സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി മാതൃകയായി കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
text_fieldsകന്യാകുളങ്ങര: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടി പരിശീലനം നൽകിയ സ്കൂൾ വോളന്റിയർമാരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കന്യാകുളങ്ങര. രാവിലെ പോളിങ് സാമഗ്രികളുടെ വിതരണം എച്ച്. എം ബി. ഗോപകുമാർ നിർവഹിച്ചു. തുടർന്ന് സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെ സംരക്ഷണയോടെ പ്രിസൈഡിങ് ഓഫീസറും പോളിങ് ഉദ്യോഗസ്ഥരുമായി നിയമിക്കപ്പെട്ട കുട്ടികൾ അതത് ബൂത്തുകളിൽ എത്തി പോളിങ് സാധനങ്ങൾ ക്രമീകരിച്ചു.
പിന്നീട് നിർദേശാനുസരണം ബൂത്തുകളിലെത്തി വിരലിൽ മഷി അടയാളം പതിപ്പിച്ച് സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഐടി @ സ്കൂളിൻറെ സമ്മതി എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലാപ് ടോപ്പുകൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ആയി പ്രവർത്തിച്ചു. പോളിങ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച കുട്ടികൾക്ക് പോസ്റ്റൽ ബാലറ്റുകൾ തലേദിവസം വിതരണം ചെയ്തിരുന്നു.
പ്രത്യേകം ക്രമീകരിച്ച വോട്ടെണ്ണൽ കേന്ദ്രത്തിൽ പോളിങ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയമിക്കപ്പെട്ട അധ്യാപകരും ചേർന്ന് ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണി തിട്ടപ്പെടുത്തി. തുടർന്ന് മെഷീനുകളിലെ വോട്ടിംങ് നില പരിശോധിക്കുകയും ഓരോ ക്ലാസിലെയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
സ്ഥാനാർത്ഥികൾ പ്രകടനപത്രിക തയാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ജനാധിപത്യ പ്രക്രിയയിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ സ്കൂൾ എസ് .എസ് ക്ലബ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി, എസ്.പി.സി എന്നിവരുടെ ശ്രമഫലമായിരുന്നു ഈ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.