കല്ലെറിയുന്നവരോട് ആദരവ് മാത്രം -ടി. പത്മനാഭന്
text_fieldsതിരുവനന്തപുരം: നിങ്ങളെറിയുന്ന ഓരോ കല്ലുകൊണ്ടും ഞാന്‍ കഥാഗോപുരത്തിന്‍റെ അടിത്തറ ബലപ്പെടുത്തുകയാണെന്ന് തിരിച്ചറിയണമെന്ന് പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍. എന്നെക്കുറിച്ച് നല്ലതുമാത്രം പറഞ്ഞവരും ചീത്തപറഞ്ഞവരുമുണ്ട്. ഞാനെഴുതുന്ന കഥ, ലേഖനം എന്നിവ സര്‍ക്കാര്‍ നിരോധിക്കേണ്ടതാണെന്നും അവ എന്‍ഡോസള്‍ഫാനെക്കാള്‍ വിഷമയമാണെന്നും ചിലര്‍ അച്ചടി-സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒ.എൻ.വി കള്‍ചറല്‍ അക്കാദമിയുടെ ഒ.എന്‍.വി പുരസ്‌കാരം മന്ത്രി സജി ചെറിയാനില്‍നിന്ന് സ്വീകരിച്ചശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എഴുതാന്‍ തുടങ്ങിയതുമുതല്‍ പേരും പെരുമയും ധാരാളം ലഭിച്ചു. 70 കൊല്ലം പിന്നിടുമ്പോള്‍ 200 കഥകളാണ് മൊത്തം എഴുതിയത്. കഥക്ക് നല്ല പ്രതിഫലം കിട്ടുന്ന ആളായിട്ടും അത് എഴുതാന്‍ പ്രചോദനമായില്ല. എഴുതിയേ കഴിയൂവെന്ന് വരുമ്പോള്‍ മാത്രമാണ് എഴുതാറുള്ളത്. മനസ്സിനെ ഗാഢമായി സ്പര്‍ശിക്കുന്ന, ത്രസിപ്പിക്കുന്ന കഥാതന്തു വഴിമുടക്കി നില്‍ക്കുമ്പോള്‍, മുന്നോട്ടു പോകാനുള്ള അവസ്ഥ വരുമ്പോഴാണ് എഴുതുന്നത്.
വായനക്കാരനെക്കുറിച്ച് ഓര്‍മിക്കാറില്ല. ചിലത് മനസ്സില്‍ സൂക്ഷിച്ചുവെക്കും. പിന്നീട് എന്നെങ്കിലും പുറത്തുവരും. അവ ലോകോത്തരങ്ങളാണെന്ന് അവകാശപ്പെടുന്നില്ല -ടി.പത്മനാഭന്‍ പറഞ്ഞു.
മനുഷ്യമനസ്സുകള്‍ക്കിടയില്‍ അകലങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച കവിയാണ് ഒ.എന്‍.വിയെന്ന് ജന്മദിനാഘോഷവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ടി. പത്മനാഭന് മൂന്നുലക്ഷം രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. അരുണ്‍കുമാര്‍ അന്നൂര്‍, അമൃത ദിനേശ് എന്നിവര്‍ക്ക് ഒ.എന്‍.വി യുവസാഹിത്യ പുരസ്‌കാരങ്ങളും അദ്ദേഹം നല്‍കി.
അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ഡോ.എം.എം. ബഷീര്‍ ഒ.എന്‍.വി അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭാവര്‍മ, ജി. രാജ്‌മോഹന്‍, കരമന ഹരി, എം.ബി. സനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.