കേന്ദ്ര ഫിഷറീസ് നയത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നു
text_fieldsപൂന്തുറ: ഉള്‍ക്കടലിലെ മത്സ്യബന്ധനം പൂര്‍ണമായും കോര്‍പറേറ്റുകള്‍ തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാറിെൻറ ഫിഷറീസ് നയങ്ങൾക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ വിവിധ തരം സമരങ്ങൾ നടക്കുന്നുണ്ട്.
തിങ്കളാഴ്്ച കന്യകുമാരി ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാതെ മത്സ്യബന്ധന ഗ്രാമങ്ങളിലെ വീടുകളില്‍ കറുത്ത തുണി കെട്ടി പ്രതിഷേധിക്കുകയും പള്ളം കടപ്പുറത്ത് മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തു. കേരളത്തില്‍ പ്രതിഷേധത്തിെൻറ ആദ്യപടിയെന്ന നിലക്ക് തിങ്കളാഴ്ച സര്‍വകക്ഷി മത്സ്യത്തൊഴിലാളി കോഒാഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും.
രണ്ടുതരം രജിസ്ട്രേഷന്
കേന്ദ്ര സര്‍ക്കാറിെൻറ പുതിയ കേന്ദ്ര കടല്‍ മത്സ്യബന്ധന നിയന്ത്രണ ബില്ലിലെ പുതിയ ചട്ടപ്രകാരം പ്രദേശിക തീരക്കടലും എക്സ്ക്ല്യൂസീവ് ഇക്കണോമിക് സോണ്‍ (ഇ.ഇ.സെഡ്) ആയി കണക്കാക്കുന്ന കടല്പ്രദേശത്തും മത്സ്യബന്ധനം നടത്താന്‍ രണ്ട് തരം രജിസ്ട്രേഷന് വേണം. പ്രദേശിക തീരക്കടലായ കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22.22 കിലോമീറ്റര്‍) ദൂരം വരെയുള്ള കടല്‍പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്കാന് സംസ്ഥാന സര്‍ക്കാറുകള്‍ക്കും എക്സ്ക്ലൂസീവ് ഇക്കണോമിക് സോണായി നിശ്ചയിച്ചിരിക്കുന്ന 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ (370.4 കിലോമീറ്റര്‍) വരെയുള്ള ദൂരം കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കുന്ന തരത്തിലാണ് പുതിയ ഫിറഷീസ് നയം രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് നൂറ്റാണ്ടുകളായി കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രാജ്യെത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനമാര്ഗത്തെത്തന്നെ ഇല്ലാതാക്കും.
വിദേശ ട്രോളറുകള്‍ക്ക് യഥേഷ്ടം വാരാം
തീരക്കടലില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്വരുന്ന ദൂരം നൂറ്റാണ്ടുകളായി പരമ്പാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന കേന്ദ്രമാണ്. ഇൗ മേഖലകളിലേക്ക് വിദേശ ട്രോളറുകള്‍ കടക്കുന്നതിന് എതിരെ കാലങ്ങളായി പരമ്പാഗത മത്സ്യത്തൊഴിലാളികളും ട്രോളറുകളും തമ്മില്‍ കടലില്‍ സംഘര്‍ഷം പതിവാണ്. ഇവിേടക്കാണ് പുതിയ കേന്ദ്രനയത്തിലൂടെ വിദേശ ട്രോളറുകള്‍ക്ക് യഥേഷ്ടം കടക്കാനുള്ള അനുമതി നല്‍കുന്നത്. വിപണിയില്‍ കൂടുതല്‍ വില കിട്ടുന്ന മത്സ്യങ്ങളായ ആവോലി, പാര, വത്തപാര, നെയ്മീന്, അമോര്‍, കൊഞ്ച്, വിവിധയിനം ചൂരകള്‍, ഞണ്ട് എന്നീ മത്സ്യങ്ങളുടെ ആവാസകേന്ദ്രങ്ങളാണ് തീരത്ത് നിന്നുള്ള 12 നോട്ടിക്കല്‍ മൈല്‍ ദൂരം. ഇൗ മേഖലയില്‍ ആവാസം ഉറപ്പിക്കുന്ന മത്സ്യങ്ങള്‍ ഒരിക്കലും ഉള്‍ക്കടലിലേക്ക് പോകാറില്ല. ഇത് ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന വിദേശട്രോളറുകള്‍ക്ക് പലപ്പോഴും തിരിച്ചടിയാണ്.
