വേറിട്ട അധ്യാപനവുമായി ഏഴാം ക്ലാസുകാരി വിസ്മയ
text_fieldsകോവളം: സമപ്രായക്കാർ ടീച്ചറും കുട്ടിയും കളിക്കുന്ന പ്രായത്തിൽ സഹപാഠികളുടെയും സമപ്രായക്കാരുടെയും അധ്യാപികയായി 12 വയസ്സുകാരി വിസ്മയ പി നായർ. വെള്ളായണി കാര്‍ഷിക കോളജിന് സമീപം തിരുവോണത്തില്‍ പ്രദീപ് കുമാർ^ദീപ്തി ദമ്പതികളുടെ മകളാണ് വിസ്മയ. 'വേൾഡ് ഓഫ് സയൻസ്' എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇൗ മിടുക്കി മറ്റുള്ളവർക്ക് അധ്യാപനം നടത്തുന്നത്.
തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. താൻ പഠിച്ചു കഴിഞ്ഞ അധ്യായങ്ങൾ ക്ലാസ് രൂപത്തിൽ വിഡിയോ എടുത്ത് യൂട്യൂബിൽ നൽകുന്നു. ഇതിൽ പലതും സ്‌കൂളിലെ ഓൺലൈൻ ക്ലാസിൽ പഠിപ്പിച്ചുതുടങ്ങാത്ത പാഠങ്ങളുമാണ്.
സ്‌കൂൾ വിട്ട് വന്നാൽ അന്ന് പഠിച്ച കാര്യങ്ങൾ മാതാവ് ദീപ്തിയെ വിദ്യാർഥിയാക്കി ഇരുത്തി അധ്യാപികയുടെ വേഷം അണിഞ്ഞ് പഠിപ്പിക്കുന്ന ശീലം ചെറിയ പ്രായത്തിൽ തന്നെ വിസ്മയക്കുണ്ടായിരുന്നു. പാഠപുസ്തകം ലഭിക്കാത്തവർക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ യൂട്യൂബ് ചാനൽ എന്ന തെൻറ ആശയം പങ്കുവെച്ച വിസ്മയക്ക് മാതാപിതാക്കളുടെ പൂർണ പിന്തുണ ലഭിച്ചു.
ഓൺലൈൻ ക്ലാസ് എടുക്കാൻ മുറിയിൽ ബോർഡും ലൈറ്റുകളും ഉൾെപ്പടെ സൗകര്യങ്ങളും ഒരുക്കി പിതാവ് മകളുടെ സ്വപ്നങ്ങൾക്ക് താങ്ങായി. ഓരോ ദിവസവും രണ്ടര മണിക്കൂർ പഠിച്ച ശേഷമാണ് അത് വിഡിയോ രൂപത്തിൽ ക്ലാസായി ചിത്രീകരിക്കുന്നത്. ട്രൈപോഡിെൻറ സഹായത്തോടെ വിസ്മയ തന്നെയാണ് വിഡിയോ റെക്കോഡ് ചെയ്യുക. ശേഷമുള്ള എഡിറ്റിങ്ങും വിഡിയോ അപ്ലോഡും സ്വന്തമായി നിർവഹിക്കുന്നു.
നിലവിൽ ബയോളജി വിഷയത്തിലാണ് ക്ലാസുകൾ. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലുള്ള ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് വിസ്മയ പറഞ്ഞു. തിങ്കൾ വെള്ളി ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ വിഡിയോ യൂട്യൂബിൽ നൽകുന്നത്. World of Science Vismaya P Nair എന്ന പേരിൽ തിരഞ്ഞാൽ യൂട്യൂബിൽ വിസ്മയയുടെ ചാനൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.