തീരത്ത് നാശം വിതച്ച് മഴയും കാറ്റും
text_fieldsഅമ്പലത്തറ: കനത്തമഴയിലും കാറ്റിലും ജില്ലയുടെ തീരത്ത് കനത്തനാശം. പൂന്തുറ മുന്നാറ്റുമുക്കിൽ തെങ്ങ് കടപുഴകി ട്രാൻസ്ഫോർമറിന് മുകളിൽ വീണു. ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞുവീണു. രാത്രിയായതിനാൽ വഴിയാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. നാട്ടുകാർ സംഭവം അറിയിച്ചതിനെതുടർന്ന് ഇലക്ട്രിസിറ്റി ജീവനക്കാരെത്തി ഉടൻതന്നെ ഇതുവഴിയുള്ള െെവദ്യുതി പൂർണമായും വിച്ഛേദിച്ചു. തുടർന്ന് തെങ്ങ് മുറിച്ച് മാറ്റിശേഷം ഒടിഞ്ഞ് വീണ പോസ്റ്റിന് പകരം പുതിയ പോസ്റ്റ് സ്ഥാപിച്ചാണ് െെവദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. വലിയതുറ ഭാഗത്ത് കടലിൽ നങ്കൂരമിട്ടിരുന്ന വള്ളങ്ങൾ കടൽക്ഷോഭത്തിൽ തകർന്നു. വലിയതുറ സ്വദേശി അരുളപ്പെൻറ മൂന്ന് വള്ളങ്ങളിൽ രണ്ടുവള്ളങ്ങൾ കടലിൽ താഴ്ന്നു. ഒരു വള്ളം നങ്കൂരം ഇളകി ചെറിയതുറ തീരത്തേക്ക് അടിച്ചുകയറി വള്ളത്തിെൻറ ഒരുഭാഗം പൂർണമായും തകർന്നു.
വിഴിഞ്ഞത്ത് കനത്ത നാശം
വിഴിഞ്ഞം: ശക്തമായ കാറ്റിൽ വിഴിഞ്ഞം തീരത്തോട് ചേർന്ന് കടലിൽ കെട്ടിയിട്ടിരുന്ന നിരവധി മത്സ്യബന്ധന വള്ളങ്ങൾ കരയിലേക്ക് ഇടിച്ചുകയറിയും കൂട്ടിയിടിച്ചും തകർന്നു. വള്ളങ്ങളും വലകളും എൻജിനുകളും മണ്ണിനിടയിലായി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഞായറാഴ്ച അർധരാത്രിയോടെ മഴക്കൊപ്പം ആഞ്ഞടിച്ച കാറ്റാണ് നാശം വിതച്ചത്. ആന്ധ്ര, ഒഡിഷ തീരങ്ങളിൽ നാശം വിതച്ച് കടന്നുപോയ ചുഴലിക്കാറ്റ് ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദമായി മാറിയതിനെ തുടർന്ന് കേരളതീരത്ത് മത്സ്യബന്ധനത്തിന് അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ മത്സ്യത്തൊഴിലാളികൾ തുറമുഖത്ത് സുരക്ഷിത സ്ഥാനങ്ങളിൽ നങ്കൂരമിട്ട വള്ളങ്ങളാണ് തകർന്നത്. വള്ളക്കടവ് സ്വദേശികളായ ലോറൻസ്, സൈമൺ, അരുളപ്പൻ, വിഴിഞ്ഞം സ്വദേശികളായ ഡേവിഡ്സൺ, റോമൻ, മൈക്കിൾ, വിൽസൺ എന്നിവരുടെ വള്ളങ്ങൾ പൂർണമായി തകർന്നു. നാശനഷ്ടം തിട്ടപ്പെടുത്തിവരുന്നതായി അധികൃതർ പറഞ്ഞു.
ആശങ്കയോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ
ശംഖുംമുഖം: ശക്തമായ കാറ്റിലും കോളിലും തീരങ്ങള്‍ വീണ്ടും കടലെടുത്തു. സ്വാഭാവികമായി മണ്‍സൂണ്‍ കാലത്ത് ഇളകിമറിയുന്ന കടല്‍ തീരങ്ങളിലേക്ക് അടിച്ചുകയറുകയും തീരങ്ങളില്‍ നിന്ന് മണ്ണ് എടുത്ത് തെക്കോട്ട് ഒഴുകുകയും ചെയ്യാറുണ്ട്. പിന്നീട് മണ്‍സൂണ്‍ കഴിയുന്നതോടെ വടക്കോട്ട് വീണ്ടും തിരികെെയത്തുന്ന കടല്‍, തീരത്ത് കവർന്ന മണ്ണ് വീണ്ടും തീരത്ത് തന്നെ കൊണ്ടിടുന്ന സ്വാഭാവിക പ്രക്രിയയാണ് കടലിെൻറയും തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെയും ജീവിതത്തെ നൂറ്റാണ്ടുകളായി നിലനിർത്തിയിരുന്നത്.
