റേഷൻ തട്ടിപ്പിന് ഒത്താശചെയ്ത് റേഷൻകടതല വിജിലൻസ് സമിതി; അന്വേഷണം ആരംഭിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം ശക്തമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമായി സർക്കാർ രൂപവത്കരിച്ച റേഷൻകടതല വിജിലൻസ് സമിതികൾ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തൽ.
വിജിലൻസ് സമിതികളുടെ വഴിവിട്ട പ്രവർത്തനങ്ങളിലൂടെ റേഷൻ വ്യാപാരികളിൽ ചിലർ പാവങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ കൊള്ളയടിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് വിജിലൻസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. 21.5 ക്വിൻറൽ ഭക്ഷ്യധാന്യങ്ങളുടെ തിരിമറിയുമായി ബന്ധപ്പെട്ട കൊല്ലം കുന്നത്തൂരിൽ സി.പി.ഐ സംഘടന നേതാവിന്റെ റേഷൻ കട സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് വിജിലൻസ് സമിതിയുടെ വഴിവിട്ട പ്രവർത്തനങ്ങൾ സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷനും സിവിൽ സപ്ലൈസ് വിജിലൻസിനും ബോധ്യപ്പെട്ടത്.
കഴിഞ്ഞ 11നാണ് കാർഡുടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ കമീഷന്റെ നേതൃത്വത്തിൽ കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാര്‍ ലൈസന്‍സിയായ 21ാംനമ്പർ കട ഭക്ഷ്യകമീഷൻ പരിശോധിച്ച് 16.5 ക്വിന്റലിന്റെ അരിയുടെ കുറവ് കണ്ടെത്തിയത്. ക്രമക്കേടിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫിസറോട് കട സസ്പെൻഡ് ചെയ്യാനും നിർദേശം നൽകി. 13ന് ടി.എസ്.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ അരിയുടെ കുറവ് 21.5 കിന്റലായി.
കൂടാതെ 62 കിലോ ഗോതമ്പും 32 കിലോ പഞ്ചസാരയും 90 പാക്കറ്റും ആട്ടയുടെ കുറവും കടയിലുള്ളതായി കണ്ടെത്തി. എന്നാൽ, ഭക്ഷ്യ കമീഷന്റെയും ടി.എസ്.ഒയുടെയും റിപ്പോർട്ടുകളെ തള്ളി വ്യാപാരിയെ ന്യായീകരിക്കുന്ന രീതിയിലാണ് പ്രദേശത്തെ വിജിലൻസ് സമിതിയിലെ ഒരുവിഭാഗം ഭക്ഷ്യവകുപ്പിലേക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്. കടയിൽ വിതരണയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ അവ നീക്കംചെയ്യണമെന്ന് ഫെബ്രുവരിയിൽ കടയുടമയോട് ആവശ്യപ്പെട്ടിരുന്നു. മാർച്ച് 10, 11 തീയതികളിലായി കേടായ ഭക്ഷ്യധാന്യങ്ങൾ കാർഡുടമകളുടെ സഹായത്തോടെ കടയുടമ പുറത്തേക്ക് മാറ്റിയെന്നും ഇതിന് തങ്ങൾ സാക്ഷികളാണെന്നുമാണ് വാർഡംഗവും നാല് കമ്മിറ്റി അംഗങ്ങളും ചേർന്ന് സർക്കാറിന് നൽകിയ കത്തിൽ പറയുന്നു.
എന്നാൽ, ഈ നടപടി ചട്ടവിരുദ്ധമാണെന്ന് ഭക്ഷ്യ കമീഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. റേഷൻ കട പരിശോധിക്കാനോ ഭക്ഷ്യധാന്യങ്ങൾ പുറത്തേക്ക് മാറ്റുന്നതിനോ അധികാരം വിജിലൻസ് സമിതികൾക്കില്ല. കടയുടെ പ്രവർത്തനം വിലയിരുത്താമെന്നല്ലാതെ തീരുമാനങ്ങളെടുക്കാൻ സമിതിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.