ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പായി തോമസ് ജെ. നെറ്റോ അഭിഷിക്തനായി
text_fieldsതിരുവനന്തപുരം: വിശ്വാസികളെ സാക്ഷിനിർത്തി പ്രാർഥനാനിർഭരമായ ചടങ്ങിൽ ലത്തീൻ തിരുവനന്തപുരം അതിരൂപതയുടെ ആർച്ച് ബിഷപ്പായി തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കിയ പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേകവും ആർച്ച് ബിഷപ് സ്ഥാനാരോഹണവും നടന്നത്. ആദ്യമായാണ് രണ്ട് ചടങ്ങുകളും ഒരുമിച്ച് നടന്നത്. ലത്തീൻ അതിരൂപത അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ഡോ.എം. സൂസപാക്യം മുഖ്യ അഭിഷേകകനും മുഖ്യകാർമികനുമായിരുന്നു.
32 വർഷത്തെ സേവനത്തിനുശേഷം സൂസപാക്യം ആർച്ച് ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടർന്നാണ് ആ സ്ഥാനത്തേക്ക് 58കാരനായ തോമസ് ജെ. നെറ്റോ എത്തിയത്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറേല്ലി ചടങ്ങിൽ വചനസന്ദേശം നൽകി. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തി. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസന്റ് സാമുവൽ എന്നിവർ മുഖ്യ സഹകാർമികരായിരുന്നു. വൈകുന്നേരം നാലേമുക്കാലോടെ ആരംഭിച്ച സ്ഥാനാരോഹണ ചടങ്ങുകൾ നാല് മണിക്കൂറോളം നീണ്ടു.
റോമിൽനിന്നുള്ള പ്രഖ്യാപനം വായിച്ചാണ് സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചത്. രൂപത ചാൻസലർ മോർ സി. ജോസഫ് പ്രഖ്യാപനം വായിച്ചു. തുടർന്ന് സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത ചോദിച്ചുള്ള സന്നദ്ധത ആരായൽ ചടങ്ങ് നടന്നു. മുഖ്യകാർമികനായ സൂസപാക്യം സന്നദ്ധത ആരായൽ നടത്തി. തുടർന്ന് തോമസ് നെറ്റോ സന്നദ്ധത അറിയിക്കുകയും ചെയ്തു. തുടർന്ന് കൈവെപ്പ് കർമം നടന്നു. പ്രധാന മെത്രാനും മറ്റ് മെത്രാന്മാരും നിയുക്ത മെത്രാന്റെ ശിരസ്സിൽ കൈവക്കുന്ന ചടങ്ങായിരുന്നു ഇത്. പിന്നാലെ സുവിശേഷ ഗ്രന്ഥം നിയുക്ത മെത്രാന്റെ ശിരസ്സിൽവെച്ച് പ്രതിഷ്ഠാപന പ്രാർഥന, തൈലാഭിഷേകം തുടങ്ങിയ ചടങ്ങുകളും നടന്നു.
അതിന് ശേഷമാണ് സ്ഥാനാരോഹണ ചടങ്ങിലെ നിർണായകമായ അധികാര ചിഹ്നങ്ങൾ അണിയിക്കൽ നടന്നത്. സ്ഥാനചിഹ്നങ്ങളായ അംശവടി, അംശമുടി (തൊപ്പി), മോതിരം എന്നിവയാണ് അണിയിച്ചത്. അതിനുശേഷം ഭദ്രപീഠാധ്യാസന ചടങ്ങ് നടന്നു. തുടർന്ന് എല്ലാ മെത്രാന്മാരും പുതിയ ആർച്ച് ബിഷപ്പിന് സമാധാന ചുംബനം നൽകി. സമൂഹ ദിവ്യബലിക്കൊപ്പമായിരുന്നു അഭിഷേക ചടങ്ങുകൾ. സാമൂഹിക, രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖർ സ്ഥാനരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി എത്തിയിരുന്നു.
ഡോ.എം. സൂസപാക്യം വിരമിച്ച സാഹചര്യത്തിലാണ് ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ.നെറ്റോയെ ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് നിയമിച്ചത്. പുതിയതുറ സെന്റ് നിക്കോളാസ് ഇടവകാംഗമായ ഡോ. തോമസ് നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപത ശുശ്രൂഷകളുടെ കോഓഡിനേറ്റർ സ്ഥാനത്തുനിന്നാണ് അതിരൂപതയുടെ പുതിയ ഇടയനായി ചുമതലയേറ്റത്.
മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചു; ദൈവിക വിസ്മയത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന ഇടയൻ...
