റവന്യൂ ജില്ല സ്കൂൾ കായികമേള: മേള സെറ്റാണ്, വൈബാണ്
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തിന്റെ കായികകിരീടം വിട്ടുകൊടുക്കാനില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ജില്ല റവന്യൂ കായികമേളയുടെ രണ്ടാം ദിനത്തിൽ നെയ്യാറ്റിൻകരയുടെ കുതിപ്പ്. ട്രാക്കിലും ഫീൽഡിലും വ്യക്തമായ ആധിപത്യത്തോടെ ഏഴ് സ്വർണം 13 വെള്ളി 10 വെങ്കലവുമടക്കം 100 പോയന്റുമായാണ് നിലവിലെ ചാമ്പ്യന്മാർ കിരീടം അരക്കെട്ടുറപ്പിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞദിവസം രണ്ടാമത് ഉണ്ടായിരുന്ന തിരുവനന്തപുരം നോർത്തിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് നിലവിലെ റണ്ണേഴ്സ്അപ്പായ നെടുമങ്ങാട് ഉപജില്ല രണ്ടാംസ്ഥാനത്തേക്ക് കയറി. മൂന്ന് സ്വർണവും ഏഴ് വെള്ളിയും അത്രതന്നെ വെങ്കലവും കൈയിലുള്ള നെടുമങ്ങാടിന് 53 പോയന്റാണ് ഉള്ളത്. 50 പോയന്റുമായി തിരുവനന്തപുരം നോർത്ത് തൊട്ടുപിന്നിലുണ്ട്. ഓവറോള് ചാമ്പ്യന്പട്ടത്തിനായി ജി.വി. രാജയടക്കമുള്ള സ്പോര്ട്സ് സ്കൂളുകളുടെ പോയന്റ് ഇത്തവണയും പരിഗണിക്കുന്നില്ല.
മികച്ച കായിക സ്കൂളിനുള്ള ചാമ്പ്യൻപട്ടത്തിനായി ശക്തമായ മത്സരമാണുള്ളത്. മൂന്ന് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമടക്കം 37 പോയന്റുമായി എം.വി.എച്ച്.എസ്.എസ് അരുമാനൂരാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുമായി നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസും 16 പോയന്റുമായി കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കായികമേളയിൽ ആറുപേർ ഇരട്ട സ്വർണം കരസ്ഥമാക്കി.
ജൂനിയർ വിഭാഗം 400 മീറ്റർ, 600 മീറ്റർ ഓട്ടത്തിൽ ജി.വി. രാജയുടെ വൈഗ, ജൂനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിലും ലോങ് ജംപിലും ജി.വി. രാജയുടെ ഫെമിക്സ് റിജേഷ്, ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട് പുട്ടിലും ഡിസ്കസ് ത്രോയിലും ജി.വി. രാജയുടെ അശ്വിൻ ജോർജ്, ജൂനിയർവിഭാഗം പെൺകുട്ടികളുടെ ട്രിപ്ൾ ജംപിലും ജാവലിൻ ത്രോയിലും സാന്ദ്ര, ജൂനിയർ വിഭാഗം 1500, 800 മീറ്റർ ഓട്ടത്തിൽ ജി.വി. രാജയുടെ ഡീനു അലക്സ്, സബ് ജൂനിയർ ആൺകുട്ടികളുടെ 400, 600 മീറ്റർ ഓട്ടത്തിൽ ആർ. ജയകൃഷ്ണൻ എന്നിവരാണ് ഇരട്ട സ്വർണം നേടിയത്. ജൂനിയർ ഗേൾസ് 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ അലീന ഷിജു (ജി.വി. രാജ സ്പോർട്സ് സ്കൂൾ മൈലം)
ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്കുള്ള ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടക്കുന്നതിനാൽ തിങ്കളാഴ്ച ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങൾക്ക് മാത്രമാണ് മത്സരങ്ങൾ ഉണ്ടായിരുന്നത്. ഇനിയുള്ള മത്സരങ്ങൾ ഒക്ടോബർ 14നാണ്. സീനിയർവിഭാഗത്തിന്റെ അവശേഷിക്കുന്ന മത്സരങ്ങൾ സമാപനദിവസമായ 14ന് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ദുരിതപർവമായി ‘പോൾവാൾട്ട്’
തിരുവനന്തപുരം: ഇത്തവണ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവാൾട്ടിൽ മത്സരിക്കാൻ തിരുവനന്തപുരത്തുനിന്ന് ആളില്ല. ഹൈജംപിന് വെക്കുന്ന ഉയരംപോലും മറികടക്കാൻ മൂന്ന് അവസരങ്ങളിലും ജില്ലയുടെ വനിത താരങ്ങൾക്ക് കഴിയാതെ വന്നതോടെ മത്സരിച്ച രണ്ടുപേരെയും അയോഗ്യരായി പ്രഖ്യാപിച്ചു.
