പി.എസ്.സി വ്യാജ നിയമനകത്ത്: മുഖ്യപ്രതികൾ റിമാൻഡിൽ
text_fieldsതിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷന്റെ പേരിൽ വ്യാജ കത്ത് നിർമിച്ച് ഉദ്യോഗാർഥികളിൽനിന്ന് 35 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ മുഖ്യപ്രതികളെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി പത്തനംതിട്ട അടൂർ സ്വദേശിനി ആർ. രാജലക്ഷ്മി, ഉദ്യോഗാർഥികളെ ഓൺലൈൻ ഇന്റർവ്യൂ ചെയ്ത കോട്ടയം സ്വദേശി ജോയ്സി ജോർജ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
അതേസമയം രണ്ടാം പ്രതി രശ്മിയെ കോടതി മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രശ്മിയെ അടുത്ത ദിവസം തൃശൂരിലും എറണാകുളത്തുമെത്തിച്ച് തെളിവെടുക്കും.
തട്ടിപ്പ് നടത്തിയത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടെന്ന് രാജലക്ഷ്മി സമ്മതിച്ചു. രാജലക്ഷ്മിയുടെ ഭർത്താവ് ജിതിൻലാൽ, രശ്മിയുടെ ഭർത്താവ് ശ്രീജേഷ് എന്നിവരെ പ്രതിചേർത്തു. രാജലക്ഷ്മിയെയും രശ്മിയെയും സഹായിച്ചത് ഇവരാണെന്ന് പ്രതികൾ മൊഴി നൽകി.
ജിതിൻലാൽ മൂന്നാം പ്രതിയും ശ്രീജേഷ് നാലാം പ്രതിയുമാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജോയ്സി അഞ്ചാം പ്രതിയാണ്. തട്ടിപ്പിന്റെ മുഖ്യകണ്ണി രാജലക്ഷ്മിയാണെന്നും താനടക്കമുള്ളവർ ഇവരുടെ ഇരയാണെന്നുമാണ് രശ്മി പൊലീസിനെ അറിയിച്ചത്. രശ്മിയുടെ ഭർതൃസഹോദരൻ ജ്യോതിഷിയാണ്.
ഇയാളിൽനിന്ന് രാജലക്ഷ്മിയുടെ ഭർത്താവ് ജ്യോതിഷം പഠിക്കാനെത്തിയിരുന്നു. ഇങ്ങനെയാണ് രാജലക്ഷ്മിയുമായി പരിചയത്തിലാകുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ രാജലക്ഷ്മി യൂനിഫോം ധരിച്ചുനിൽക്കുന്ന ചിത്രങ്ങൾ രശ്മിയെ കാണിച്ചു.
സാമ്പത്തിക പ്രതിസന്ധി അലട്ടിയിരുന്ന രശ്മിക്കും ഭർത്താവിനും സർക്കാർ ജോലി വാങ്ങിനൽകാമെന്ന് രാജലക്ഷ്മി വാഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ നാല് ലക്ഷം രൂപയാണ് രാജലക്ഷ്മി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് കൂടുതൽപേർ ഉണ്ടെങ്കിൽ പകുതി തുക മതിയെന്ന് പറഞ്ഞു. രാജലക്ഷ്മി ആവശ്യപ്പെട്ട പ്രകാരമാണ് രശ്മി വാട്സ്ആപ് ഗ്രൂപ്പു വഴിയും നേരിട്ടും ഉദ്യോഗാർഥികളെ കാൻവാസ് ചെയ്തത്.
84 പേർ അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പിൽ 15 പേർ പണം നൽകി. വിജിലൻസ്, ഇൻകം ടാക്സ്, ജി.എസ്.ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിലടക്കം ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപയാണ് ഉദ്യോഗാർഥികളിൽനിന്ന് തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഈ തുക രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് അയച്ചെന്നാണ് രശ്മി പറയുന്നത്. രശ്മിയും ഭർത്താവും ചേർന്ന് നാലരലക്ഷത്തോളം രൂപ രാജലക്ഷ്മിക്ക് നൽകി. ഇവർക്കും പി.എസ്.സിയുടെ വ്യാജ നിയമന ശിപാർശ കത്ത് രാജലക്ഷ്മി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.