മഴ: 1.41 കോടിയുടെ കൃഷിനാശം
text_fieldsതിരുവനന്തപുരം: ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 1.41 കോടി രൂപയുടെ കൃഷി നാശം. മൂന്ന് വീടുകൾ പൂർണമായും 16 വീടുകൾ ഭാഗികമായും തകർന്നു.
കഴിഞ്ഞദിവസത്തെ മഴയെ തുടർന്ന് ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കടകംപള്ളി വില്ലേജിൽ വെൺപാലവട്ടം അങ്കണവാടി ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കഴിയുന്നത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധയിടങ്ങളിലെ നാല് ദുരിതാശ്വാസ ക്യാമ്പിൽ 55 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ 14.15 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചു. വിവിധ കൃഷി മേഖലകളിലായി 289 കർഷകരെയാണ് നഷ്ടം ബാധിച്ചത്. വാഴ കൃഷിയെയാണ് മഴ ഏറെ ബാധിച്ചത്. 11.54 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി നശിച്ചു.
1.05 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും 0.16 ഹെക്ടർ പ്രദേശത്തെ നാളികേര കൃഷിയും നശിച്ചു.
വീടുകൾ തകർന്നത് ആറ്റിങ്ങൽ മേഖലയിൽ
ആറ്റിങ്ങൽ: മഴയിൽ നിരവധി വീടുകൾ തകർന്നു, തീരമേഖലയിൽ ജനവാസമേഖലകൾ വെള്ളത്തിൽ. ആലംകോട് ഗുരുനാഗപ്പൻകാവ് മേലാറ്റിങ്ങൽ റോഡിനുസമീപം വിജയദാസിന്റെ വീട് തകർന്നു.
ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വിജയദാസും ഭാര്യ രമ്യയും മകൾ പ്ലസ് വൺ വിദ്യാർഥിനി ആവണിയും വീട്ടിൽ ഉണ്ടായിരുന്നു.
ശബ്ദം കേട്ട് ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം വീട് നിലം പതിച്ചു. വിജയദാസിന് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. ഓട്ടോ തൊഴിലാളിയാണ്.
അഞ്ചുതെങ്ങ് ആറാം വാർഡിൽ ഓടുതയിൽവീട്ടിൽ അനിൽകുമാറിന്റെ വീട് തകർന്നു. മണ്ണും ചെങ്കല്ലും കൊണ്ട് നിർമിച്ച വീട് ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്നു. ചോർന്നൊലിക്കുന്നതിനാൽ ടാർപോളിൻ കൊണ്ട് മൂടിയാണ് താമസിച്ചിരുന്നത്.
അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ പഞ്ചായത്തുകളിലെ കായലോര മേഖലയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. നിരവധി വീടുകൾ വെള്ളം കയറി അപകടാവസ്ഥയിലുണ്ട്.
കയർ പിരിക്കുന്ന സ്ഥലങ്ങൾ പൂർണമായും വെള്ളത്തിനടിയിലായതോടെ ജോലി പൂർണമായി നിർത്തിെവച്ചു. പൂർണമായും വെള്ളത്തിനടിയിലായ കൃഷിയിടങ്ങളിലെ വെള്ളമിറങ്ങിയാലേ കൃഷിനാശം സംബന്ധിച്ച് വ്യക്തത വരൂ.
പടിഞ്ഞാറെക്കോട്ടയിലെ കോട്ടമതിൽ തകർന്നു
തിരുവനന്തപുരം: ബുധനാഴ്ചത്തെ കനത്തമഴയിൽ പടിഞ്ഞാറെകോട്ടയിലെ കോട്ടമതിലിന്റെ ഒരു ഭാഗം തകർന്നുവീണു. ബുധനാഴ്ച രാത്രിയാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ കോട്ടയുടെ വലതു ഭാഗത്തെ മതിലിന്റെ വലിയൊരുഭാഗം ഇടിഞ്ഞത്. സമീപവാസിയായ സ്ത്രീ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇടിഞ്ഞുവീണ ഭാഗത്തിന് ചുറ്റും സമീപത്തെ വ്യാപാരികൾ കയർ കെട്ടി തിരിച്ചിട്ടുണ്ട്.
1787ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡ വർമ്മയാണ് ചരിത്ര സ്മാരകമായ പടിഞ്ഞാറെകോട്ട നിർമിച്ചത്. കോട്ട നിലവിൽ പുരാവസ്തു വകുപ്പിനു കീഴിലാണ്. തിരുവനന്തപുരത്തെ ചരിത്ര മതിലുകൾ പുരാവസ്തു വകുപ്പ് കൃത്യമായി സംരക്ഷിക്കുന്നില്ലെന്നാണ് ആരോപണം. നിരവധി തവണ ഇതുസംബന്ധിച്ച് കത്ത് ബന്ധപ്പെട്ട വകുപ്പുമന്ത്രിക്കുൾപ്പെടെ നൽകിയെങ്കിലും പ്രയോജനവുമുണ്ടായില്ലെന്ന് ഫോർട്ട് വാർഡ് കൗൺസിലർ ജാനകിയമ്മാൾ പറയുന്നു. ഇതുപോലെ അട്ടക്കുളങ്ങര- ഈഞ്ചയ്ക്കൽ റോഡിലെ കോട്ടമതിൽ നവീകരിക്കാനായി എട്ടു മാസം മുമ്പ് പൊളിച്ചിട്ടതാണ്. പണി തുടങ്ങിയത് അടുത്തകാലത്തും. ഇത്രയും നാളത്തെ മഴയും വെയിലുമെല്ലാം കൊണ്ട് മതിലിന് കുറച്ചുകൂടി കേടുപാടുണ്ടായി എന്നതു മാത്രമാണ് മിച്ചം. നഗരത്തിലെ കോട്ടമതിലുകളിൽ പലതും ആലുമുളച്ചും വിണ്ടുകീറിയും നാശത്തിന്റെ വക്കിലാണ്. ചരിത്രസ്മാരകമായി സംരക്ഷിക്കേണ്ടവർ അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
എന്നാൽ, നഗരത്തിലെ കോട്ടമതിലുകൾ ഘട്ടം ഘട്ടമായി നവീകരിക്കുന്നതിനായി സമർപ്പിച്ച പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭരണാനുമതി ജൂൺ 24ന് ലഭിച്ചതായും കാലാവസ്ഥ പ്രതിസന്ധി കഴിഞ്ഞാലുടൻ പണി ആരംഭിക്കുമെന്നുമാണ് പുരാവസ്തു വകുപ്പ് അധികൃതർ പറയുന്നത്. പൊളിഞ്ഞുവീണ പടിഞ്ഞാറേ കോട്ടമതിലിന്റെ പ്ലാസ്റ്ററിങ്ങ് നടത്താൻ മഴ മാറണം. കുതിർന്നിരിക്കുന്ന മതിലിൽ സുർക്കി മിശ്രിതം ചേർക്കാൻ കഴിയില്ല. മഴ മാറിയാലുടൻ പ്ലാസ്റ്ററിങ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.