നഗരസഭ തൊഴിലാളികൾക്ക് സല്യൂട്ട്: മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീൻ
text_fieldsതിരുവനന്തപുരം: പൊങ്കാലക്കുശേഷം ഭക്തലക്ഷങ്ങൾ ഉപേക്ഷിച്ചുപോയ മാലിന്യങ്ങളും ചൂട്ടുകട്ടകളും ചുട്ടുപൊള്ളുന്ന വെയിലിനെപ്പോലും കൂസാതെ തൊഴിലാളികൾ വൃത്തിയാക്കിയത് ഏതാനും മണിക്കൂറുകൾകൊണ്ട്. കോർപറേഷന്റെ 130 സൂപ്പർവൈസറി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 2400 തൊഴിലാളികളാണ് ഇത്തവണ ശുചീകരണം നടത്തിയത്.
ഇതിൽ 1400 ഓളം പേർ പുറത്തുനിന്നുള്ള തൊഴിലാളികളായിരുന്നു. ഇവർക്കൊപ്പം സന്നദ്ധസംഘടനകളും കൈകോർത്തതോടെ കോർപറേഷൻ വീണ്ടും തലസ്ഥാനത്ത് ‘മാജിക്’ ആവർത്തിച്ചു. കോവിഡിനുശേഷം നിയന്ത്രണങ്ങൾ അവസാനിപ്പിച്ചുകൊണ്ടുള്ള പൊങ്കാല ഇത്തവണ 52 വാർഡുകളിലേക്കാണ് വ്യാപിച്ചത്. ഉച്ചക്ക് 2.30ഓടെ മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
വൈകീട്ട് 6.45 വരെ 168 ടൺ മാലിന്യമാണ് തൊഴിലാളികൾ നീക്കിയത്. കോർപറേഷൻ കരാറുകാർ, ലോറി ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ, കാറ്ററിങ് ഓണേഴ്സ് അസോസിയേഷൻ, സർവിസ് പ്രൊവൈഡേഴ്സ്, ഫിഗ് ഫാം അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, കെ.എം.സി.എസ്.യു, യുവജന ക്ഷേമ ബോർഡ്, എ.ഐ.വൈ.എഫ്, നാഷനൽ സർവിസ് സ്കീം തുടങ്ങിയവരും ശുചീകരണത്തിൽ പങ്കാളിയായി.
കോർപറേഷൻ വാഹനങ്ങൾക്ക് പുറമെ ലോറി ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ നൽകിയ ലോറികളും മാലിന്യനീക്കത്തിന് ഉപയോഗിച്ചു. പൊങ്കാല കട്ടകൾ വഴിയോരങ്ങളിൽ നീക്കംചെയ്യുന്നതിന് 14 വാഹനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ കട്ടകൾ മുൻ വർഷങ്ങളിലേതുപോലെ ഭവന പദ്ധതികൾക്ക് ഉപയോഗിക്കും. രാത്രി എട്ടോടെ പൊങ്കാല പ്രദേശങ്ങളിലെ റോഡുകൾ കോർപറേഷൻ ജീവനക്കാർ കഴുകി വൃത്തിയാക്കി. സെക്രട്ടേറിയറ്റ് റോഡ് വെള്ളം ഉപയോഗിച്ച് കഴുകിയായിരുന്നു ഉദ്ഘാടനം.
പൊങ്കാല ഇഷ്ടികകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: പൊങ്കാലക്ക് ഉപയോഗിച്ച ഇഷ്ടികകൾ സർക്കാറിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി ഭവന നിർമാണം നടത്തുന്ന ഗുണഭോക്തക്കൾക്ക് സൗജന്യമായി നൽകുന്നു. ഇതിനായി ഗുണഭോക്തക്കളിൽനിന്ന് കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. റേഷൻ കാർഡിന്റെ പകർപ്പ് സഹിതം മേയറുടെ ഓഫിസിൽ മാർച്ച് 10ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അതിദരിദ്രർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ, വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ എന്നീ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.