സ്കൂൾ തുറക്കാൻ മഴയെത്തി; ആവേശം ചോരാതെ ആഘോഷം ഇന്ന്
text_fieldsതിരുവനന്തപുരം: പ്രവേശനോത്സവത്തിന് ഒരുക്കം പൂർണം, ജില്ലയിലെ ആഘോഷത്തിന് രാവിലെ എട്ടുമുതൽ തുടക്കമാകും. മലയിൻകീഴ് ഗവ. വി.എച്ച്.എച്ച്.എസിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് വഴി എല്ലാ സ്കൂളുകളിലും പ്രദൾശിപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർണം.
തുടർന്ന് മിക്ക സ്കൂളുകളിലും മന്ത്രിമാരോ മറ്റ് ജനപ്രതിനിധികളോ പൗര പ്രമുഖരോ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പിന്നെ, മധുരവിതരണം. ഒന്നാം ക്ലാസിലെത്തുന്നവർക്ക് പ്രത്യേക അലങ്കാര വസ്തുക്കളും ബലൂണകളും കൈമാറും. ഇതിനുള്ള എല്ലാ പ്രവൃത്തികളും സ്കൂളുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ പൂർത്തിയായി.
പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ ബസ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് ബുധനാഴ്ച സംഘടിപ്പിച്ചു.
പുതിയ അധ്യയന വർഷം ബോധവത്കരണ ക്ലാസുകളിൽ ഇതുവരെ പങ്കെടുക്കാത്ത മുഴുവൻ ഡ്രൈവർമാരും അറ്റൻഡർമാരും ഇതിൽ പങ്കെടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.
ക്ലാസിൽ പങ്കെടുക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം എടപ്പാളുള്ള ഐ.ഡി.ടി.ആർ നടത്തുന്ന മൂന്ന് ദിവസത്തെ ഡ്രൈവർ പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടി വരുമെന്നും റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, സ്കൂളിലേക്ക് കുട്ടികൾക്കൊപ്പം കൂട്ടുപോകാൻ തലേന്നു തന്നെ മഴയെത്തി.
മൺസൂണെത്താൻ ദിവസങ്ങൾ ഇനിയുമുണ്ടെങ്കിലും, സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് ജില്ലയിലൊട്ടാകെ ഇടിവെട്ടി മഴ പെയ്തു. വ്യാഴാഴ്ച മഴ പെയ്യല്ലേ എന്നാണ് കുരുന്നുകളുടെ ആഗ്രഹം. കാരണം, ഉത്സവാന്തരീക്ഷത്തിൽ നടക്കുന്ന പരിപാടികൾ ക്ലാസ് മുറികളിലേക്കും വരാന്തയിലേക്കും മറ്റേണ്ടി വരുമോ എന്നാണ് അവരുടെ ചിന്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.