അമ്മത്തൊട്ടിലിൽ 600ാം അതിഥിയായി ‘ഋതു’
text_fieldsതിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ 600ാമത്തെ അതിഥിയെത്തി. ശനിയാഴ്ച രാവിലെ 11.40ന് ചാറ്റൽമഴയത്താണ് ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞ് അതിഥിയായെത്തിയത്.
മന്ത്രി വീണാ ജോർജ് കുഞ്ഞിന് ഋതു എന്ന് പേരിട്ടു. കഴിഞ്ഞദിവസം ശിശുക്ഷേമസമിതിയുടെ വേനലവധി ക്യാമ്പിലെത്തിയ മന്ത്രി ജന്മം കൊടുത്ത കുഞ്ഞുങ്ങളെ നശിപ്പിക്കാതെ സർക്കാറിന് കൈമാറണം എന്ന് അഭ്യർഥിച്ചിരുന്നു.
ഇതിനുപിന്നാലെ അമ്മത്തൊട്ടിലിൽ എത്തിയ അതിഥിയെക്കുറിച്ച് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി മന്ത്രിയെ ധരിപ്പിച്ചു. തുടർന്നാണ് കുഞ്ഞിന്റെ പേരിടൽ മന്ത്രിതന്നെ നിർവഹിച്ചത്. ആരോഗ്യപരിശോധനകൾക്കുശേഷം കുഞ്ഞ് ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണത്തിലാണ്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈമാസം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണിത്.
ഈ ആഴ്ച ലഭിക്കുന്ന രണ്ടാമേത്തതും. ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.