മഴക്കെടുതി: മൂന്ന് ദിവസത്തിനിടെ ഒന്നേമുക്കാല്‍ കോടിയുടെ കൃഷിനാശം
text_fieldsതിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ കൃഷിനാശം. േമയ് 22 മുതല്‍ 24 വരെയുള്ള കണക്കാണിത്. 66.89 ഹെക്ടര്‍ കൃഷിഭൂമിയില്‍ മഴ നാശംവിതച്ചു. 720 കര്‍ഷകര്‍ക്കാണ് മഴ മൂലം നഷ്ടമുണ്ടായത്. ഇതോടെ േമയ് മാസത്തിലെ മാത്രം കൃഷിനാശം 13 കോടി പിന്നിട്ടു.
ഏപ്രില്‍ 30 മുതല്‍ േമയ് 21 വരെ 11.33 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയത്. ശക്തമായ മഴയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര, തിരുവനന്തപുരം താലൂക്കുകളിലായി ആരംഭിച്ച മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 13 കുടുംബങ്ങള്‍ കഴിയുന്നു. പൊഴിയൂര്‍ യു.പി സ്കൂളിലെ ക്യാമ്പില്‍ നാല് കുടുംബങ്ങളും (ആകെ നാലുപേര്‍) കോട്ടുകാല്‍ സെന്റ് ജോസഫ് സ്കൂളിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളും (ആകെ 14 പേര്) കഴിയുന്നു.
തിരുവനന്തപുരം താലൂക്കിലെ വലിയതുറയില്‍ ആരംഭിച്ച ക്യാമ്പില്‍ നാല് കുടുംബങ്ങള്‍ (ആകെ 11 പേര്) കഴിയുന്നുണ്ട്. ശക്തമായ മഴയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ ജില്ലയില്‍ 41 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
മഴ തുടരുന്നു; നാശനഷ്ടങ്ങളും
കൊച്ചുവേളിയില്‍ മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിൽ വീണു
വലിയതുറ: കൊച്ചുവേളിക്കുസമീപം മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലൂടെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് മരം കടപുഴകി വീണത്. നിരവധി വൈദ്യുതി കമ്പികള്‍ക്ക് കേടുപാട് സംഭവിച്ചു. സംഭവം നടന്നയുടന്‍ നാട്ടുകാര്‍ ചാക്ക ഫയര്‍ഫോഴ്സില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ആര്.ഒ രാജേഷ് ജി.വിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
വെള്ളക്കെട്ട് നീക്കിയും മണ്ണ് മാറ്റിയും കോർപറേഷൻ
തിരുവനന്തപുരം: മഴയത്ത് കോർപറേഷൻ പരിധിയിൽ വെള്ളം കയറിയ പുന്നയ്ക്കാമുഗള്‍ കെ.കെ റോഡിലെ വെള്ളക്കെട്ട് പരിഹരിച്ച് കോർപറേഷൻ ജീവനക്കാർ.
കമലേശ്വരം ത്രിമൂര്‍ത്തി, വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ്, ചാല റോഡുകളില്‍ മറ്റിടങ്ങളിൽ ജോലി പുരോഗമിക്കുന്നു. ജഗതി കുളപ്പുരയിലെ ഒരുവീട്ടില്‍ വെള്ളം കയറിയുണ്ടായ വെള്ളക്കെട്ടിനും പരിഹാരമായി. ചാല ബസാര്‍ റോഡില്‍ മതിലിടിഞ്ഞുവീണുണ്ടായ മാർഗതടസ്സം മണ്ണ് നീക്കം ചെയ്ത് പരിഹരിച്ചു. നഗരസഭ കണ്ട്രോള് റൂമില്‍ ലഭിച്ച രണ്ട് പരാതികളും പരിഹരിച്ചു.
മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് 545 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായും മഴയുമായി ബന്ധപ്പെട്ട് തുടര്‍ന്നും അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ നേരിടാന്‍ കോർപറേഷൻ പൂർണസജ്ജമാണെന്നും മേയർ പറഞ്ഞു.
