സ്കൂളുകളിൽ ഫസ്റ്റ് ബെൽ
text_fieldsതിരുവനന്തപുരം: അറിവിന്റെ അക്ഷരമുറ്റത്തേക്ക് നിറമുള്ള വസ്ത്രങ്ങളും നിറഞ്ഞ പുഞ്ചിരിയുമായി കുരുന്നുകൾ വീണ്ടുമെത്തി. മൂന്നരലക്ഷത്തിലധികം കുട്ടികളാണ് ജില്ലയിൽ സ്കൂളുകളിലെത്തിയത്. 25000 ലധികം കുട്ടികൾ ഒന്നാം ക്ലാസിലെത്തി. ചിരിക്കുന്ന നക്ഷത്രവും പൂക്കളുമുള്ള തൊപ്പികൾ നൽകാൻ സ്കൂൾ പടിക്കൽ അധ്യാപകർ കാത്തുനിന്നു. പുതുതായി ഒന്നാം ക്ലാസിലെത്തിയവരിൽ ചിണുങ്ങിക്കരഞ്ഞവരെ അധ്യാപകർ താലോലിച്ചു. പരിപാടികൾക്കിടെ, കുട്ടികൾക്കും കൂട്ടുവന്ന മാതാപിതാക്കൾക്കും മിഠായികളും പായസവും മധുരപലഹാരങ്ങളും നൽകി.
വേനലവധിക്കു ശേഷം സ്കൂളിലെത്തിയ കുട്ടികൾ സന്തോഷം പങ്കിട്ടു. മിക്കയിടത്തും ഉച്ചവരെ മാത്രമാണ് ക്ലാസുകളുണ്ടായിരുന്നത്. പാഠപുസ്തകങ്ങൾ കൊണ്ടുവരേണ്ടതില്ലെന്ന് അധ്യാപകർ മാതാപിതാക്കൾ വഴി നേരത്ത അറിയിപ്പ് നൽകിയിരുന്നു. ആദ്യദിനം പാട്ടും ചിരിയും പുതിയ അധ്യാപകരെ പരിചയപ്പെട്ടും കുട്ടികൾ സമയം ചെലവഴിച്ചു. സ്കൂൾതലത്തിൽ പൊതുപ്രവർത്തകരോ ജനപ്രതിനിധികളോ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പഴയകാല വീട്ടു-കാർഷിക ഉപകരണങ്ങളും നാണയങ്ങളും ഉൾക്കൊള്ളുന്ന പ്രദർശനവും കുട്ടികളുടെ ചിത്രം പതിച്ച കലണ്ടറുകളുടെ പ്രകാശനവും നടത്തി. ചില സ്കൂളുകളിൽ അധ്യാപകരും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും തയാറാക്കിയ പുസ്തകൾ കൈമാറി. മാതാപിതാക്കൾക്കൊപ്പം സ്കൂളിലെത്തിയ കുരുന്നുകൾ പ്രവേശനോത്സവത്തിനും മറ്റ് ആഘോഷങ്ങൾക്കും ശേഷം വീട്ടിലേക്ക് മടങ്ങി.
മീനാങ്കൽ ട്രൈബൽ സ്കൂളിൽ പ്രവേശനോത്സവം ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിഭാഗത്തിൽ 19 കുട്ടികളും മറ്റ് ക്ലാസുകളിൽ 97 കുട്ടികളുമാണ് ഈ വർഷം സ്കൂളിൽ പ്രവേശനം നേടിയത്.
പട്ടം സെൻമേരിസ് സ്കൂളിന്റെ പ്രവേശനോത്സവം വർണ്ണാഭമായി. പ്രധാന കവാടത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മാനങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. കുട്ടികൾക്ക് ബലൂണുകളും മധുരവും നൽകി. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എം.എസ്.സി സ്കൂൾ കറസ്പോണ്ടന്റ് വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. തോമസ് കയ്യാലക്കൽ കോർ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി.
കൗൺസിലർ ജോൺസൺ ജോസഫ്, പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി എം. അലക്സ്, പി.ടി.എ പ്രസിഡന്റ് എൻ.കെ. സുനിൽകുമാർ, പ്രോഗ്രാം കോഓഡിനേറ്റർ ഫാ. ഗീവർഗീസ് എഴിയത്ത് എന്നിവർ സംസാരിച്ചു. സിവിൽ സർവിസിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥിനി അഖില ബുഖാരിയെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പരിപാടികൾക്കും മിഴിവേകി.
നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ ഫാ. ഡോ. തോമസ് പ്രമോദ് പാലവിളയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിന്റെ പ്രഥമ വനിത പ്രിൻസിപ്പലായി മാർ ഇവാനിയോസ് കോളജിന്റെ മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായിരുന്ന പ്രഫ. ഡോ. ഷേർളി സ്റ്റുവർട്ട് ചുമതലയേറ്റു.
തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസ് ആൻഡ് നഴ്സറി സ്കൂളിലെ പ്രവേശനോത്സവം സൂര്യ കൃഷ്ണമൂർത്തിയും സ്കൂളിലെ പൈതൃക-കാർഷിക പ്രദർശനം എ.എ. റഹീം എം.പിയും ഉദ്ഘാടനം ചെയ്തു.
ജനനത്തിലും സ്കൂളിലേക്കും ഒരുമിച്ച്
വെഞ്ഞാറമൂട്: മിനിട്ടുകളുടെ വ്യത്യാസത്തില്‍ പിറന്നുവീണ സഹോദരങ്ങളായ നാലുപേര്‍ മാതാപിതാക്കളുടെ കൈപിടിച്ച് സ്കൂളിലെത്തിയപ്പോൾ കണ്ടുനിന്നവർക്ക് കൗതുകം. നെടുമങ്ങാട് വാളിക്കോട് ജീവ ഭവനില്‍ ജിതിന്റെയും ആശയുടെയും മക്കളായ അനന്യജിത്ത്, ആര്യജിത്ത്, അനഘജിത്ത്, അശ്വജിത്ത് എന്നിവരാണ് വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്ഥികളായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.