അരിവില നിയന്ത്രണം; നടപടികളോട് സഹകരിക്കാമെന്ന് കലക്ടര്‍ക്ക് വ്യാപാരികളുടെ ഉറപ്പ്
text_fieldsതിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ കലക്ടര്‍ ജെറോമിക് ജോര്‍ജ് മിന്നൽ പരിശോധന നടത്തി. മൊത്തവ്യാപാരക്കടകളിലെ ആന്ധ്ര ജയ അരിയുടെ മൊത്തവ്യാപാര ബില്ലും ബന്ധപ്പെട്ട രജിസ്റ്ററുകളും പരിശോധിച്ചതില്‍ ആന്ധ്ര ജയ, മട്ട അരികളുടെ മാത്രം വിലയിലാണ് വര്‍ധന കണ്ടെത്താനായത്.
തുടര്‍ന്ന് പ്രമുഖ മൊത്ത വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയില്‍ നിലവിലുള്ള വിലയില്‍ വർധനയുണ്ടാകാത്ത രീതിയില്‍ ഒരുമാസം വില്‍പന നടത്താമെന്നും അരിവില നിയന്ത്രിക്കുന്നതിനുള്ള നടപടകളിൽ സര്‍ക്കാറുമായി സഹകരിക്കാമെന്നും കലക്ടര്‍ക്ക് ഉറപ്പുനല്‍കി.
കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്താനായില്ലെന്ന് കലക്ടർ പറഞ്ഞു. വിലനിലവാര ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കല്‍, അളവുതൂക്ക സംബന്ധമായ വ്യത്യാസങ്ങള്‍, ഭക്ഷ്യസുരക്ഷ ലൈസന്‍സുകള്‍ യഥാവിധി സൂക്ഷിക്കാതിരിക്കുക എന്നീ ക്രമക്കേടുകള്‍ നടത്തിയ വ്യാപാരികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നോട്ടീസ് നല്‍കി.
അരി വില്‍പന നടത്തുന്ന എട്ടും പലവ്യഞ്ജനവും പച്ചക്കറിയും വില്‍ക്കുന്ന നാലുവീതവും സവാള, ഉള്ളി എന്നിവയുടെ ഓരോ മൊത്തവ്യാപാര കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. തിരുവനന്തപുരം താലൂക്കില്‍ അഞ്ചും നെയ്യാറ്റിന്‍കര താലൂക്കിലെ മൂന്നും ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്കുകളിലെ നാല് വീതവും വര്‍ക്കല, കാട്ടാക്കട താലൂക്കുകളിലെ രണ്ടുവീതവും മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയില്ല.
പരിശോധനയില്‍ ജില്ല സപ്ലൈ ഓഫിസര്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാര്‍, സിറ്റി റേഷനിങ് ഓഫിസര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു. താലൂക്കുതലത്തില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.