രണ്ടാം ദിനവും തലസ്ഥാനം മുങ്ങി
text_fieldsതിരുവനന്തപുരം: നിർത്താതെ മണിക്കൂറുകൾ നീണ്ട വേനൽമഴ രണ്ടാംദിനത്തിലും നഗരത്തെ വെള്ളത്തിൽ മുക്കി. പലയിടത്തും വീടിന് പുറത്തിറങ്ങാൻപോലും കഴിയാത്ത ദുരവസ്ഥ. മരം ഒടിഞ്ഞുവീണും കുഴിയും റോഡും തിരിച്ചറിയാനാവാത്ത അവസ്ഥയിലും നഗരം ഗതാഗതക്കുരുക്കിൽ അമർന്നത് നാട്ടുകാരെ അക്ഷരാർഥത്തിൽ വലച്ചു. ഞായറാഴ്ച രാത്രി തുടങ്ങിയ മഴക്ക് തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് നേരിയ ശമനമായത്. അതിതീവ്ര മഴയാണ് ലഭിച്ചതെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ വിലയിരുത്തൽ.
പത്തിലധികം സ്ഥലങ്ങളിൽ മരം ഒടിഞ്ഞും കടപുഴകിയും വീണു. നിരവധി വീടുകൾക്കും മതിലുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഗ്രാമീണ മേഖലകളിൽ വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണക്കാട്, കരിമഠം കോളനി, ചാക്ക ബൈപാസ്, കല്ലുംമൂട്, കമലേശ്വരം, പരുത്തിക്കുഴി, ശ്രീവരാഹം, അരയല്ലൂർ, ഈഞ്ചയ്ക്കൽ, മുട്ടത്തറ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി.
കഴക്കൂട്ടത്ത് ഇൻഫോസിസിന് പിറകുവശത്തുള്ള വീടുകളിൽ വെള്ളം കയറി. രണ്ടാംദിവസവും തെറ്റിയാൽതോട് കരകവിഞ്ഞു. പൗണ്ട്കടവ് വാർഡ്, ടെക്നോപാർക്കിലെ സർവീസ് റോഡ്, നാൽപതടിപ്പാലം, കോരാളംകുഴി, പുളിമുട്ടം, നെടുമൺ, കുളത്തൂർ, ആറ്റിൻകുഴി, കഴക്കൂട്ടം മേൽപാലം, പൊലീസ് സ്റ്റേഷൻ റോഡ്, അമ്മൻ കോവിൽ റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. ആക്കുളം നിഷിന് പുറകിൽ 12 വീടുകളിൽ വെള്ളം കയറി. നാലുവീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.
അമ്പലത്തറ വാർഡിൽ കല്ലടിമുഖം നിലമ പരവരൻകുന്ന് പ്രദേശം വെള്ളക്കെട്ടിലായി. കല്ലടി മുഖത്തു നിന്നു പരവൻ കുന്നിലേക്കുള്ള ഓട കവിഞ്ഞൊഴുകി. കമലേശ്വരം ഭാഗത്ത് വെള്ളക്കെട്ട് പരിഹരിച്ച് വെള്ളം ഒഴുക്കി സൗകര്യം ചെയ്യുന്നത് പരവൻ കുന്നിലേക്കാണ്. ഈ ഓട ചെളിനിറഞ്ഞ് കിടക്കുന്നതും മഴയിൽ വെള്ളക്കെട്ടുയരാൻ കാരണമായി.
നിരവധി ഇടങ്ങളിൽ മരം ഒടിഞ്ഞ് വീണു. ഗൗരീശപട്ടം, വഴുതക്കാട്, മേട്ടുക്കട, പാങ്ങോട് സൈനിക ആശുപത്രി തുടങ്ങിയ ഇടങ്ങളിൽ മരങ്ങൾ കടപുഴകി. കണ്ണമ്മൂല തേക്കുമൂട് മതിൽ ഇടിഞ്ഞു. സെക്രട്ടേറിയറ്റ് അങ്കണത്തിലെ കവുങ്ങ് കടപുഴകി. വിവിധയിടങ്ങളിൽ മരംവീട് പത്തിലേറെ വാഹനങ്ങൾക്ക് കേടുപറ്റി.
അട്ടക്കുളങ്ങരയിൽ ഇറിഗേഷൻ വകുപ്പിന്റെ ഓട കോർപറേഷൻ നേതൃത്വത്തിൽ വൃത്തിയാക്കി. തുടർപ്രവർത്തനങ്ങൾ നടത്താൻ മേയർ നിർദ്ദേശം നൽകി. ബാർട്ടൻ ഹില്ലിൽ തകർന്ന മതിലിന്റെ അവശിഷ്ടങ്ങൾ നീക്കി, പുനർനിർമിക്കാനും മേയർ നിർദേശിച്ചു.
അഗ്നിരക്ഷാസേന ആസ്ഥാനത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരം കോർപറേഷനും കൃഷിവകുപ്പും ജില്ലാ ആസ്ഥാന അഗ്നിരക്ഷാ നിലയവും കൺട്രോൾ റൂമുകൾ തുറന്നു.
മനുഷ്യാവകാശ കമിഷൻ കേസെടുത്തു
തലസ്ഥാന നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമാണം അനന്തമായി നീളുന്നതിനാൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെട്ടതിനെകുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമിഷൻ.
കമിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
കേസ് ജൂണിൽ പരിഗണിക്കും. നഗരത്തിലെ 80 റോഡുകളാണ് സ്മാർട്ടാക്കുന്നത്. കഴിഞ്ഞ ദിവസം മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞു.
28 റോഡുകളുടെ നവീകരണം ഇനി പൂർത്തിയാക്കാനുണ്ട്. കൃത്യമായ ആസൂത്രണമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണം.
പ്രവർത്തനങ്ങൾ വിലയിരുത്തി
മഴയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വെള്ളക്കെട്ട് പരിഹരിക്കാനും മരങ്ങൾ മുറിച്ചുമാറ്റാനും നിർദ്ദേശം നൽകി. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് നഗരസഭ ഏറ്റെടുത്ത പ്രവർത്തികളുടെ നിലവിലെ സ്ഥിതി അവലോകനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ തലത്തിൽ 25,000 രൂപ അനുവദിക്കാനും എക്സിക്യുട്ടീവ് എഞ്ചിനീയർ, ക്ലീൻ സിറ്റി മാനേജർ എന്നിവരുടെ നേതൃത്വത്തിൽ ഫ്ളെഡ് സ്ക്വാഡ് രൂപീകരിക്കാനും നിർദ്ദേശം നൽകി.
വെള്ളക്കെട്ട്; സ്ഥിതിഗതികൾ നിയന്ത്രണവിധേയം -മേയർ
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും, ഏത് അടിയന്തിര സാഹചര്യവും നേരിടാൻ കോർപറേഷൻ സജ്ജമാണെന്നും മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. അതിതീവ്ര മഴയെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർവകക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
കൗൺസിലർമാർ അതത് വാർഡുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കൺട്രോൾ റൂമിലും അറിയിച്ച് പ്രശ്ന പരിഹാരം കാണാനുള്ള നിർദ്ദേശം നൽകി. മേയറോടൊപ്പം ഡെപ്യൂട്ടി മേയർ പി.കെ. രാജു, ഹെൽത്ത് ഓഫീസർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പ്രവർത്തനങ്ങൾ ഏകോപിക്കുന്നുവെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.