ശശികുമാർ വധം: നാലു പ്രതികൾക്ക് ജീവപര്യന്തവും പിഴയും
text_fieldsതിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയിലെ ശശികുമാർ വധക്കേസിലെ നാലു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും 40,000 രൂപ വീതം പിഴയും. വട്ടക്കരിക്കകം സ്വദേശികളായ പച്ചാണ്ടി ബിനു എന്ന ബിനു, അനീഷ് എന്ന രനീഷ്, ശരത് ലാൽ, ശരത് എന്ന സജിൻ കുമാർ എന്നീ രണ്ടു മുതൽ അഞ്ചു വരെയുള്ള പ്രതികെളയാണ് തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി എൻ. ശേഷാദ്രിനാഥ് ശിക്ഷിച്ചത്. കേസിലെ ഒന്നാംപ്രതി വിചാരണക്ക് മുമ്പുതന്നെ മരണമടഞ്ഞിരുന്നു.
കൊലക്കുറ്റത്തിന് നാലു പ്രതികൾക്കും ജീവപര്യന്തം കഠിന തടവും 20,000 വീതം പിഴയും, ആയുധങ്ങൾ കൈവശം െവച്ചതിന് ഏഴു വർഷം കഠിന തടവും 10,000 വീതം പിഴയും,വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകം നടത്തിയതിന് അഞ്ചു വർഷം കഠിന തടവും 10,000 വീതം പിഴയും എന്നിങ്ങനെയാണ് ശിക്ഷ. 2006 നവംബർ 29 നാണ് സംഭവം. ശശികുമാറും ഒന്നാം പ്രതിയുടെ മാതാവ് മെഴ്സിയും തമ്മിൽ കേസുണ്ടായിരുന്നു. ഇതുകാരണം ശശികുമാർ മെഴ്സിയെ ആക്രമിച്ചു.
ഈ വിരോധത്താൽ പ്രതികൾ ചേർന്ന് ശശികുമാറിനെ രാത്രി 9.20ന് വീട്ടിൽ കയറി ശശികുമാറിനെയും ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഏഴു മാരകമായ മുറിവുകൾ തലയിൽ ഉണ്ടായതിനെ തുടർന്ന് ശശികുമാർ സംഭവ സ്ഥലത്ത് തന്നെമരിച്ചു. എന്നാൽ ഭാര്യയെയും മകനെയും നാട്ടുകാർ ആശുപത്രിയയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
കുറ്റപത്രത്തിലുണ്ടായിരുന്ന 38 സാക്ഷികളിൽ 26 പേരെ വിസ്തരിച്ചു, 66 രേഖകൾ,13 തൊണ്ടി മുതലുകൾ എന്നിവ പ്രോസിക്യൂഷൻ വിസ്താരത്തിൽ പരിഗണിച്ചു. ആകെ എട്ടു പ്രതികളുള്ള കേസിൽ ആറ് മുതൽ എട്ടു വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. വട്ടപ്പാറ പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രിയൻ, റെക്സ് ഡി.ജെ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.