മേയേഴ്സ് കപ്പിന് ചുവപ്പ് കാർഡ്
text_fieldsതിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് മൂന്നു വർഷം മുമ്പ് പുനരാരംഭിച്ച മേയേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന് വീണ്ടും ചുവപ്പ് കാർഡ്. ടൂർണമെന്റ് സംഘടിപ്പിക്കാൻ തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിക്കുള്ള താൽപര്യക്കുറവാണ് മേയേഴ്സ് കപ്പിനെ കളത്തിന് പുറത്താക്കിയത്. ഇതോടെ ടൂർണമെന്റിനായി ബജറ്റിൽ വകയിരുത്തിയ അഞ്ചുലക്ഷം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങും.
വി. ശിവൻകുട്ടി മേയറായിരിക്കെ 1997ലാണ് മേയേഴ്സ് കപ്പ് ആരംഭിച്ചത്. 20 ലക്ഷത്തിന്റെ സ്വർണക്കപ്പും ലക്ഷം രൂപയുമായിരുന്നു സമ്മാനം. ആദ്യ ടൂർണമെന്റിൽ എസ്.ബി.ടിയായിരുന്നു ജേതാക്കൾ എന്നാൽ, തുടർന്ന് വന്ന ഭരണസമിതി ടൂർണമെന്റ് നടത്താൻ താൽപര്യം കാണിക്കാതായതോടെ തലസ്ഥാനത്ത് മൺമറഞ്ഞ ഫുട്ബാൾ ടൂർണമെന്റുകളുടെ പട്ടികയിൽ മേയേഴ്സ് കപ്പും ഇടംപിടിച്ചു.
എന്നാൽ, വി.കെ. പ്രശാന്ത് മേയറും വി. ശിവൻകുട്ടി തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തും എത്തിയതോടെ 22 വർഷത്തിനു ശേഷം ടൂർണമെന്റ് വീണ്ടും ഇരുവരും ചേർന്ന് പൊടിതട്ടിയെടുക്കുകയായിരുന്നു. 2019 നവംബറിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യൻ നേവി, ധൻബാദ് ഫുട്ബാൾ അക്കാദമി, ഝാർഖണ്ഡ്, ചെന്നൈ സിറ്റി എഫ്.സി, സിഗ്നൽസ് ഗോവ, ഗോകുലം കേരള, കേരള സ്റ്റേറ്റ് ഇലവൻ, എസ്.ബി.ഐ കേരള, കേരള പൊലീസ്, ടൈറ്റാനിയം, കെ.എസ്.ഇ.ബി, കോവളം എഫ്.സി, ഏജീസ് കേരള, തിരുവനന്തപുരം കോർപറേഷൻ ഇലവൻ എന്നിവർ പങ്കെടുത്തു.
രണ്ടാം തവണയും കപ്പ് എസ്.ബി.ഐക്കായിരുന്നു. 22 വർഷത്തിനു ശേഷം തലസ്ഥാനത്ത് നടന്ന ഫുട്ബാൾ മാമാങ്കത്തിൽ തലസ്ഥാനത്ത് നടന്ന ഫുട്ബാൾ മാമാങ്കത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറി ഹൃദയത്തിലേറ്റുകയായിരുന്നു.
വരും വർഷങ്ങളിലും മുടക്കമില്ലാതെ ടൂർണമെന്റ് കൊണ്ടുപോകുമെന്ന് അന്നത്തെ മേയറായിരുന്ന കെ. ശ്രീകുമാർ അറിയിച്ചെങ്കിലും കോവിഡിനെ തുടർന്ന് മുടങ്ങി. ഇതിനു ശേഷം ഗാലറികളും കളിക്കളങ്ങളും ഉണർന്നെങ്കിലും മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലെ പുതിയ ഭരണസമിതി മേയേഴ്സ് കപ്പിനെ പാടെ അവഗണിക്കുകയായിരുന്നു.
വി.കെ. പ്രശാന്ത് മേയറായിരുന്ന കാലത്ത് 15 ലക്ഷമാണ് ബജറ്റിൽ വകയിരുത്തിരുന്നതെങ്കിൽ 2021-22 ബജറ്റിൽ മേയേഴ്സ് കപ്പിനായി ബജറ്റിൽ ഫണ്ട് അനുവദിച്ചില്ല. ഇത്തവണയാകട്ടെ 1628.89 കോടി വരവും 1356.27 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ കേവലം അഞ്ചു ലക്ഷമാണ് അനുവദിച്ചതും.
പുറത്ത് നിന്നടക്കം ടീമുകൾ എത്തുന്ന സാഹചര്യത്തിൽ ഫണ്ട് ഉയർത്തണമെന്ന് ജില്ല ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ അടക്കം ഭരണസമിതിയോട് ആവശ്യപ്പെട്ടെങ്കിലും കളി നടക്കുമ്പോൾ നോക്കാമെന്ന മറുപടിയാണ് അധികാരികളിൽനിന്നുണ്ടായതെന്ന് അസോസിയേഷൻ വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജി.വി. രാജയുടെ പേരിൽ ഇനി പന്തുരുളുമോ?
തലസ്ഥാനത്തിന്റെ അഭിമാന ഫുട്ബാൾ ടൂർണമെന്റുകളിലൊന്നായ ഓൾ ഇന്ത്യ ജി.വി. രാജ ഫുട്ബാൾ ടൂർണമെന്റ് മൈതാനത്തേക്ക് എത്തിയിട്ട് അഞ്ചുവർഷം കഴിഞ്ഞു. തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ 2017 നവംബറിലായിരുന്നു അവസാനമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ടൂർണമെന്റ് സംഘടിപ്പിച്ചത്.
നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ എസ്.ബി.ഐയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-2) വീഴ്ത്തി ഇന്ത്യൻ നേവി കപ്പടിക്കുകയായിരുന്നു. എന്നാൽ, നിലവിലെ മന്ത്രിയായ വി. ശിവൻകുട്ടി ജില്ല അസോസിയേഷന്റെ സ്ഥാനം ഒഴിഞ്ഞതോടെ ടൂർണമെന്റിനും പൂട്ടുവീണു. ഭരണസമിതിയിലെ തർക്കങ്ങളും കോടതി നടപടികളും കേരള ഫുട്ബാൾ അസോസിയേഷന്റെയും കായികവകുപ്പിന്റെയും താൽപര്യക്കുറവും ടൂർണമെന്റിനും ഫുട്ബാൾ താരങ്ങൾക്കും തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.