സഹകരണസംഘങ്ങളിലെ നിക്ഷേപം യഥാസമയം തിരികെ നൽകണമെന്ന വ്യവസ്ഥ വേണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിക്ഷേപങ്ങൾക്ക് മതിയായ സുരക്ഷ നൽകുന്നതിനും നിക്ഷേപിച്ച തുകയും പലിശയും യഥാസമയം തിരികെ നൽകുന്നതിനും ആവശ്യമായ വ്യവസ്ഥൾക്ക് അടിയന്തരമായി രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
സഹകരണ വകുപ്പ് സെക്രട്ടറിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയത്. ഈസ്റ്റ് തമ്പാനൂർ സ്വദേശിനി എം.വി. സുലേഖ പത്തനംതിട്ട കുമ്പളംപൊയ്ക സർവിസ് സഹകരണ ബാങ്കിൽ 2016 ൽ നിക്ഷേപിച്ച 19,50,000 രൂപ തിരികെ നൽകാത്ത സാഹചര്യത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരിയുടെ ഭർത്താവിെൻറ ചികിത്സക്കുവേണ്ടിയാണ് പണം പിൻവലിക്കാൻ ശ്രമിച്ചത്. ബാങ്ക് ജീവനക്കാരൻ നാലരക്കോടി രൂപയുടെ പണാപഹരണം നടത്തിയെന്നും അക്കാരണത്താൽ ബാങ്ക് പ്രതിസന്ധിയിലാണെന്നും സഹകരണസംഘം ജോയൻറ് രജിസ്ട്രാർ കമീഷനെ അറിയിച്ചു. തുക ഒരുമിച്ച് കൊടുക്കാൻ കഴിയില്ലെന്നും ബാങ്കിൽ തുക വരുന്ന മുറക്ക് നൽകുമെന്നുമാണ് സർക്കാർ നിലപാട്.
സ്വീകരിച്ച നടപടികൾ രജിസ്ട്രാർ നവംബർ 30 നകം കമീഷനെ രേഖാമൂലം അറിയിക്കണം. സാമ്പത്തിക തിരിമറിയുടെ ഭാഗമായി നടക്കുന്ന അന്വേഷണങ്ങളുടെ പേരിൽ നിക്ഷേപതുകയും പലിശയും നിക്ഷേപകർക്ക് മടക്കിനൽകാൻ കാലതാമസം വരുത്തരുതെന്ന് കമീഷൻ ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചു എന്ന കാരണത്താൽ നിക്ഷേപകർ ക്രൂശിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
റിസ്ക് ഫണ്ട് പദ്ധതി, ഡെപ്പോസിറ്റ് ഗാരൻറി പദ്ധതി എന്നിവ നിലവിലുണ്ടെങ്കിലും ഫലപ്രദമല്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.