ജി.യു.പി സ്കൂളിൽ ഇപ്പോഴും ക്യാമ്പ്; കുട്ടികൾക്കും താമസക്കാർക്കും ‘ദുരിതപാഠം’
text_fieldsതിരുവനന്തപുരം: വലിയതുറ ജി.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഇപ്പോഴും എട്ട് കുടുംബങ്ങളുണ്ട്. വലിയതുറ, കൊച്ചുതോപ്പ് ഭാഗങ്ങളിൽ താമസിച്ചിരുന്നവരാണിവർ. തിരയെടുത്ത വീടുകളിലെ അംഗങ്ങൾ. ക്ലാസ് മുറികളിൽ അന്തിയുറങ്ങുന്ന ഇവർക്ക് സ്കൂൾ വളപ്പിലെ താമസം ‘ദുരിതപാഠ’മാണ്. മുട്ടത്തറയിൽ നിർമാണം പൂർത്തിയായ തീരദേശ ദുരിതാശ്വാസ അഭയകേന്ദ്രം ക്യാമ്പിലുള്ളവർക്ക് നൽകാൻ സർക്കാർ തയാറായിട്ടില്ല.
കുറെ പേർ ബന്ധുവീടുകളിൽ അഭയം തേടി. വാടകയായി 5,500 രൂപ സർക്കാർ വാഗ്ദാനം ചെയ്തെങ്കിലും രണ്ടു മാസത്തെ തുക മാത്രമാണ് ഇവർക്ക് ലഭിച്ചത്. ക്യാമ്പിൽ ഇപ്പോഴുള്ളവരിൽ കൂടുതലും വാർധക്യസഹജമായ ആരോഗ്യപ്രശ്നമുള്ളവരാണ്. പലർക്കും ക്ലാസ് മുറികളിലെ ദുരിതജീവിതം കൂനിൻമേൽക്കുരുവാണ്.
ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിനുമുണ്ട് ഏറെ പ്രയാസം. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള വലിയതുറ ഗവ. യു.പി സ്കൂളിൽ ഒന്നുമതൽ ഏഴു വരെ ക്ലാസുകളിലായി ഇപ്പോഴുള്ളത് 60 കുട്ടികളാണ്. സ്കൂളിലേക്കുള്ള പ്രധാന കവാടത്തിൽ നിന്ന് കയറുന്നത് ദുരിതാശ്വാസ ക്യാമ്പിലേക്കാണ്. സേവ് ഫോറം എന്ന സംഘടന നൽകിയ പരാതിയിൽ ബാലാവകാശ കമിഷനിൽ വിചാരണ നടക്കുന്നുണ്ട്. ക്യാമ്പ് തുടരുന്നതിനാൽ വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നാണ് പരാതി.
അതേസമയം, ക്യാമ്പിൽ താമസിക്കുന്നവരിൽ ചിലർ സർക്കാർ വാടകപറ്റി ക്യാമ്പിൽ തുടരുകയാണെന്ന് വാർഡ് കൗൺസിലർ ടി.ആർ. ഐറിൻ പറഞ്ഞു. വാടക കൈപ്പറ്റിയിട്ടും ഇവർ ക്യാമ്പ് വിട്ടുപോകാത്തത് സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഒഴിയണമെന്ന് ആവശ്യപ്പെട്ട് പലതവണ ചർച്ച നടത്തിയിട്ടും തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.