ശാന്തമല്ല ശാന്തികവാടം; അനധികൃത പണപ്പിരിവിൽ പ്രതിഷേധം
text_fieldsതിരുവനന്തപുരം: ശാന്തികവാടം ശ്മശാനത്തിലെത്തുന്ന മൃതശരീരങ്ങൾക്കുപോലും ശാന്തികൊടുക്കാതെ സൊസൈറ്റി ജീവനക്കാരുടെ പിടിച്ചുപറി. മൃതദേഹം സംസ്കരിക്കണമെങ്കിൽ കോർപറേഷൻ നിശ്ചയിച്ച തുകക്കുപുറമെ കൂലിയായി 1300 രൂപ സംസ്കാരത്തിന് മേൽനോട്ടം വഹിക്കുന്ന സൊസൈറ്റി ജീവനക്കാർക്ക് നൽകണമെന്നാണ് ചട്ടം.
സി.പി.എമ്മിന്‍റെ നിയന്ത്രണത്തിൽ തൈക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ ഇലക്ട്രിക്കൽ ആൻഡ് സിവിൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി ജീവനക്കാരുടെ അനധികൃത പിരിവിനെതിരെ കൗൺസിലർമാരും പൊതുജനങ്ങളും നിരവധി പരാതികൾ നൽകിയെങ്കിലും ഭരണാനുകൂല സൊസൈറ്റിക്കെതിരെ ചെറുവിരൽ അനക്കാൻ മേയറടക്കമുള്ളവർക്ക് മടിക്കുന്നു.
രണ്ട് ഇലക്ട്രിക്, രണ്ട് ഗ്യാസ്, നാല് വിറക് ചിതകളാണ് ശാന്തികവാടത്തിലുള്ളത്. ഇതിൽ ഇലക്ട്രിക്, ഗ്യാസ് ചിതകളിൽ സംസ്കരിക്കുന്നതിന് 1600 രൂപയും (തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ ബി.പി.എൽ കുടുംബത്തിന് 850 രൂപ) മിനി ശ്മശാനമായ വിറക് ചിതയിൽ സംസ്കരിക്കുന്നതിന് 1700 രൂപയുമാണ് കൗൺസിൽ അംഗീകരിച്ചിട്ടുള്ളത്.
എന്നാൽ വിറക് ചിതയിൽ സംസ്കരിക്കുന്നതിന് 1700 രൂപക്കുപുറമെ 1300 രൂപ കൂടി നൽകണമെന്നാണ് സംസ്കാരത്തിന് മേൽനോട്ടം വഹിക്കുന്ന ജീവനക്കാരുടെ നിലപാട്. ഇതിന് രസീതും നൽകില്ല. അനധികൃത പണപ്പിരിവാണെന്ന് ബോധ്യമുണ്ടെങ്കിലും സംസ്കാരം നടക്കേണ്ടതിനാൽ ബി.പി.എൽ കുടുംബങ്ങൾവരെ 3000 രൂപ അടയ്ക്കേണ്ടിവരുന്നു.
ശനിയാഴ്ച കഴക്കൂട്ടത്തുനിന്ന് മൃതദേഹവുമായി എത്തിയ ബി.പി.എൽ കുടുംബത്തിൽനിന്നും ജീവനക്കാർ കൂലിയായി 1300 രൂപ വാങ്ങി. ഇതിനെതിരെ കുടുംബം ഡെപ്യൂട്ടി മേയർക്ക് പരാതി നൽകിയിട്ടുണ്ട്.
കോർപറേഷൻ സൊസൈറ്റിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം വിറക് ഉപയോഗിച്ചുള്ള സംസ്കാരത്തിന് കൗൺസിൽ നിശ്ചയിച്ചിട്ടുള്ള തുക മാത്രമേ പൊതുജനങ്ങളിൽനിന്നും ഇടാക്കാവൂ എന്നാണ് വ്യവസ്ഥ. തുക പ്രദർശിപ്പിച്ചുള്ള ബോർഡുകൾ ശാന്തികവാടത്തിന് മുന്നിൽ പ്രദർശിപ്പിക്കണമെന്നും കരാറിലുണ്ട്.
എന്നാൽ സൊസൈറ്റി പലതവണ കരാർ ലംഘിച്ചതായി കണ്ടെത്തിയിട്ടും ഇതിനെതിരെ രേഖാമൂലം പരാതികൾ ലഭിച്ചിട്ടും സൊസൈറ്റിയുടെ പണപ്പിരിവിന് കോർപറേഷനും കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു.
നഗരസഭയിലേക്ക് അടയ്ക്കേണ്ട തുക സമയബന്ധിതമായി അടയ്ക്കാതിരുന്നാൽ നോട്ടീസ് നൽകാതെ തന്നെ സൊസൈറ്റിയുടെ കരാർ ഏകപക്ഷീയമായി റദ്ദുചെയ്യാൻ കോർപറേഷന് അധികാരമുണ്ട്.
ലേല തുകയുടെ രണ്ടും മൂന്നും ഗഡുകൾ അടയ്ക്കുന്നതിൽ ട്രാവൻകൂർ ഇലക്ട്രിക്കൽ ആൻഡ് സിവിൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി വീഴ്ചവരുത്തിയെന്ന് കോർപറേഷന്‍റെ റവന്യൂ നോൺ ടാക്സ് വിഭാഗം ജൂണിൽ തന്നെ കണ്ടെത്തി. എന്നാൽ കരാർ റദ്ദാക്കുന്നതിന് പകരം സൊസൈറ്റിയുടെ പകൽകൊള്ളക്ക് ഭരണസമിതി ചൂട്ടുപിടിക്കുകയായിരുന്നു.
പരാതികൾ പരിശോധിക്കുന്നു
സൊസൈറ്റിയുടെ അനധികൃത പിരിവിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. നേരത്തെ ഇത്തരത്തിൽ അനധികൃത പരിവ് കണ്ടെത്തിയതിനെ തുടർന്ന് മുൻ ഏജൻസിയുടെ കരാർ കോർപറേഷൻ റദ്ദ് ചെയ്തിരുന്നു. കോർപറേഷൻ നിശ്ചയിട്ടുള്ള തുകയിൽനിന്ന് അധികമായി ഒരുരൂപ പോലും സൊസൈറ്റി വാങ്ങാൻ പാടില്ലാത്തതാണ്. പരാതികൾ പരിശോധിച്ച് വരികയാണ്.
ജമീല ശ്രീധരൻ (ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.