സാലറി ചലഞ്ച്; സിവിൽ സർവിസ് പങ്കാളിത്തം 50 ശതമാനത്തിൽ താഴെ
text_fieldsതിരുവനന്തപുരം: വയനാടിനായുള്ള മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം പകുതിയിൽ താഴെ. സംസ്ഥാനത്തെ മൊത്തം ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഓഫിസർമാരിൽ 43 ശതമാനം മാത്രമാണ് ശമ്പളത്തിൽ നിന്ന് വിഹിതം വിട്ടുനൽകാൻ തയാറായത്. 152 ഐ.എ.എസ് ഓഫിസർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ സാലറി ചലഞ്ചിൽ പങ്കെടുത്തവർ 46 പേർ മാത്രം. 146 ഐ.പി.എസുകാരിൽ 64 പേർ ശമ്പളം വിട്ടുനൽകിയപ്പോൾ ആകെയുള്ള 80 ഐ.എഫ്.എസുകാരിൽ തയ്യാറായത് 29 പേരാണ്. സാലറി ചലഞ്ചിന്റെ പേരിൽ ആഗസ്റ്റ് മാസത്തെ വിഹിതം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേൻ നേരത്തേ സർക്കാറിന് കത്ത് നൽകിയിരുന്നു.
സാലറി ചലഞ്ചിനപ്പുറം അംഗങ്ങൾ ഓരോരുത്തരും 50,000 രൂപ വീതം നൽകാൻ ആലോചിക്കുന്നുണ്ടെന്നും എന്നാൽ, സംഘടന തലത്തിൽ ധരണയാകാതെ വ്യക്തിതലത്തിലുള്ള സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം പിടിച്ചാൽ പിന്നീടാരും 50,000 രൂപ സഹായത്തിന് മുതിരില്ലെന്നുമായിരുന്നു അസോസിയേഷന്റെ നിലപാട്. ആഗസ്റ്റ് പിന്നിട്ട് സെപ്റ്റംബറിൽ എത്തിയിട്ടും വിഹിതത്തിന്റെ കാര്യത്തിൽ അസോസിയേഷൻ തീരുമാനമെടുത്തില്ല. സാലറി ചലഞ്ചിനായി മുഖ്യമന്ത്രി പിണറായി വിജയന് സര്‍വിസ് സംഘടനകളുടെ യോഗം വിളിച്ചെങ്കിലും ഐ.എ.എസ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നുമില്ല.
5.5 ലക്ഷം സർക്കാർ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ഗസറ്റഡ് വിഭാഗം 50,000 ഓളവും. എങ്കിലും സാലറി ചലഞ്ചിന് സമ്മതമറിയിച്ചത് 28,656 ഗസറ്റഡ് ജീവനക്കാരാണ്. ഇതിൽ കൂടുതലും വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ളവരും. 7747 പേരാണ് പൊതുവിദ്യാഭ്യാസം മുതൽ കോളീജിയറ്റ് എജുക്കേഷൻ വരെ ഉൾപ്പെടുന്ന വിഭാഗത്തിൽനിന്ന് സാലറി ചലഞ്ചിന് സന്നദ്ധമായത്. 4921 ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിൽ നിന്നും 1107 ആഭ്യന്തര വകുപ്പിൽനിന്നും പങ്കാളികളായി.
അഞ്ചു ലക്ഷത്തോളം വരുന്ന നോൺ ഗസറ്റഡ് വിഭാഗത്തിൽ 1,89,572 പേരാണ് ശമ്പളം വിട്ടുനൽകാൻ തയാറായത്. ഇതിൽ 38,430 പേർ വിദ്യാഭ്യാസ വകുപ്പിൽ നിന്നാണ്. 25,716 പേർ പൊലീസിൽനിന്നും. സാലറി ചലഞ്ചിൽ പ്രതീക്ഷിച്ച പങ്കാളിത്തമുണ്ടാകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യവിമർശനമുന്നയിച്ചിരുന്നു. നവംബർ 10 വരെയുള്ള കണക്കനുസരിച്ച് 93,85,51,746 രൂപയാണ് സാലറി ചലഞ്ചിലൂടെ ട്രഷറിയിലേക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.