കല്ലമ്പലം മേഖലയിൽ മഴയിൽ വീടുകൾ തകർന്നു
വീടുകളിൽ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
കല്ലമ്പലം: ശക്തമായ മഴയിൽ നാവായിക്കുളത്തും ചെമ്മരുതിയിലും വീടുകൾ തകർന്നു. തുടർച്ചയായി പെയ്ത മഴയിലാണ് വീടുകൾക്ക് ബലക്ഷയം ഉണ്ടായി തകർന്നത്. നാവായിക്കുളം പാറക്കെട്ടിൽ വീട്ടിൽ ലതികകുമാരിയുടെ വീടിന്റെ ഒരുഭാഗം പൂർണമായും തകർന്നു.
ചെമ്മരുതി വില്ലേജിൽ മുത്താന മൂലവിളവീട്ടിൽ നളിനിയുടെയും പാളയംകുന്ന് കോവൂർ എസ്.കെ ഭവനിൽ റോജയുടെയും വീടുകൾ തകർന്നു. ലതികയുടെ വീട് ഷീറ്റ് മേഞ്ഞതും മറ്റ് രണ്ട് വീടുകൾ ഓടിട്ടതുമായിരുന്നു. കാലപ്പഴക്കം ചെന്ന മൂന്ന് വീടുകളിലും അടുത്തെങ്ങും അറ്റകുറ്റപ്പണികൾ ചെയ്തിരുന്നില്ല.
നിർധനകുടുംബങ്ങളുടെ വീടുകളാണ് തകർന്നത്. വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉള്ളിൽ ആൾക്കാർ ഉണ്ടായിരുന്നപ്പോഴാണ് മൂന്ന് വീടുകളും തകർന്നത്.
എന്നാൽ ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുസാധനങ്ങൾ വ്യാപകമായി നശിച്ചു. ഇവർ ബന്ധു വീടുകളിലും മറ്റും അഭയം തേടി. നാട്ടുകാർ അറിയിച്ചതനുസരിച്ച് വില്ലേജ് ഓഫിസർമാർ, തദ്ദേശ ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
ബൈപാസ് നിർമാണമേഖലയിൽ ആശങ്ക ഉയർത്തി വെള്ളക്കെട്ട്
ആറ്റിങ്ങൽ: ബൈപാസ് നിർമാണമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ആശങ്കയായി വെള്ളക്കെട്ട്. രണ്ടുദിവസമായി പെയ്യുന്ന വേനൽമഴയിൽത്തന്നെ വെള്ളക്കെട്ട് രൂക്ഷമായത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിക്കുന്നു. വാമനപുരം നദിയോട് ചേർന്ന് ബൈപാസ് നിർമാണം നടന്നുവരുന്ന താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
നാഷനൽ ഹൈവേ 66ൽ മാമം ഭാഗത്തുനിന്ന് ആരംഭിച്ച് മണമ്പൂർ പഞ്ചായത്തിലെ ആഴാംകോണത്ത് അവസാനിക്കുന്ന ബൈപാസിനായി ഏറ്റെടുത്ത ഭൂമിയിൽ 70 ശതമാനത്തിലേറെയും വയലേലയാണ്. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി തോടുകളും നീർച്ചാലുകളുമൊക്കെ മണ്ണിട്ട് നികത്തിയിരുന്നു.
ഭൂരിഭാഗം ഏലായുടെയും മധ്യേ റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ റോഡിന് കുറുകെ ജലം ഒഴുകിപ്പോകാനാവശ്യമായ ഓടകൾ നിർമിക്കാത്തതും തിരിച്ചടിയായി. കഴിഞ്ഞവർഷം പെയ്ത ശക്തമായ മഴയിൽ വാമനപുരം നദി കരകവിഞ്ഞ് കിഴുവിലംപഞ്ചായത്തിലും മറ്റ് മേഖലകളിലും പല വീടുകളിലും വെള്ളം കയറിയിരുന്നു.
രണ്ടുദിവസമായി പെയ്യുന്ന വേനൽമഴയിൽ ബൈപാസിനോട് ചേർന്ന് വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ സമീപത്ത് താമസിക്കുന്നവർ കടുത്ത ആശങ്കയിലാണ്. ആറ്റിങ്ങൽമേഖലയിൽ പല താഴ്ന്നപ്രദേശങ്ങളിലും വെള്ളം കയറിയെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.