മഴയിൽ തിരുവനന്തപുരം നഗരത്തിലെ റോഡുകൾ വെള്ളക്കെട്ടായി
text_fieldsതിരുവനന്തപുരം: വെള്ളിയാഴ്ച പുലർച്ചമുതൽ പെയ്ത മഴയിൽ നഗരത്തിലെ റോഡുകൾ വെള്ളക്കെട്ടായി. മരങ്ങൾ ഒടിഞ്ഞുവീണ് പല സ്ഥലത്തും ഗതാഗത തടസ്സമുണ്ടായി. തമ്പാനൂർ, ചാക്ക, ഉള്ളൂർ, പാറ്റൂർ, മുട്ടത്തറ, മണക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി.
കുഞ്ചാലുംമൂട്, മാധവപുരം ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടന്നത് അഗ്നിരക്ഷാസേന എത്തിയാണ് തുറന്നുവിട്ടത്. വ്യാപകമായി മരങ്ങൾ കടപുഴകി.
ശ്രീവരാഹം, മുട്ടത്തറ, ആയുർവേദ കോളജിന് പിൻവശം, പട്ടം പ്ലാമൂട്, കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലെല്ലാം മരങ്ങൾ കടപുഴകി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഉച്ചകഴിഞ്ഞ് മഴയുടെ ശക്തി കുറഞ്ഞതോടെ റോഡിലെ വെള്ളക്കെട്ടുകൾ ഒഴിവായി.
മലയോര കടലോര വിനോദസഞ്ചാരത്തിന് നിരോധനം
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നതിനാലും വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയില്‍ ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, തീരദേശ മേഖലയിലേക്കുള്ള വിനോദ സഞ്ചാരവും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പേപ്പാറഡാമിന്റെ ഷട്ടറുകൾ വെള്ളിയാഴ്ച 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി. സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും കലക്ടറുടെ നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.