നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ-പ്രതിപക്ഷ സംഘർഷം
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ നികുതി വെട്ടിപ്പ് ചര്‍ച്ച ചെയ്യുന്നതിനെചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷവും ബി.ജെ.പി കൗണ്‍സിലര്‍മാരും തമ്മില്‍ നടന്ന സംഘർഷത്തിനിടെ െഡപ്യൂട്ടി മേയറെ മര്‍ദിച്ചെന്നാരോപിച്ച് ബി.ജെ.പി അംഗം വി.ജി. ഗിരികുമാറിനെ മേയര്‍ സസ്പെന്‍ഡ് ചെയ്തു. പി.ടി.പി നഗര്‍ വാര്‍ഡ് കൗണ്‍സിലറായ ഗിരികുമാറിനെ ഒരുദിവസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ഭരണ- പ്രതിപക്ഷ ബഹളത്തിനിടയില്‍ നടപടികള്‍ വേഗം പൂര്‍ത്തിയാക്കി യോഗം അവസാനിച്ചതായി മേയര്‍ പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ഗിരികുമാറിെൻറ സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിൽ സമരമാരംഭിച്ചു.
രാത്രി വൈകിയും സമരം തുടരുകയാണ്. െഡപ്യൂട്ടി മേയർ പി.കെ. രാജുവിനെ മര്‍ദിച്ചെന്നാരോപിച്ച് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കോർപറേഷൻ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി പിരിഞ്ഞെങ്കിലും സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കോർപേറഷൻ ആസ്ഥാനത്ത് കനത്ത പൊലീസ് കാവൽ ഏര്‍പ്പെടുത്തി. ഗിരികുമാര്‍ മര്‍ദിച്ചതിനെതുടര്‍ന്ന് കൈവിരലുകള്‍ക്ക് പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടിയ പി.കെ. രാജു ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
ശുചീകരണ തൊഴിലാളികളുടെ ഒഴിവുകള്‍ ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നികത്തുന്നതു സംബന്ധിച്ചും പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി നിര്‍ത്തുന്നതിനായുള്ള ആക്ഷന്‍ പ്ലാനിനെക്കുറിച്ചുമുള്ള ഔദ്യോഗിക അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഔദ്യോഗിക കാര്യങ്ങളുടെ ചര്‍ച്ചയോടെ തുടങ്ങിയ കൗണ്‍സില്‍ യോഗത്തിെൻറ ആദ്യ മിനിറ്റുകള്മുതല് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഉരസല്‍ തുടങ്ങി. ഔദ്യോഗിക അജണ്ടകള്‍ പാസാക്കിയശേഷം സോണല്‍ ഓഫിസുകളിലെ നികുതി വെട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്ന ഉപക്ഷേപവുമായി ബി.ജെ.പി പാര്‍ലമെൻററി പാര്‍ട്ടി നേതാവ് എം.ആര്. ഗോപന് എഴുന്നേറ്റു. എന്നാല്‍, മേയര്‍ ആര്യ രാജേന്ദ്രന് എം.ആര്. ഗോപെൻറ ആവശ്യം തള്ളി. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര് രൂക്ഷമായി. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തിയ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളോടെ ഭരണപക്ഷ ബഞ്ചിനടുത്തായി നടുത്തളത്തിലിറങ്ങി. ഇതിനിടെ ബി.ജെ.പി അംഗങ്ങളായ ഗിരികുമാര്‍, പി.വി. മഞ്ജു എന്നിവരും ഇടതുമുന്നണി അംഗങ്ങളായ എല്‍.എസ്. സാജുവും അംശുവും ഗായത്രി ബാബുവും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.
