പാളയം മാർക്കറ്റ് നവീകരണം; കട മാറാൻ സമയം ആവശ്യപ്പെട്ട് വ്യാപാരികൾ
text_fieldsതിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം പാളയം മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് കടകൾ ഒഴിപ്പിക്കുന്നതിനെതിരെ വ്യാപാരികൾ രംഗത്ത്. മൂന്ന് ദിവസത്തെ നോട്ടീസ് നൽകി കടകൾ ഒഴിയാൻ പറഞ്ഞത് അപ്രായോഗികമെന്നാണ് വ്യാപാരികൾ പറയുന്നത്. കടകൾ താൽക്കാലിക കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിന് ആവശ്യമായ സമയം ലഭിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. നവീകരണ ഭാഗമായി വ്യാപാരികൾക്ക് നിലവിലെ മാർക്കറ്റിന് സമീപത്തായി താൽക്കാലിക സൗകര്യം ഒരുക്കിയതിലും പരാതികളുണ്ട്.
ചെറിയ സൗകര്യമുള്ള കടമുറികളാണ് അനുവദിച്ചിരിക്കുന്നത്. അതിൽ വെള്ളവും വെളിച്ചവും ഇല്ലെന്നാണ് പരാതി. കടകൾ മാറുന്നതിന് ആവശ്യമായ മുന്നൊരുക്കം പുതിയ കടമുറികളിൽ നടത്തുന്നതിന് വേണ്ടുന്ന സമയം ലഭിക്കണം. തങ്ങൾക്ക് സമയം നീട്ടിത്തരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.
എന്നാൽ, ഇത്തരത്തിൽ ചുരുങ്ങിയ സമയം മാത്രം നൽകികൊണ്ട് കടകൾ മാറ്റി സ്ഥാപിക്കാൻ നോട്ടീസ് നൽകിയ വിവരം നഗരസഭ നേതൃത്വം അറിഞ്ഞിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നഗരസഭ നടത്തുന്ന വികസന പദ്ധതികൾക്ക് പൂർണ പിൻതുണ നൽകാനാണ് സംഘടനയുടെ തീരുമാനം. അതുകൊണ്ടാണ് സൗകര്യം തീരെ കുറഞ്ഞ മുറികളിലേക്കാണെങ്കിലും പ്രതിഷേധിക്കാതെ മാറാൻ സമ്മതിച്ചത്. എന്നാൽ, നിലവിലെ ഉത്തരവ് തീർത്തും അപ്രായോഗികണെന്നും അടിയന്തരമായി തിരുത്തി ആവശ്യമായ സമയമനുവദിച്ച് വേണം പുനരുധിവാസം നടപ്പാക്കേണ്ടതെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്റ് എ.കെ. എം. അസീം മുഈനി നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജില്ല വർക്കിങ് പ്രസിഡന്റ് പാളയം പത്മകുമാർ, പാളയം യൂനിറ്റ് പ്രസിഡന്റ് കെ. വിദ്യാധരൻ, യൂനിറ്റ് സെക്രട്ടറി എം. കബീർ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.