സഹജീവി സ്നേഹത്തിന് മാതൃകയായി 'സത്കർമ'
text_fieldsഅമ്പലത്തറ: ആഘോഷങ്ങളും അനുഷ്ഠാനങ്ങളും പൂർണതയിലെത്തണമെങ്കിൽ സഹജീവികളുടെ കാര്യത്തില്‍ കൂടുതല്‍ കരുണ വേണമെന്ന ആപ്തവാക്യം ഉൾക്കൊണ്ട് റമദാനിലെ എല്ലാദിവസവും എസ്.എ.ടി ആശുപത്രിക്ക് മുന്നില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അഞ്ച് വര്‍ഷമായി നോമ്പുകഞ്ഞി വിതരണം നടത്തി മാതൃകയാകുകയാണ് സത്കര്‍മ ചാരിറ്റബിള്‍ ഫൗണ്ടേഷന്.
പൂന്തുറ പള്ളിത്തെരുവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടന രൂപംകൊണ്ട നാള്‍മുതല്‍ നോമ്പുകാലത്ത് മെഡിക്കല്‍ കോളജില്‍ നടത്തിവരുന്ന നോമ്പുകഞ്ഞി വിതരണം മുടക്കാറില്ല. സുമനസ്സുകളുടെ സഹായത്തോടെയാണിത്. 25 കിലോ അരിയില്‍ ഇഞ്ചി, പച്ചമുളക്, തക്കാളി, മല്ലിയില, പുതിനയില, കുരുമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചുക്ക്, ജീരകം, ഉലുവ, കടുക്, വറ്റല്‍മുളക്, എലക്ക, പട്ട, ഗ്രാമ്പ്, തേങ്ങ, അണ്ടിപ്പരിപ്പ്, നെയ്യ്, മില്‍ക്ക്മേയ്ഡ് തുടങ്ങി നാൽപതിലധികം വിഭവങ്ങള്‍ ചേര്‍ത്ത് തയാറാക്കുന്ന ഒൗഷധക്കഞ്ഞിയാണ് എത്തിക്കുന്നത്.
ഇറച്ചി, കപ്പ, പയര്‍, കടല, പച്ചക്കറികള്‍ തുടങ്ങി ഒാരോ ദിവസവും വിവിധയിനങ്ങള്‍ ചേര്‍ക്കുന്നതോടെ കഞ്ഞി കൂടുതല്‍ രുചികരമായി മാറും. പള്ളിത്തെരുവിലെ സത്കര്‍മയുടെ ഓഫിസിന് മുന്നില്‍ തയാറാകുന്ന നോമ്പുകഞ്ഞി വൈകുനേരം 4.30ഒാടെ ഇവരുടെ വാഹനത്തില്‍ എസ്.എ.ടിക്ക് മുന്നിലെത്തിക്കും. സത്കര്‍മയുടെ വളണ്ടിയര്മാര്തന്നെ ഇത് പാത്രങ്ങളിലേക്ക് പകരും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മെഡിക്കല്‍ കോളജില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എല്ലാ വ്യാഴാഴ്ചയും വൈകുന്നേരങ്ങളില്‍ ഇവര്‍ അമ്പത് കിലോ അരിയുടെ നെയ്ച്ചോറ് ഉണ്ടാക്കി വിതരണം ചെയ്യാറുണ്ട്. ഇതിന് പുറമെ ഞായറാഴ്ച ദിവസങ്ങളില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് പൊതിച്ചോറുകളും എത്തിക്കുന്നു. പള്ളിത്തെരുവ് സ്വദേശിയായ ബഷീറിെൻറ നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. അന്നദാനത്തിന് പുറമെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.