യാഹി മാധവാ...കണ്ണന് മുന്നിൽ രാധയുടെ നൊമ്പരം പാടി ഗ്രീഷ്മ
text_fields‘ബഹിരിവ മലിനതരം തവ കൃഷ്ണ മനോപി ഭവിഷ്യതി നൂനം
കഥമഥ വഞ്ചയസേ ജനമനുഗതമസമശരജ്വരദൂനം
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം’
പ്രണയവിരഹത്താല്‍ ഹൃദയം നുറുങ്ങിയ രാധയുടെ നൊമ്പരം ശ്രീകൃഷ്ണസന്നിധിയില്‍ അഷ്ടപദിയായി ചൊല്ലിത്തീര്ക്കുമ്പോള് ഗ്രീഷ്മയുടെ ഉള്ളവും വിങ്ങി. ഇഷ്ടദേവനുമുന്നില് എല്ലാംമറന്ന് ഒരു നിമിഷം പ്രണയമഴപൊഴിച്ചു...
ജില്ല കലോത്സവ വേദിയിലേക്ക് തിരിച്ചപ്പോള്‍തന്നെ ഗ്രീഷ്മയും അമ്മ ശ്രീലേഖയും ഉള്ളില്‍ ഉറപ്പിച്ചിരുന്നു, ഇത്തവണ സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും മാർത്താണ്ഡവർമയെ എട്ടുവീട്ടിൽ പിള്ളമാരിൽനിന്ന് രക്ഷിച്ച അമ്മച്ചി പ്ലാവിനും ശ്രീകൃഷ്ണനും മുന്നിലായി അഷ്ടപദി അവതരിപ്പിക്കണം. തിങ്കളാഴ്ച എച്ച്.എസ് വിഭാഗം അഷ്ടപദിയില്‍ ഒന്നാംസ്ഥാനം ലഭിച്ചതോടെ ഗ്രീഷ്മ മനസിൽ ഉറപ്പിച്ചു, എന്തുവന്നാലും കണ്ണന് മുന്നിൽ പാടിയിട്ടേ മടവൂരിലെ വീട്ടിലേക്ക് പോകൂ.
കിളിമാനൂർ ആര്.ആര്.വി.ജി.വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരിയുടെ ആഗ്രഹമറിഞ്ഞ ക്ഷേത്ര മേൽശാന്തിതന്നെ കൃഷ്ണവിഗ്രഹത്തിന് സമീപം ഇടയ്ക്ക കൊട്ടിപ്പാടാന്‍ അനുവദിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഇടയ്ക്കയുമായി ക്ഷേത്രത്തിലെത്തിയ ഗ്രീഷ്മ ജില്ല കലോത്സവത്തില്‍ തനിക്ക് സമ്മാനം ലഭിച്ച ‘യാഹി മാധവ, യാഹി കേശവ’ ചൊല്ലി ക്ഷേത്രഭാരവാഹികളുടെയും ഭക്തരുടെയും ഉള്ളംനിറച്ചു. കലോത്സവത്തില്‍ നാടൻ പാട്ടില്‍ രണ്ടാംസ്ഥാനം ലഭിച്ച ഈ മിടുക്കി, വരുംദിവസങ്ങളില്‍ സംസ്കൃത സംഘഗാനത്തിനും വന്ദേമാതരത്തിനും മത്സരിക്കാനിറങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.