െഡപ്യൂട്ടി മേയറുടെ ഇരിപ്പിടത്തിന് സമീപം നടന്ന വാക്കേറ്റത്തിനിടയില്‍ ഗിരികുമാർ െഡപ്യൂട്ടി മേയറെ മര്‍ദിച്ചെന്നാണ് ഇടതു കൗണ്‍സിലര്‍മാരുടെ ആരോപണം. െഡപ്യൂട്ടി മേയര്‍ തന്നെ അസഭ്യം പറഞ്ഞതായി ഗിരികുമാറും ആരോപിച്ചു. ബഹളം അവസാനിപ്പിക്കാന്‍ മേയര്‍ പലതവണ ഇടപെട്ടെങ്കിലും ഇരുവിഭാഗവും വാക്പോര് തുടര്‍ന്നു. വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ എല്‍.ഡി.എഫ് പാര്‍ലമെൻററി പാര്‍ട്ടി നേതാവ് ഡി.ആര്. അനില്‍ ഗിരികുമാറിനെതിരെ നടപടി ആവശ്യപ്പെട്ടു. സംഘര്‍ഷത്തിനിടെ ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്യുന്നതായി മേയര്‍ പ്രഖ്യാപിച്ചു.
തുടര്‍ന്ന് പുറത്തേക്ക് പോയ ഭരണപക്ഷ അംഗങ്ങള്‍ െഡപ്യൂട്ടി മേയറെ കൈയേറ്റം ചെയ്തെന്നാരോപിച്ച് നഗരസഭാ കവാടത്തില്‍ ധര്‍ണ നടത്തുകയായിരുന്നു. അതേസമയം ഗിരികുമാറിനെതിരെയുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വനിതകള്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിനുള്ളില്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചു. ഇവര്‍ രാത്രി വൈകിയും സമരം അവസാനിപ്പിച്ചിട്ടില്ല. നികുതിപ്പണം തട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്പെഷല്‍ കൗണ്‍സില്‍ യോഗം വിളിക്കാനും തീരുമാനിച്ചു.
രാത്രിയും തുടർന്ന് പ്രതിഷേധം
തിരുവനന്തപുരം: രാത്രിയും മുദ്രാവാക്യം വിളിയും പാട്ടുകളും മുഴങ്ങി കോർപ്പറേഷൻ കൗൺസിൽ ഹാൾ. ബി.ജെ.പിയുടെ 35 കൗൺസിലർമാരാണ് കൗൺസിൽ ഹാളിനുള്ളിൽ രാത്രി ഉറങ്ങാതെ പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും സമരം ഇരുന്നത്. കഴിഞ്ഞ കൗൺസിലിെൻറ സമയത്തും ബി.ജെ.പി കൗൺസിൽ ഹാളിനുള്ളിൽ രാത്രി സമരം നടത്തിയിരുന്നു. എന്നാൽ ജനങ്ങൾക്ക് നികുതി സംബന്ധിച്ച് അറിയാനുള്ള സൗകര്യമൊരുക്കാനുള്ള മൂന്ന് ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും സമരം ഇതേ നിലയിൽ തുടരുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. വരും ദിവസങ്ങളിൽ കോർപ്പറേഷൻ ഓഫീസിനകത്തും പുറത്തും പ്രതിഷേധം ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് ജില്ല പ്രസിഡൻറ് വി.വി. രാജേഷ് പറഞ്ഞു.
ബി.ജെ.പി കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെ ആക്രമിച്ചെന്ന പരാതിയിൽ ബി.ജെ.പി കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തു. പി.ടി.പി വാർഡ് കൗൺസിലർ വി.ജി. ഗിരികുമാറിനെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. കൗൺസിൽ യോഗത്തിനിടെ തന്നെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നായിരുന്നു പി.കെ. രാജുവിെൻറ പരാതി. കൗൺസിൽ ഹാളിൽ പ്രതിഷേധിക്കുന്നതിനിടെ ഡെപ്യൂട്ടി മേയർ അസഭ്യം പറഞ്ഞെന്ന് കാട്ടി വി.ജി. ഗിരികുമാർ ഡി.ജി.പിക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയെന്ന് ബി.ജെ.പി അറിയിച്ചു.
ബി.ജെ.പി അക്രമം പ്രതിഷേധാർഹം –സി.പി.െഎ
തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ യോഗത്തിലെ ബി.ജെ.പി അക്രമം പ്രതിഷേധാർഹമാണെന്ന് സി.പി.െഎ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിട്ട ബി.ജെ.പി അംഗങ്ങൾ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെ ൈകയേറ്റം ചെയ്തു. ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നുവരണമെന്ന് മാങ്കോട് രാധാകൃഷ്ണൻ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.