റിട്ട. സൂപ്രണ്ടിന്റെ കൊലപാതകം: ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ് മുൻ സൂപ്രണ്ടിനെ തലക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും എട്ടു ലക്ഷം രൂപ പിഴയും. കുടപ്പനക്കുന്ന് ദർശൻ നഗറിൽ ഐശ്വര്യ വീട്ടിൽ മോഹൻദാസിനെയാണ് (65) ഭാര്യ നിർമലയെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹൻ ശിക്ഷിച്ചത്. മക്കളായ കൃഷ്ണദാസ്, വിഷ്ണുദാസ് എന്നിവർക്ക് നഷ്ട്ടപരിഹാരമായി പണം നൽകാനും ജില്ല നിയമ സഹായ അതോറിറ്റിക്ക് നിർദേശം നൽകി.
2012 മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവം. മോഹൻദാസിന് മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തടികൊണ്ട് നിർമലയുടെ തലയിലും പുറകു വശത്തും കൈകളിലും മാരകമായി അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കേറ്റ അടിയാണ് മരണകാരണം.
സംഭവശേഷം പ്രതി എറണാകുളത്ത് പഠിക്കുന്ന മക്കളെ ഫോണിൽ വിളിച്ച് അമ്മയെ ഞാൻ അടിച്ച് കൊന്നു എന്ന് പറഞ്ഞു. തുടർന്ന് മക്കൾ കളമശേരി പൊലീസിൽ വിവരം അറിയിച്ചു. അവർ പേരൂർക്കട പൊലീസിന് വിവരം കൈമാറി. പൊലീസ് എത്തിയപ്പോൾ നിർമല മരിച്ചിരുന്നു. മക്കളടക്കം 24 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി, അഭിഭാഷകരായ ഷെഹനാസ്, അഭിജിത്ത് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.