കരുതൽ വളയം; സുജക്കിത് പുതിയ നിയോഗം
text_fieldsതിരുവനന്തപുരം: രക്ഷിതാവിന്റെ സ്നേഹക്കരുതലോടെ സ്കൂൾ ബസിന്റെ വളയം പിടിച്ച് സുജയുടെ ആദ്യ ട്രിപ്. രാജ്യത്തെ ഏറ്റവും വലിയ പെൺപള്ളിക്കൂടമായ കോട്ടൺഹില്ലിലെ സ്കൂൾ ബസ് ഡ്രൈവറായി ചുമതലയേറ്റ മലയിൻകീഴ് ചൂഴാറ്റുകോട്ട സ്വദേശി സുജ (40) ശനിയാഴ്ച വൈകീട്ട് 3.30ന് ആറാം നമ്പർ ബസിൽ കുട്ടികളെ വീട്ടിലെത്തിച്ചു.
കോട്ടൺ ഹില്ലിൽ നിന്ന് മങ്കാട്ടുകടവ് വഴി കിള്ളിയിലേക്കും തിരിച്ച് സ്കൂളിലേക്കുമായിരുന്നു ട്രിപ്. വീണ്ടും സ്കൂളിൽ നിന്ന് കരുമം-മേലാങ്കോട്-കാരയ്ക്കാമണ്ഡപം-പാപ്പനംകോട്-കരമന വഴി തിരിച്ച് കോട്ടൺഹില്ലിലേക്ക് രണ്ടാം ട്രിപ്പും. പുതിയയാൾ ഡ്രൈവറായെത്തിയതിന്റെ കൗതുകത്തിലായിരുന്നു കുട്ടികൾ. റൂട്ടെല്ലാം പരിചയുമുള്ളതിനാൽ വലിയ പ്രയാസമുണ്ടായില്ലെന്നും സുജ പറയുന്നു. സുജയുടെ മകൾ അഹിജ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
12 വർഷമായി ഹെവി ലൈസൻസ് കൈവശമുള്ള സുജ ലോറിയടക്കം വലിയ വാഹനങ്ങൾ ഓടിച്ച് പരിചയസമ്പന്നയാണ്. 18ാം വയസ്സിൽ ലൈസൻസ് സ്വന്തമാക്കിയതോടെ തുടങ്ങിയതാണ് ഡ്രൈവിങ്ങിനോടുള്ള ഇഷ്ടം. 2008 മുതൽ 2018 വരെ കെ.എസ്.ആർ.ടി.സിയിൽ സുജ എംപാനൽ കണ്ടക്ടറായി ജോലി നോക്കിയിരുന്നു.
കെ.എസ്.ആർ.ടി.സിയിലെ ജോലി നഷ്ടപ്പെട്ടതോടെയാണ് ലോറി ഡ്രൈവറായത്. തമിഴ്നാട്ടിൽ നിന്ന് ലോഡ് കൊണ്ടുവരലായിരുന്നു പിന്നീടുള്ള ജോലി. കോവിഡ് വന്നതോടെ അതും മുടങ്ങി. ഒടുവിൽ പട്ടത്തെ കിഡ്സ് സ്കൂളിൽ ഡ്രൈവറായി കയറി.
ജോലിയിൽ തുടരുന്നതിനിടെ ആ സ്കൂളിൽ നിന്നുതന്നെ മോണ്ടിസോറി ടി.ടി.സിയും പാസായി. കോട്ടൺഹില്ലിലെ ഡ്രൈവറുടെ ഒഴിവുകണ്ട് അപേക്ഷിച്ചു, പരിശോധന ഓട്ടം വിജയകരമായിരുന്നു. പിറ്റേന്ന് തന്നെ ജോലിയിൽ കയറാൻ വാഗ്ദാനവും ലഭിച്ചു. മകൻ അജിൻ എൻജിനീയറിങ് വിദ്യാർഥിയാണ്. ഭർത്താവ്: അൽഫോൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.