മൈലമൂട്ടിലെ പാറ ഖനനം: പ്രതിഷേധം ശക്തം; യന്ത്രസാമഗ്രികള്‍ തടഞ്ഞു
text_fieldsആര്യനാട്: കൊക്കോട്ടേല മൈലമൂട് റവന്യൂ ഭൂമിയിലെ പാറ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തം. പാറ ഖനനത്തിനെത്തിയ യന്ത്രസാമഗ്രികള്‍ ഉൾപ്പെടെ നാട്ടുകാർ തടഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി, ആര്.ഡി.ഒ എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചക്ക് തയാറായില്ല.
സമരത്തിന് ഐക്യദാർഢ്യവുമായി ജി. സ്റ്റീഫന്‍ എം.എല്‍.എ സമര പന്തലിലെത്തി. വിഴിഞ്ഞം പദ്ധതിക്ക് മൈലമൂട് പാറ മാത്രമേയുള്ളോയെന്നും ഇതൊഴിവാക്കി പദ്ധതിക്ക് ആവശ്യമായ മുഴുവൻ പാറയും അരുവിക്കര മണ്ഡലത്തിൽനിന്ന് നൽകാമെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലമായി മൈലമൂട് പാറഖനനം നടത്താൻ നിരവധിപേര്‍ ശ്രമം നടത്തിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞിരുന്നില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി ഭാഗമായി ഈ പാറയിൽ ഖനനം നടത്താൻ അദാനി ഗ്രൂപ് റവന്യൂ അധികൃതരിൽനിന്ന് നിരാപേക്ഷപത്രം നേടിയിരുന്നു. വീണ്ടും പാറഖനനം നടത്താൻ ശ്രമം നടത്തുന്നതിനിടയിൽ ആര്യനാട് കൊക്കോട്ടേല വാർഡുകളിലെ ജനങ്ങൾ പ്രതിഷേധവുമായി ആര്യനാട് വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് ഖനനത്തിന് വേണ്ടി സാമഗ്രികളുമായി സംഘം എത്തിയതറിഞ്ഞ് നാട്ടുകാരും വാർഡ് അംഗം ഇഞ്ചപുരി രാജേന്ദ്രൻ ഉൾപ്പെടെ രംഗത്തെത്തി പ്രതിഷേധിച്ചത്.
പാറ ഖനനം നടത്താൻ ആദാനി ഗ്രൂപ്പുകാർ സംഘടിപ്പിച്ച രേഖകളെല്ലാം ഉന്നത ഉദ്യോഗസ്ഥരെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചാണ്. റോഡുകളിൽനിന്നും ജനവാസ മേഖലയിൽനിന്നും 50 മീറ്റർ പോലും ദൂരപരിധിയില്ലാത്ത പാറ പൊട്ടിച്ചാൽ 60 കുടുംബങ്ങൾക്ക് നേരിട്ടും 150ഓളം കുടുംബങ്ങൾക്ക് പരോക്ഷമായും ദോഷം സംഭവിക്കും. പൊടിയുംപാറ പൊട്ടിക്കുമ്പോളുണ്ടാകുന്ന ആഘാതം കാരണം ജനങ്ങളുടെ ജീവനും വീടിനും സ്വത്തിനും ഭീഷണിയാണെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.