ഭിന്നശേഷിക്കാരിക്കും മകൾക്കും പൊള്ളലേറ്റ സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുകൾ
text_fieldsകഴക്കൂട്ടം: ഭിന്നശേഷിക്കാരിയായ യുവതിക്കും മകൾക്കും പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ആറ് വർഷം മുമ്പാണ് ശ്യാമയുടെയും വിനീതിന്റെയും വിവാഹം നടന്നത്. വിനീതിനും ഭർതൃമാതാവിനും നേരെയാണ് യുവതിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്. ഇരുവരും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ശ്യാമയെ പീഡിപ്പിക്കാറുണ്ടെന്നും പണം ചോദിച്ച് ഉപദ്രവിക്കാറുണ്ടെന്നും ശ്യാമയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വരുംദിവസങ്ങളിൽ മുഖ്യമന്ത്രിക്കുൾപ്പടെ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പീഡനം സഹിക്കവയ്യാതെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പത്തനംതിട്ട ആറൻമുള ഇടയാറന്മുള നോർത്ത് കോഴിപ്പാലത്ത് ശ്രീവൃന്ദത്തിൽ വിനീതിന്റെ ഭാര്യ ശ്യാമ (27), മകൾ മൂന്നു വയസ്സുള്ള ആദിശ്രീ എന്നിവരെയാണ് കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടത്.
കഴിഞ്ഞ ആറിന് പുലർച്ചെയാണ് സംഭവം നടന്നത്. ബധിരയും മൂകയുമായ ശ്യാമയും മകൾ ആദിശ്രീയും ഒരുമിച്ച് ഒരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. ശ്യാമയുടെ ഭർത്താവ് വിനീത് മറ്റൊരു മുറിയിലാണ് കിടന്നത്. അയൽവാസികളാണ് രാത്രിയിൽ തീ ആളിക്കത്തുന്നത് കണ്ടത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ തീ അണച്ചശേഷം ശ്യാമയെയും കുഞ്ഞിനെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ കുഞ്ഞ് മരിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ ശ്യാമയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.
പത്തനംതിട്ട ഡിവൈ.എസ്.പി സജീവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം ശ്രീകാര്യം പൗഡികോണത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.