നിയമനടപടികള്‍ കര്‍ശനമാകും
നിലവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യം കിട്ടാതെ വരുന്ന സാഹചര്യത്തില്‍ 100 നോട്ടിക്കല്‍ മൈല്‍ അധികം ദൂരം വരെ മത്സ്യബന്ധനത്തിന് കടലിൽ പോകാറുണ്ട്. ഇത്തരത്തില്‍ മത്സ്യബന്ധനം നടത്തുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, ചെറുകിട വള്ളങ്ങള്‍ എന്നിവ സംസ്ഥാനങ്ങളുടെ മാത്രം രജിസ്ട്രഷന് ഉപയോഗിച്ചാണ് നിലവില്‍ മത്സ്യബന്ധനം നടത്തുന്നത്. പുതിയ നയം നിലവില്‍ വരുന്നതോടെ കേന്ദ്ര രജിസ്ട്രേഷനുള്ള നിബന്ധനകള്‍ മര്‍ച്ചൻറ് ഷിപ്പിങ് നിയമത്തിെൻറ പരിധിയിലാണ് വരുക. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സാധ്യമല്ലാത്ത വിധമാണ് മര്‍ച്ചൻറ് ഷിപ്പിങ് നിയമത്തിലെ നിലവിലെ നിബന്ധനകള്‍. പുതിയ ഫിഷറീസ് നയം യാഥാർഥ്യമാകുന്നതോടെ നിയമനടപടികള്‍ കൂടുതല്‍ കര്‍ശനമാകും. ഇതോടെ നൂറ്റാണ്ടുകളായി തീരക്കടലിനെ മാത്രം ആശ്രയിച്ച് അന്നം തേടിയിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തീരക്കടലില്‍ പോലും മത്സ്യംപിടിക്കാന്‍ കഴിയാത്ത അവസ്ഥയാകും. ഇതിനെയാണ് മത്സ്യത്തൊഴിലാളികള്‍ പേടിക്കുന്നത്.
ജാമ്യമില്ലാത്ത വകുപ്പുകൾ
പുതിയ നയപ്രകാരം കേന്ദ്രം നിശ്ചയിക്കുന്ന പരിധിക്ക് അപ്പുറത്തേക്ക് കടന്നാല്‍ ഇതിെൻറ പേരില്‍ പിടികൂടുന്ന വള്ളങ്ങൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഇത്തരം വള്ളങ്ങളില്‍നിന്ന് പിടിച്ചെടുക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ കേസ് തീരുന്നത് വരെ പൊലീസ് കസ്റ്റഡിയില്‍ കിടന്ന് നശിക്കേണ്ടി വരും. നിലവില്‍ സംസ്ഥാനത്ത് കേരള മറൈന്‍ ഫിഷറീസ് െറഗുലേഷന് ആക്ട് പ്രകാരമാണ് കടല്‍നിയമങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത്. കെ.എം.എഫ്.ആര് ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ഫിഷറീസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ്. നിലവില്‍ നിയമം ലംഘിക്കുന്നവരെ കോസ്റ്റ്ഗാര്‍ഡോ മെറൈന്‍ പൊലീസോ പിടിച്ചാല്‍ ജില്ലകളിലെ ഫിഷറീസ് ഡയറക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കി പിഴ അടപ്പിച്ച് വള്ളങ്ങള്‍ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ തിരികെ വിട്ടുകൊടുക്കാറാണ് പതിവ്. സംസ്ഥാന സര്‍ക്കാറിെൻറ രജിസ്ട്രേഷന് മാത്രം എടുത്ത് കടലില്‍ പോകുന്ന വള്ളങ്ങള്‍ മത്സ്യബന്ധനത്തിടെ പലപ്പോഴും ഒഴുക്കില്പെടുകയോ കടല്ക്ഷോഭങ്ങളില്പെട്ട് ദിശമാറുകയോ ചെയ്ത് പരിധി വിടുന്നത് പതിവാണ്. പുതിയ നയം യാഥാർഥ്യമാകുന്നതോടെ ഇത്തരം അവസ്ഥ സംജാതമായാല്‍ പരിധി വിട്ടതിെൻറ പേരില്‍ മത്സ്യത്തൊഴിലാളികള്‍ ജയിലിലാകുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.