സ്ത്രീസുരക്ഷ ഉറപ്പാക്കാൻ എല്ലാ ജില്ലയിലും ഏകജാലകം -കേന്ദ്രമന്ത്രി സ്മൃതി ഇറാനി
text_fieldsതിരുവനന്തപുരം: തൊഴിലിടങ്ങളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാനും പരാതി പരിഹരിക്കാനും എല്ലാ ജില്ലയിലും ഏകജാലക സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബി.എം.എസ് സംസ്ഥാന വനിത തൊഴിലാളി സംഗമം -ദൃഷ്ടി 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കെട്ടിട നിർമാണം, കാർഷിക മേഖല, നഗരവികസന പദ്ധതികൾ എന്നിവയിൽ സ്ത്രീതൊഴിലാളി പങ്കാളിത്തം കൂടുകയാണ്. ഇതിന് ആനുപാതികമായി ശിശുപരിപാലന കേന്ദ്രങ്ങൾ തുടങ്ങാൻ സംസ്ഥാനങ്ങൾ മുൻകൈയെടുക്കണം. സംസ്ഥാനത്ത് ജോലിക്കിടെയുണ്ടായ അക്രമത്തിൽ വനിത ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി ദുഃഖം പ്രകടിപ്പിച്ചു. സ്ത്രീസുരക്ഷക്കായി കേന്ദ്രം കൊണ്ടുവരുന്ന പദ്ധതികളോട് കേരളം വിമുഖത കാട്ടുന്നതായി അവർ കുറ്റപ്പെടുത്തി.
കേരളത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അംഗൻവാടികൾ കൂടുതൽ ആധുനീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 33,000 അംഗൻവാടികളിലായി 13 ശതമാനം സൂപ്പർവൈസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത് നികത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം.
ആശാ വർക്കേഴ്സിന് സാമൂഹിക സുരക്ഷിതത്വവും മതിയായ വേതനവും ഉറപ്പാക്കണം. കടകളിലെയും അസംഘടിത മേഖലയിലെയും ആശുപത്രികളിലെയും സ്ത്രീജീവനക്കാർക്ക് തൊഴിലിടങ്ങളിൽ സുരക്ഷയും തുല്യവേതനവും ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് സംസ്ഥാന മഹിള കൺവീനർ അഡ്വ. എസ്. ആശമോൾ അധ്യക്ഷതവഹിച്ചു. ദേശീയ സെക്രട്ടറി അഞ്ജലി പട്ടേൽ, മുൻ ദേശീയ പ്രസിഡന്റ് സി.കെ. സജി നാരായണൻ, ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബി. സുരേന്ദ്ര തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.