ട്രാക്കിൽ മഴമേളം; റവന്യു ജില്ല സ്കൂൾ കായികമേളയുടെ ആദ്യദിന മത്സരങ്ങൾ കൂട്ടത്തോടെ മാറ്റിവെച്ചു
text_fieldsതിരുവനന്തപുരം: പുതിയ ഉയരവും വേഗവും കണ്ടെത്താൻ ഇറങ്ങിയ കായികതാരങ്ങൾക്ക് മുന്നിൽ മഴമേഘങ്ങൾ ആർത്തലച്ച് പെയ്തതോടെ റവന്യു ജില്ല സ്കൂൾ കായികമേളയുടെ ആദ്യദിനം വെള്ളത്തിൽ മുങ്ങി.
തുള്ളിക്കൊരുകുടംപോലെ പെയ്ത മഴയിൽ രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട മത്സരങ്ങൾ ഉച്ചക്ക് 12.30നാണ് കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ ട്രാക്കിലെത്തിക്കാനായത്. മഴ ശമിക്കാത്തതിനെ തുടർന്ന് ഇന്നലെ നടക്കേണ്ട ഡിസ്കസ് ത്രോ, ഹാമർ ത്രോ, ഷോട്ട് പുട്ട്, 3000 മീറ്റർ ഓട്ടം, റിലേ മത്സരങ്ങൾ ഇന്നത്തേക്ക് മാറ്റി. ഇന്ന് നടക്കേണ്ട ക്രോസ് കൺട്രി മത്സരവും മാറ്റിവെച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച മഴ, പുലർച്ചെ ശക്തിപ്രാപിച്ചു. മത്സരങ്ങൾക്കായി പാറശാലയിൽ നിന്നടക്കം അതിരാവിലെ കാര്യവട്ടത്ത് കുട്ടികളുമായി എത്തിയ രക്ഷിതാക്കളും അധ്യാപകരും മഴയിൽ വലഞ്ഞു. 10.38 ഓടെ ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഒരുഘട്ടത്തിൽ ആദ്യദിനം മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയുണ്ടായി. കുട്ടികൾക്കായി ലക്ഷങ്ങൾ ചെലവഴിച്ച് തയാറാക്കിയ ഭക്ഷണമടക്കം ഉപയോഗശൂന്യമാകുമെന്ന് കണ്ടതോടെ മഴക്ക് താൽകാലിക ശമനമുണ്ടായ ഘട്ടത്തിൽ മത്സരങ്ങൾ ആരംഭിക്കാമെന്ന നിർദേശം വന്നു.
ഇതോടെയാണ് ഉച്ചക്ക് 12.30ക്ക് ശേഷം മത്സരം ആരംഭിച്ചത്. എന്നാൽ രണ്ടുമണിയോടെ മഴമൂലം ത്രോ ഇനങ്ങൾ മാറ്റിവെക്കുന്നതായി സംഘാടകർ അറിയിച്ചു. ഇതോടെ ഒരുവിഭാഗം രക്ഷിതാക്കളും കുട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. അതിരാവിലെ മുതൽ മത്സരങ്ങൾക്കായി കാത്തിരിക്കുന്ന കുട്ടികളോട് നീതികേടാണ് കാണിക്കുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
എന്നാൽ, മഴയിൽ ത്രോ ഇനങ്ങൾ നടത്താൻ കഴിയില്ലെന്നും ശനിയാഴ്ച രാവിലെ ഈ മത്സരങ്ങൾ പൂർത്തിയാക്കുമെന്നും സംഘാടകർ ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം തണുത്തത്. 3000 മീറ്റർ ഓട്ടവും റിലേയും ഇന്നത്തേക്ക് മാറ്റി. മീറ്റ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നനഞ്ഞോടി കൗമാരം
ഉച്ചക്ക് ശേഷം 1500 മീറ്റർ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഓട്ടത്തോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. പെരുമഴയിലും ആവേശം ചോരാതെയുള്ള മത്സരത്തിനാണ് കാര്യവട്ടം സാക്ഷ്യംവഹിച്ചത്. എന്നാൽ, സ്പോർട്സ് സ്കൂളുകളായ ജി.വി.രാജ, അയ്യൻകാളി മെമ്മോറിയൽ, സായി എന്നിവരുടെ വെല്ലുവിളിക്കൊപ്പം പ്രതികൂല കാലാവസ്ഥകൂടിയായതോടെ സർക്കാർ സ്കൂളുകളിലെ കായികതാരങ്ങൾക്ക് ട്രാക്കിൽ അടിതെറ്റി. ഇന്നലെ നടന്ന ഫൈനലുകളിൽ ഭൂരിഭാഗം മെഡലുകളും ജി.വി രാജ സ്വന്തമാക്കി. 100 മീറ്റർ ഓട്ടത്തിൽ ജി.വി.രാജയുടെ അപ്രമാദിത്തമായിരുന്നു.
സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ജി.വി.രാജയുടെ രഹ്ന രഘു ജില്ലയുടെ വേഗറാണിപ്പട്ടം സ്വന്തമാക്കി. 12.72 സെക്കന്റിലാണ് രഹ്ന സ്വർണം നേടിയത്. 100 മീറ്റർ സീനിയർ ആൺകുട്ടികളിൽ ജി.വി.രാജയുടെ ഫെമിക്സ് റിജേഷ് വേഗരാജാവായി. 11.03 സെക്കന്റിലാണ് ഫെമിക്സ് ഫിനിഷിങ് ലൈൻ തൊട്ടത്. ജൂനിയർ വിഭാഗം 100 മീറ്റർ പെൺകുട്ടികളിൽ സായിയുടെ അനന്യ സുരേഷും ആൺകുട്ടികളിൽ അയ്യങ്കാളി മെമ്മോറിയൽ സ്കൂളിലെ രോഹിത് രാജിനുമാണ് സ്വർണം. സബ് ജൂനിയർ വിഭാഗത്തിൽ ജി.വി.രാജയുടെ സായൂജും പെൺകുട്ടികളിൽ അനുഗ്രഹ പി.ജെ.യും സ്വർണം നേടി. ആദ്യദിനം ഏഴ് പോയന്റുമായി വർക്കല ഉപജില്ലയാണ് മുന്നിൽ. മൂന്ന് പോയന്റുമായി നെടുമങ്ങാട് രണ്ടാമതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.