ശ്യാമൾ മണ്ഡൽ കൊലക്കേസ്; നിർണായകമായത് ഫോൺവിളി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ശ്യാമൾ മണ്ഡൽ കൊലക്കേസിൽ നിർണായകമായത് ഫോൺവിളി. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കൊലപാതക കേസെന്ന് അന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന ഇപ്പോഴത്തെ എ.ഡി.ജി.പി മനോജ് എബ്രഹാം ഓർക്കുന്നു. ഫോർട്ട് സ്റ്റേഷനിലെ മുൻ സി.ഐ ടി.ആർ. രാജ്മോഹനും സംഘവും ജാഗ്രതയോടെ നടത്തിയ അന്വേഷണമാണ് ആദ്യഘട്ടത്തിൽ ഒരു തെളിവുമില്ലാതിരുന്ന കേസിൽ വഴിത്തിരിവായത്.
അന്തമാനിലെ വിദ്യാർഥി എൻജിനീയറിങ് പഠിക്കാൻ വന്നിട്ട് സുരക്ഷിതത്വം ലഭിച്ചില്ലെന്ന ആരോപണം ഉയർന്നതിന്‍റെ വെല്ലുവിളി ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. 2005 ഒക്ടോബര്‍ 13നാണ് ശ്യാമൾ മണ്ഡലിനെ കാണാതായത്. 23ന് കോവളം ബൈപാസ് റോഡിൽ വെള്ളാർ ജങ്ഷന് സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏഴു ദിവസം പഴക്കമുള്ള മൃതദേഹം കുഴിയിലെ വെള്ളത്തിലായിരുന്നു. കൊലയാളികളെക്കുറിച്ച് ഒരു സൂചനയും ആദ്യം ഇല്ലായിരുന്നു.
ഫോൺ രേഖകളും ശ്യാമളിന്‍റെ കുടുംബ പശ്ചാത്തലവും അന്വേഷിച്ചാണ് കൊലയാളിയിലേക്കെത്തിയത്. സി.ബി.ഐയും അതേ കണ്ടെത്തലുകൾ ശരിെവച്ചു. കേസ് തെളിഞ്ഞതിലും പ്രതിയെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചതിലും സന്തോഷമുണ്ടെന്നും മനോജ് എബ്രഹാം പ്രതികരിച്ചു. ശ്യാമളിനെ വിട്ടുതരണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവിന്‍റെ ഫോണിലേക്ക് വന്ന കോളാണ് വഴിത്തിരിവായത്. പിതാവിന്‍റെ ഫോൺനമ്പർ അറിയാവുന്ന, ഹിന്ദി സംസാരിക്കുന്ന ആളാണ് പ്രതിയെന്ന് വ്യക്തമായപ്പോള്‍ കൊലയാളിയിലേക്ക് കൂടുതൽ അടുത്തു.
ശ്യാമളിനെ കൊലപ്പെടുത്തിയശേഷം ചെന്നൈയിൽ വിറ്റ ഫോൺ പൊലീസ് കണ്ടെത്തി. ഓരോ കണ്ടെത്തലുകളും യോജിപ്പിച്ച് രണ്ടാം പ്രതിയായ മുഹമ്മദ് അലിയിലേക്കെത്തി. ഒന്നാം പ്രതി ദുർഗ ബഹദൂർ ഭട്ട് ഛേത്രിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ നേപ്പാളിലേക്ക് കടന്നെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പലതവണ അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല.
സി.ബി.ഐ സംഘവും ഇക്കാര്യത്തിൽ വിജയിച്ചില്ല. അന്തമാൻ പൊലീസ് നന്നായി സഹകരിച്ചു. അന്നത്തെ അന്തമാൻ എസ്.പി ആയിരുന്ന ഐ.ബി. റാണിയുടെ സഹായങ്ങൾ നിർണായകമായി. മൂന്ന് മാസം കൊണ്ടാണ് കേരള പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും മനോജ് എബ്രഹാം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.