. ചന്ദ്രശേഖർ, ജസ്റ്റിൻ മോഹൻ തുടങ്ങിയവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.