ശംഖുംമുഖത്തെ 'സാഗരകന്യക' ഗിന്നസ് ബുക്കിൽ
text_fieldsതിരുവനന്തപുരം: ശംഖുംമുഖത്തെ മണൽപരപ്പിൽ വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത സാഗരകന്യക 'ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം'എന്ന ഗിന്നസ് റെക്കോഡിൽ. അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് കാനായി കുഞ്ഞിരാമൻ.
87 അടി നീളവും 25 അടി ഉയരവുമുള്ള ശിൽപം, തറയിൽ ആറടിയോളം താഴ്ത്തി ഇരുമ്പുചട്ടക്കൂടൊരുക്കി കോൺക്രീറ്റിലാണ് നിർമിച്ചത്. ശംഖുമുഖം കടൽതീരത്ത് അസ്തമയസൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ കിടക്കുന്ന രീതിയിലാണ് സാഗരകന്യകയുടെ കിടപ്പ്.
1990ൽ ടൂറിസം വകുപ്പാണ് കാനായിയെ ശിൽപനിർമാണം ഏൽപിച്ചത്. ഏറെ ആലോചനക്ക് ശേഷമാണ് ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം മത്സ്യകന്യകയെ നിർമിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഒട്ടേറെ പ്രതിസന്ധികളും വിവാദങ്ങളും അന്നുണ്ടായി.
ശിൽപം അശ്ലീലമാണെന്ന് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കലക്ടർ നിർമാണം നിർത്തിവെക്കാൻ ഉത്തരവിട്ടു. പക്ഷേ, അന്ന് മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ ശിൽപനിർമാണവുമായി മുന്നോട്ട് പോകാൻ കാനായിയോട് പറഞ്ഞു.
കലക്ടറെ വിളിച്ച് ശിൽപം പൂർത്തിയാക്കാൻ വേണ്ടതുചെയ്യണമെന്ന് കർശന നിർദേശവും നൽകി. അങ്ങനെ രണ്ടുവർഷമെടുത്ത്, ഒരു പ്രതിഫലവും പറ്റാതെ ശംഖുംമുഖത്തിന്‍റെ മടിത്തട്ടിലേക്ക് കാനായി ശിൽപം പണിതുവെച്ചു.
എന്നാൽ, ഇപ്പോഴും മത്സ്യകന്യകയുടെ വില പലർക്കും മനസിലാകുന്നില്ലെന്നതാണ് കാനായിയുടെ സങ്കടം. ലോക്ഡൗൺ കാലത്ത് ശിൽപത്തോട് ചേർന്നുളള മൺതിട്ടയിൽ വലിയ പ്ലാറ്റ്ഫോം കെട്ടി ഹെലികോപ്റ്റർ സ്ഥാപിച്ചു. അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളിയോട് പറഞ്ഞിട്ടും ഫലമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞതല്ലാതെ ഇതുവരെയും കാര്യമായ ഒരിടപെടലും ഉണ്ടായില്ലത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.