തിരുവനന്തപുരം: സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച് ദൈവിക വിസ്മയത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന ഡോ. തോമസ് ജെ. നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ ഇടയന്റെ ചുമതലയിൽ. വാക്കിലും നോട്ടത്തിലും പ്രവൃത്തിയിലും ശാന്തത സൂക്ഷിക്കുന്ന ഡോ. തോമസ് ജെ. നെറ്റോ ആർച്ച് ബിഷപ്പായി ചുമതലയേൽക്കുമ്പോഴും പ്രകടമായത് ശാന്തത തന്നെ. സ്ഥാനാരോഹണ ചടങ്ങിൽ സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞ വാക്കുകളിൽ നിന്നുതന്നെ എല്ലാം വ്യക്തം. 'ഒരു ചിരിയൊക്കെയാകാം' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതാണ് ലത്തീൻ വിഭാഗത്തിന്റെ പുതിയ ഇടയൻ. 32 വർഷം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ആർച്ച്ബിഷപ് എം. സൂസപാക്യത്തിന്റെ പിൻഗാമിയായി എത്തിയ ഈ 58 കാരന് മുന്നിൽ കടലിന്റെ മക്കളുൾപ്പെട്ട വലിയ വിഭാഗത്തെ നയിക്കാനുള്ള ദൗത്യമാണ് ലഭിച്ചിട്ടുള്ളത്.
അപ്രതീക്ഷിതമായായിരുന്നു തോമസ് നെറ്റോ ആർച്ച് ബിഷപ്പായത്. ദിവസങ്ങൾക്ക് മുമ്പ് പാളയം കത്തീഡ്രലിലെ പ്രഖ്യാപന ചടങ്ങിൽ തന്റെ സ്ഥാനലബ്ധിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'ദൈവം എപ്പോഴും വിസ്മയങ്ങളുടെ ദൈവമാണ്. തന്നെ തെരഞ്ഞെടുത്തപ്പോഴും സ്വാഭാവികമായും വിസ്മയം തോന്നാം. നാം പ്രതീക്ഷിക്കാത്ത വഴികളും രീതികളുമാണല്ലോ ദൈവത്തിന്റേത്' ആ വാക്കുകൾ അദ്ദേഹം ആവർത്തിക്കുകയാണ്. ഈസ്റ്റർ നോമ്പിന്റെ പുണ്യദിനത്തിൽ വലിയൊരു ജനവിഭാഗത്തെ നയിക്കാനുള്ള ചുമതലയാണ് തോമസ് ജെ. നെറ്റോയെ തേടിയെത്തിയത്.
കൊച്ച് എടത്വ എന്നറിയപ്പെടുന്ന തീർഥാടന കേന്ദ്രമായ പുതിയതുറയിലെ പി.എം.ഹൗസിൽ ജെസയ്യൻ നെറ്റോയുടെയും ഇസബെല്ല നെറ്റോയുടെയും മകനായി 1964 ഡിസംബർ 29ന് ജനിച്ചു. സെന്റ് നിക്കോളാസ് എൽ.പി.എസ്, ലൂർദ്പുരം സെൻറ് ഹെലൻസ് സ്കൂൾ, കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് പ്രീഡിഗ്രിയും പാളയം സെന്റ് വിൻസെന്റ് സെമിനാരിയിൽ നിന്ന് ബിരുദവും നേടി. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1989 ഡിസംബർ 19ന് വൈദികപട്ടം സ്വീകരിച്ചു.
സഹ വികാരിയായി പ്രവർത്തിക്കെ സാമൂഹികശാസ്ത്രത്തിൽ ലയോള കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. റോമിലെ ഉർബനിയാന യൂനിവേഴ്സിറ്റിയിൽ നിന്ന് നാലുവർഷത്തെ ഗവേഷണ പഠനം പൂർത്തിയാക്കി 1999 ൽ തിരിച്ചെത്തി പേട്ട സെന്റ് ആൻസ് ഇടവക വികാരിയായി. അതിരൂപതയിൽ ബി.സി.സി ജനറൽ സെക്രട്ടറി, സെന്റ് വിൻസെന്റ് സെമിനാരി റെക്ടർ, രൂപത കൺസൽട്ടർ, ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയൻ ഡയറക്ടർ, അതിരൂപത ശുശ്രൂഷകളുടെ എപ്പിസ്കോപ്പൽ വികാരി, കോഓഡിനേറ്റർ എന്നീ പദവികൾ വഹിച്ചു. മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയായിരിക്കെ ഏതാനും മാസം മുമ്പാണ് രൂപത സിനഡിന്റെ ചുമതലയിലേക്ക് മാറ്റപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.