പൾസ് പോളിയോ: ജില്ലയിൽ 2222 ബൂത്തുകൾ
text_fieldsതിരുവനന്തപുരം: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ വിതരണത്തിന് ജില്ലയിൽ 2222 ബൂത്തുകൾ സജ്ജം. ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2130 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 53 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 39 മൊബൈൽ യൂനിറ്റുകളും കേന്ദ്രീകരിച്ച് ഫെബ്രുവരി 27ന് തുള്ളിമരുന്ന് വിതരണം ചെയ്യുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ തുള്ളിമരുന്ന് വിതരണം ചെയ്യും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ബൂത്തുകളുടെ പ്രവർത്തനം. കുട്ടിയോടൊപ്പം ഒരാൾക്ക് മാത്രമാണ് ബൂത്തിൽ പ്രവേശനം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കുട്ടിയോടൊപ്പം എത്താതിരിക്കുന്നതാണ് അഭികാമ്യം. എൻ-95 മാസ്ക് അല്ലെങ്കിൽ ഡബിൾ മാസ്ക്, മൂക്കും വായും മൂടുന്ന വിധത്തിൽ ധരിക്കണം.
സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്താൻ പാടില്ല. ബൂത്തിൽ പ്രവേശിക്കുന്നതിന് മുമ്പും ഇറങ്ങിയതിനുശേഷവും വെള്ളവും സോപ്പും ഉപയോഗിച്ചോ അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.ബൂത്തിലും പുറത്തും കൂട്ടംകൂടി നിൽക്കരുത്. രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം.
കഴിഞ്ഞ നാല് ആഴ്ചക്കുള്ളിൽ കോവിഡ് പോസിറ്റിവ് ആയ കുട്ടികളും രക്ഷാകർത്താക്കളും ബൂത്തിൽ എത്തരുത്. കോവിഡ് പോസിറ്റിവ് ആയ കുട്ടിക്ക് നാലാഴ്ചക്കുശേഷം മാത്രം പോളിയോ തുള്ളി മരുന്ന് നൽകിയാൽ മതിയാകും.
ഒരു വ്യക്തി കോവിഡ് പോസിറ്റിവ് ആയാൽ നാല് ആഴ്ചക്കുശേഷം മാത്രം ആ വീട്ടിലെ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകുക. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ബൂത്തിൽ എത്തരുതെന്നും പൾസ് പോളിയോ പരിപാടി വിജയകരമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.