റെയിൽവേയുടെ നേതൃത്വത്തിൽ ശുചീകരണം; തിരുവനന്തപുരം ഡിവിഷനിൽ സുന്ദരമാക്കിയത് 179 ഏക്കർ
text_fieldsതിരുവനന്തപുരം: ശുചീകരണയജ്ഞത്തിന്റെ ഭാഗമായി റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ മാലിന്യമുക്തമാക്കിയത് സ്റ്റഷനുകളടക്കം 724,749 സ്ക്വയർ മീറ്റർ പ്രദേശം (179.089378 ഏക്കർ). സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് റെയിൽവേ ജീവനക്കാരുടെയും വിവിധ സന്നദ്ധ വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന യജ്ഞത്തിൽ ഡിവിഷനിലെ 103 സ്റ്റേഷനുകളും 74 െട്രയിനുകളും 508.16 കി.മീറ്റർ റെയിൽവേ ട്രാക്കും ഉൾപ്പെടുന്നു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 15 വരെ നടന്ന കാമ്പയിനിൽ 428 ജീവനക്കാരും 15505 എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കാഡറ്റ് അംഗങ്ങളുമടക്കം 40505 പേരാണ് പങ്കാളികളായത്. ശുചീകരിച്ച സ്ഥലങ്ങളിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കാമ്പയിന്റെ ഭാഗമായി വിവിധ സ്റ്റേഷൻ പരിസരങ്ങളിലായി 325 തെരുവുനാടകങ്ങളും 218 കലാവിഷ്കാരങ്ങളും സംഘടിപ്പിച്ചു. ഇക്കാലയളവിൽ 181 പ്രതിജ്ഞയെടുക്കൽ യോഗങ്ങളും രണ്ട് മാരത്തണുകളും അഞ്ച് സൈക്ലത്തണുകളും 44 വാക്കത്തണുകളും 46 സെമിനാറുകളും നടന്നു. 30 സ്റ്റേഷനുകളിൽ മാലിന്യത്തിൽനിന്ന് ആർട്ട് ഇൻസ്റ്റലേഷനുകൾ ഒരുക്കിയതും ശ്രദ്ധേയമായി. വിവിധയിടങ്ങളിൽ 3,421 വൃക്ഷത്തൈകൾ നട്ടുപിടിച്ചു. ബോധവത്കരണത്തിനുപുറമേ റെയിൽവേ പരിസരങ്ങളിലെ മാലിന്യനിക്ഷേപത്തിനെതിരെ കർശന നടപടിയെടുത്തു. അനധികൃതമായി മാലിന്യനിക്ഷേപം നടത്തിയ 1283 പേരെ ആർ.പി.എഫിന്റെ നേതൃത്വത്തിൽ പിടികൂടുകയും 2,38,850 രൂപ പിഴ ചുമത്തുകയും ചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായി 1718 പേർക്ക് കൗൺസലിങ്ങും നൽകി. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് അനധികൃത മാലിന്യനിക്ഷേപത്തിനെതിരെ പരിശോധന കർശനമാക്കാനും തീരുമാനിച്ചു. അനധികൃത മാലിന്യശേഖരണ ഏജൻസികളെ കണ്ടെത്തി നിയന്ത്രിക്കുന്നതിന് ജാഗ്രത വർധിപ്പിക്കും.
കൂട്ടായ പരിശ്രമത്തിലൂടെ കൈവരിച്ച നേട്ടം ഏറെ ഹൃദ്യമാണെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപൽയാൽ പറഞ്ഞു. കേവല ശുചീകരണം എന്നതിനപ്പുറം ഉത്തരവാദിത്ത നിർവഹണത്തിന്റെ പുത്തൻസംസ്കാരം കെട്ടിപ്പടുക്കാനുള്ള ശ്രമം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.