ജൂനിയർ ആൺകുട്ടികളുടെ മത്സരവും അതിദയനീയമായിരുന്നു. മത്സരിക്കാനിറങ്ങിയ ആറുപേരിൽ ഒരാൾക്ക് മാത്രമാണ് 2.30 മീറ്റർ ദൂരം ചാടിക്കടക്കാനായത്. 2.50 മീറ്റർവരെ ചാടിയ തിരുവനന്തപുരം ജി.വി രാജ സ്കൂളിലെ ഡോൺ ജോണി സ്വർണം നേടിയപ്പോൾ വെള്ളിക്കും വെങ്കലത്തിനും ആളില്ലാതായി. സർക്കാർ സ്കൂളിലെ ഗ്രൗണ്ടിൽ മുളയിലും ഇരുമ്പ് പോളിലും കുത്തിച്ചാടി പരിശീലിച്ച കുട്ടികൾക്ക് കാര്യവട്ടത്തെ സിന്തറ്റിക് ട്രാക്കിൽ ഓടിക്കയറാൻ പേടിയായിരുന്നു. പലരും ഇക്കാര്യം കായികാധ്യാപകരോട് പറയുകയും ചെയ്തു.
ഒരു ഘട്ടത്തിൽ മത്സരം നിയന്ത്രിക്കാനിരുന്ന ഒഫിഷ്യലുകൾക്കുതന്നെ പോൾ എങ്ങനെ പിടിച്ച് ജംപിങ് പിറ്റിലേക്ക് ചാടണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ട അവസ്ഥയെത്തി. ജൂനിയർ പെൺകുട്ടികൾക്ക് 1.80 മീറ്ററായിരുന്നു ഉയരം. പക്ഷേ, ക്രോസ്ബാറിന് അടിയിൽകൂടി ചാടാൻ മാത്രമേ പെൺകുട്ടികൾക്ക് കഴിഞ്ഞുള്ളൂ. ഫൈബർ പോളും ജംപിങ് പിറ്റ് പോലുള്ള സംവിധാനങ്ങളും കൃത്യമായ പരിശീലനത്തിന്റെ അഭാവവുമാണ് മത്സരത്തിലുടനീളം ദൃശ്യമായത്.
