അക്കസോട്ടനെയും റിംപോച്ചെയെയും പരിചയപ്പെടുത്തിയ സംഗീത്
text_fieldsതിരുവനന്തപുരം: അശോകൻ എന്ന പേരുകേട്ടാൽ അക്കസോട്ടാന്ന് ഒരിക്കലെങ്കിലും വിളിക്കാത്ത മലയാളിയുണ്ടാകില്ല. അത്രയും ആഴത്തിലാണ് യോദ്ധയെന്ന സിനിമയും അതിലെ അശോകനും അപ്പുക്കുട്ടനും അശ്വതിയും റിംപോച്ചെയും ദമയന്തിയുമൊക്കെ മലയാളികളുടെ മനസ്സിൽ പതിഞ്ഞത്.
മലയാള സിനിമക്ക് അതുവരെ പരിചിതമല്ലാത്ത നേപ്പാളും ലാമയും ബുദ്ധവിഹാരവുമൊക്കെ പരിചയപ്പെടുത്തിയ സംവിധായകനാണ് ബുധനാഴ്ച വിടപറഞ്ഞ സംഗീത് ശിവൻ. 1995ൽ പുറത്തിറങ്ങിയ നിർണയത്തിലൂടെ വൃക്കതട്ടിപ്പിന്റെ കാണാപ്പുറങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ‘ഗാന്ധർവം’ കോമഡി സിനിമയായപ്പോൾ ‘ഡാഡി’ ഒരു അച്ഛൻ മകൻ ബന്ധമാണ് പറഞ്ഞത്. ആദ്യ സംവിധാന സംരംഭമായ ‘വ്യൂഹ’ത്തിൽ മയക്കുമരുന്ന് മാഫിയയായിരുന്നു വിഷയം.
തന്റെ ചിത്രങ്ങളിലെല്ലാം വ്യത്യസ്തത പുലർത്തിയ സംഗീതിന്റെ ഗുരുക്കന്മാർ അച്ഛൻ ശിവനും സഹോദരൻ സന്തോഷ് ശിവനുമാണ്. സംവിധാനത്തിൽ മാത്രമല്ല ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സംഗീത്. ഒരു ചിത്രം സ്വന്തമായി എഴുതി സംവിധാനം ചെയ്യുകയെന്ന മോഹം സംഗീതിന്റെ മനസ്സിലേക്ക് കുത്തിവെച്ചത് സഹോദരനാണ്.
രഘുവരനെയും സുകുമാരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യൂഹം സംവിധാനം ചെയ്തുകൊണ്ട് 1990ൽ സംഗീത് സംവിധായകനായി ചുവടുവെച്ചു. തൊട്ടടുത്ത വർഷം തന്നെയാണ് മലയാളത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കുന്ന യോദ്ധ പുറത്തിറങ്ങിയത്. അതിലൂടെ എ.ആർ. റഹ്മാൻ എന്ന സംഗീത സംവിധായകനെയും സംഗീത് ശിവൻ മലയാളികൾക്ക് പരിചയപ്പെടുത്തി. ഏഴ് മലയാള സിനിമകൾ ഉൾപ്പെടെ 16 സിനിമകൾ സംവിധാനം ചെയ്തു.
സണ്ണി ഡിയോൾ നായകനായ സോറിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലെ കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രമായ രോമാഞ്ചത്തിന്റെ ബോളിവുഡ് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം സംഗീത് ശിവനെ കൂട്ടിക്കൊണ്ടുപോയത്.
പിതാവിന്റെ പാതയിൽ; സമ്മാനിച്ചത് അവിസ്മരണീയ ദൃശ്യാവിഷ്കാരങ്ങൾ
തിരുവനന്തപുരം: ഫോട്ടോഗ്രാഫിയെയും ചലച്ചിത്രത്തെയും പ്രണയിച്ച പിതാവിന്റെ പാതതന്നെയാണ് മകനും തെരഞ്ഞെടുത്തത്. ഫോട്ടോഗ്രഫിയിലൂടെ സഞ്ചരിച്ച് പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്ന ശിവന്റെ മകൻ സംഗീത് ശിവന് പ്രേക്ഷകർക്കായി വിസ്മയിപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കി. അഭ്രപാളിയിൽ ആസ്വാദനത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് സംഗീതിന്റെ മടക്കം.
മികവ് തെളിയിച്ച ചലച്ചിത്രകാരൻ എന്നതിനപ്പുറം പ്രമുഖ ഫോട്ടോഗ്രാഫറും സംവിധായകനുമായിരുന്ന ശിവന്റെ മകനെന്ന നിലയിൽകൂടിയാണ് മലയാളികൾ സംഗീത് ശിവനെ ഓർക്കുക. തിരുവനന്തപുരം പുളിമൂട്ടിലെ ‘ശിവൻസ് സ്റ്റുഡിയോ’ തലസ്ഥാനവാസികൾക്ക് എന്നും അടുപ്പമുള്ള ഇടംകൂടിയായിരുന്നു. മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറെന്ന നിലയിൽകൂടിയാണ് ശിവന് അറിയപ്പെട്ടത്.
പഴയകാലത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം ശിവന് പകര്‍ത്തിയ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചു. വിവിധ വിദേശ പ്രസിദ്ധീകരണങ്ങളും ഫോട്ടോകൾ പ്രസിദ്ധീകരിച്ചു. മലയാള സിനിമക്ക് പുതിയ രൂപവും ഭാവവും നൽകിയ സിനിമയായ ‘ചെമ്മീനി’ന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവനായിരുന്നു.
നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ പിന്നീട് ശ്രദ്ധപതിപ്പിച്ച ശിവന്റെ നിഴലും വെളിച്ചവും നിറഞ്ഞ സിനിമാലോകത്തേക്ക് തന്നെയായിരുന്നു മക്കളായ സംഗീത് ശിവന്, ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്, സംവിധായകന് സഞ്ജീവ് ശിവന് എന്നിവരുടെയും സഞ്ചാരം. 2021ലായിരുന്നു ശിവന്റെ വിയോഗം.
1990ൽ റിലീസ് ചെയ്ത ‘വ്യൂഹം’ എന്ന ചിത്രത്തിലൂടെയാണ് സംഗീത് സംവിധാന രംഗത്തെത്തിയതെങ്കിലും 1992ലെ ‘യോദ്ധ’ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിൽ കലാസംവിധാനത്തിനും ദൃശ്യാവിഷ്കാരത്തിനും മുന്തിയ പ്രധാന്യം നൽകാൻ സംഗീത് ശിവൻ ശ്രദ്ധിച്ചു.
വ്യത്യസ്ത കഥാസന്ദർഭങ്ങൾ പ്രേക്ഷകരിലേക്ക് തിരക്കഥയുടെ ആത്മാവ് ചോരാതെ പകരാൻ ശ്രമിച്ചു. തനിക്കിഷ്ടപ്പെടുന്ന കഥയും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പരമാവധി സ്വീകാര്യമാകുംവിധം അവതരിപ്പിക്കണമെന്ന നിർബന്ധം മികച്ച സിനിമകളുടെ പിറവിയിലേക്ക് വഴിതെളിച്ചു. മലയാളി അതുവരെ പരിചയപ്പെട്ട ചലച്ചിത്ര രീതികളിൽനിന്ന് വ്യത്യസ്തവും എക്കാലവും ഓർമിക്കപ്പെടുന്നതുമായിരുന്നു ആ കലാസൃഷ്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.