റമദാനിലെ അവസാന വെള്ളി; വിശ്വാസികളാൽ നിറഞ്ഞ് പള്ളികൾ
text_fieldsതിരുവനന്തപുരം: ആത്മവിശുദ്ധിയുടെ മാസത്തിന് പള്ളി മിംബറുകളിൽനിന്ന് ഇമാമുമാർ വികാരനിർഭരമായി വിടചൊല്ലി. വ്രതമാസത്തിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിനെത്തിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയാണ് റമദാന് ഔപചാരിക വിട ചൊല്ലിയത്. രാപ്പകൽ പ്രാർഥനയിലൂടെ സംസ്കരിച്ചെടുത്ത മനവുമായി വരുംകാലത്തിന്റെ വെല്ലുവിളികൾ നേരിടാന്‍ സന്നദ്ധരാകണമെന്ന് ഇമാമുമാര്‍ വിശ്വാസികളെ ഉണർത്തി.
വ്രതാനുഷ്ഠാനത്തിന്റെ നാളുകളിൽനിന്ന് ഈദുൽ ഫിത്റിന്റെ ആഘോഷത്തിലേക്കുള്ള മാറ്റം സൂക്ഷ്മതയോടെ വേണമെന്ന് ഉദ്ബോധിപ്പിച്ചു. റമദാന്റെ അവസാനത്തില്‍ നല്‍കേണ്ട ഫിത്ർ സകാത്തിന്റെ പ്രസക്തിയും അതു നൽകുന്നതിനുള്ള സമയപരിധിയും വിശദീകരിച്ചു.
പൊതുഅവധി ദിവസം ആയിട്ടുകൂടി പല പള്ളികളിലും വിശ്വാസികളുടെ ബാഹുല്യം അകത്തളങ്ങളും കവിഞ്ഞ് പുറത്തേക്ക് കാണാനായി. പാളയം ജുമാമസ്ജിദ്, മണക്കാട് വലിയപള്ളി, പൂന്തുറ പുത്തൻപള്ളി, സെൻട്രൽ ജുമാമസ്ജിദ്, ചാല ജുമാമസ്ജിദ്, അട്ടക്കുളങ്ങര ജുമാമസ്ജിദ്, തമ്പാനൂർ ജുമാമസ്ജിദ്, കരമന ജുമാമസ്ജിദ്, വഴുതക്കാട് ജുമാമസ്ജിദ്, സ്റ്റാച്യൂ ടി.സി.സി, കേശവദാസപുരം, ശാസ്തമംഗലം, മെഡിക്കൽ കോളജ് മസ്ജിദുകളിലെല്ലാം വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
കൊടുംചൂടിലും വിശ്വാസ തീക്ഷ്ണതയോടെ അവർ ജുമുഅ നമസ്കാരത്തിൽ പങ്കാളികളായി. വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മചൈതന്യം കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് വിശ്വാസികള്‍ മടങ്ങിയത്.
നോമ്പിലൂടെ സ്വംശീകരിച്ച ചൈതന്യം സമൂഹത്തിന്റെ ഒരുമക്കും ഐക്യത്തിനും പ്രയോജനപ്പെടുത്തണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ഖുത്തുബ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
പക്വതയും കാഴ്ചപ്പാടും പൗരന്മാരോട് സഹാനുഭൂതിയും കാട്ടുന്ന ഭരണനേതൃത്വങ്ങൾ രാജ്യത്തുണ്ടാകണം. കലാപങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും ഭീതിയിലാണ് ലോകം. ശാശ്വതമായ സ്നേഹവും സമാധാനവും പുലരാൻ പ്രാർഥനകൾ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.