ഫുട്ബാളിനൊപ്പം ഓടിയ ജയകൃഷ്ണന് ഇരട്ട സ്വർണം
തിരുവനന്തപുരം: ഫുട്ബാൾ കളിക്കാൻ അച്ഛൻ ജയരാജിനൊപ്പം ഓടിത്തുടങ്ങിയ ജയകൃഷ്ണന് ജില്ല കായികോത്സവത്തിൽ ഇരട്ട സ്വർണം. സബ് ജൂനിയർ വിഭാഗം 400, 600 മീറ്റർ ഓട്ടം മത്സരത്തിലാണ് ജി.വി. രാജയുടെ ഈ ചുണക്കുട്ടി പൊന്നണിഞ്ഞത്. ജയകൃഷ്ണന്റെ ആദ്യ സ്കൂൾ മീറ്റ് മെഡലാണിത്. മുൻ കേരള സർവകലാശാല ഫുട്ബാൾ ടീം ക്യാപ്റ്റനും ആലപ്പുഴ സ്വദേശിയുമായ ജയരാജിന്റെയും രാധാമണിയുടെയും മകനാണ്. ആദ്യം ഫുട്ബാളായിരുന്നു ജയകൃഷ്ണന് പ്രിയമെങ്കിലും ഗ്രൗണ്ടിൽ പന്തിന് പിറകെ പായുന്ന ജയകൃഷ്ണന്റെ ഓട്ടം കണ്ട് ജയരാജിന്റെ സുഹൃത്തുകൾ താരത്തെ അത്ലറ്റിക്സിലേക്ക് തിരിച്ചുവിടുകയായിരുന്നു. അങ്ങനെയാണ് ജി.വി. രാജയിലേക്ക് എത്തുന്നത്. എന്തായാലും ട്രാക്കിലായാലും ഫുട്ബാൾ വിട്ടുകളയാൻ ഒരുക്കമല്ല. ജി.വി. രാജയുടെ ഫുട്ബാൾ ടീമിലും കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് ഈ കൊച്ചുമിടുക്കൻ.
ബോധം പോയിട്ടും സ്വർണം കൈവിടാതെ അശ്വനി
തിരുവനന്തപുരം: ജാവലിൻ ത്രോക്കിടെ കാലുമടങ്ങി ട്രാക്കിൽ വീണ് ബോധം നഷ്ടപ്പെട്ട കായികതാരം ആശുപത്രി കിടക്കയിൽനിന്ന് തിരിച്ചുവന്ന് എറിഞ്ഞിട്ടത് സ്വർണം. അരുമാനൂർ എം.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനി എസ്. അശ്വിനിയാണ് ഒരു സ്വർണവും രണ്ട് വെള്ളിയുമായി ജൂനിയർ വിഭാഗത്തിൽ മെഡൽ കൊയ്ത്ത് നടത്തിയത്. ഇന്നലെ രാവിലെ നടന്ന ജാവലിൻ ത്രോ മത്സരത്തിനിടെയാണ് അശ്വിനിക്ക് അപകടം സംഭവിക്കുന്നത്. മൂന്നാം റൗണ്ട് എറിയുന്നതിനിടെ നിലതെറ്റി ട്രാക്കിൽ വീഴുകയായിരുന്നു. ഇതോടെ ബോധം നഷ്ടപ്പെട്ടു. തുടർന്ന് സഹപാഠികളും അധ്യാപകരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, രണ്ടാം റൗണ്ടിൽ അശ്വിനി എറിഞ്ഞ 24.56 മീറ്റർ മറികടന്നത് ജി.വി രാജയുടെ സാന്ദ്ര മാത്രമായിരുന്നു (29.97 മീറ്റർ).
ജാവലിനിലെ വെള്ളി ഡിസ്കസ് ത്രോയിൽ സ്വർണമാക്കണമെന്ന ആഗ്രഹത്തോടെയാണ് രണ്ടുമണിക്കൂറിന് ശേഷം അശ്വിനി ആശുപത്രി വിട്ടത്. ആഗ്രഹം വെറുതെയായില്ല. 23.91 മീറ്റർ എറിഞ്ഞ് സ്വർണം. തൊട്ടുപിന്നാലെ ഹാമർ ത്രോയിലും രണ്ടാം സ്ഥാനം നേടി. ചെറുപ്രായത്തിൽ അശ്വനിയുടെ പിതാവ് മരിച്ചു. ആറാം ക്ലാസിൽ അശ്വിനിയുടെ മാതാവും ഉപേക്ഷിച്ചുപോയി. തുടർന്ന് വല്യമ്മയായ ശശികലയാണ് അശ്വനിയെ നോക്കുന്നത്. അശ്വനിയുടെ സഹോദരൻ അശ്വിൻ ഫുട്ബാൾ താരമാണ് സ്പോർട്സിലൂടെ പട്ടാളത്തിൽ ജോലിക്ക് കയറണമെന്നാണ് താരത്തിന്റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.