പുനർഗേഹം പദ്ധതി; പുനരധിവാസം ഉറപ്പായത് 5534 കുടുംബങ്ങൾക്ക്
text_fieldsതിരുവനന്തപുരം: പുനർഗേഹം പദ്ധതിയിലൂടെ ഇതുവരെ 5,534 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ കഴിഞ്ഞതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ആകെ അടങ്കൽ തുക 2,450 കോടി രൂപയാണ്.
2020ൽ ആരംഭിച്ച പുനർഗേഹം പദ്ധതി പ്രകാരം നിലവിൽ അപ്പീൽ അപേക്ഷകൾ ഉൾപ്പെടെ 21,220 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 8,743 കുടുംബങ്ങൾ മാത്രമാണ് സുരക്ഷിത മേഖലയിൽ മാറി താമസിക്കാൻ സന്നദ്ധത അറിയിച്ചത്.
ഇതിൽ 4,200 കുടുംബങ്ങൾ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തുകയും 3,472 കുടുംബങ്ങൾ ഭൂമി രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഭവന നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. പുനർഗേഹം പദ്ധതിപ്രകാരം തിരുവനന്തപുരം ജില്ലയിൽ കാരോട്, ബീമാപള്ളി എന്നിവിടങ്ങളിലായി 390 ഫ്ലാറ്റുകൾ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി.
മുട്ടത്തറ, വലിയതുറ, കടകംപള്ളി, കാരോട് എന്നിവിടങ്ങളായി 312 ഫ്ലാറ്റുകളുടെ നിർമാണത്തിനുള്ള പ്രൊപ്പോസൽ പരിഗണനയിലാണ്. ശേഷിക്കുന്നവർക്ക് പുനരധിവാസം ഉറപ്പാക്കാൻ തീരദേശ ജില്ലകളിലായി 76.92 ഏക്കർ ഭൂമി കണ്ടെത്തി നടപടി സ്വീകരിച്ചുവരികയാണെന്നും നിയമസഭയിൽ ചോദ്യോത്തര വേളയിൽ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.