എന്നാല്‍ വിഴിഞ്ഞം തുറമുഖത്തിെൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുതലാണ് തീരങ്ങൾ തന്നെ ഇല്ലാതെ മാറുന്ന അവസ്ഥ സംജാതമായത്. ഇതിനുപുറമേ തീരങ്ങൾ തിരികെ കിട്ടിയപ്പോൾതന്നെ, കടൽസംരക്ഷണ ഭിത്തി നിർമാണവും ശംഖുംമുഖത്തെ തകർന്ന റോഡിെൻറ നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടുവെങ്കിലും അധികൃതർ ഇത് മുഖവിലക്ക് എടുത്തില്ല. ഇതിന് പകരം നൽകേണ്ടി വന്നത് ശംഖുംമുഖത്തെ റോഡ് നിർമാണത്തിനായി കുഴിെച്ചടുത്ത മണ്ണ് വീണ്ടും കടൽകൊണ്ടുപോയതാണ്. ഇനി കടൽ ഉൾവലിഞ്ഞാൽ മാത്രേമ നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കഴിയൂ. വീണ്ടും തീരം നഷ്ടമായതിനൊപ്പം കടലിൽ നങ്കൂരമിട്ടിരുന്ന വള്ളങ്ങൾ കഴിഞ്ഞദിവസം ശക്തമായ കാറ്റിലും തിരമാലകളിലുംപെട്ട് തകർന്നത് മത്സ്യത്തൊഴിലാളികളെ കൂടുതൽ ദുരിതത്തിലാക്കിയിട്ടുണ്ട്.
മരം വീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു
പോത്തൻകോട്: കനത്ത കാറ്റിലും മഴയിലും പ്ലാവ് ഒടിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റ് ചാഞ്ഞു. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെ ഇടത്താട്- കല്ലുവിള റോഡിലാണ് സംഭവം.
കനത്ത കാറ്റിൽ പ്ലാവ് ഒടിഞ്ഞുവീഴുകയും സമീപത്തെ രാജുവിെൻറ വീടിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു ചായുകയും ചെയ്തു. വീടിന് മുകളിലേക്ക് വീഴാത്തത് കാരണം വൻഅപകടമാണ് ഒഴിവായത്. പോത്തൻകോടുനിന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
കുറ്റിച്ചൽ എൽ.പി സ്കൂൾ പുരയിടത്തിൽമരങ്ങൾ കടപുഴകി
കാട്ടാക്കട: കുറ്റിച്ചൽ എൽ.പി സ്കൂൾ പുരയിടത്തിൽനിന്ന മരം കനത്ത മഴയിൽ കടപുഴകി റോഡിൽ പതിച്ചു. സ്കൂൾ പുരയിടത്തിലെ മതിൽ തകർത്താണ് മരം റോഡിലേക്ക് പതിച്ചത്.തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. കള്ളിക്കാട് അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചുനീക്കി. കാട്ടാക്കട പുനലാൽ ചാക്കി പാറ റോഡിലും മരം കടപുഴകി വീണു. ഇവിടെ കാട്ടാക്കട അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
മഴയിൽ നാശം
വിഴിഞ്ഞം: കഴിഞ്ഞദിവസം രാത്രിയിൽ കനത്ത മഴ ഒരു കുടുംബത്തിെൻറ ഉറക്കം കെടുത്തി. കരയടിവിളാകം സ്വദേശി വിജയനും കുടുംബവുമാണ് മഴയിൽ ദുരിതത്തിലായത്.തൊട്ടടുത്ത പുരയിടത്തിലെ കുന്നിടിഞ്ഞുള്ള ചെളിയും വെള്ളവും വീട്ടിലേക്ക് കുത്തിയൊലിച്ചെത്തുകയായിരുന്നു. മുറ്റത്തെ കിണറും ചെളി കൊണ്ട് മൂടി. വിജയനും ഭാര്യയും മക്കളും വൃദ്ധമാതാവുമടങ്ങുന്ന കുടുംബം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.വീടും പരിസരവും ചെളി മുങ്ങിയതോടെ ഇവർ അയൽവീട്ടിൽ അഭയം തേടി.കൂലിപ്പണിക്കാരനായ ഇയാളുടെ പണി പൂർത്തിയാകാത്ത വീട് ഇനി വാസയോഗ്യമാക്കാൻ ഒരുപാട് പ്രയത്നം വേണ്ടിവരും. മുട്ടയ്ക്കാട് പ്ലാവുവിളവീട്ടിൽ അജയെൻറ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.