കാൽനട മേൽപാലത്തിൽ കയറാൻ പൊതുജനത്തിന് മടി
text_fieldsതിരുവനന്തപുരം: കിഴക്കേകോട്ടയിലെ റോഡപകടങ്ങൾ കുറക്കുന്നതിന് കോടികൾ മുടക്കി പണികഴിപ്പിച്ച കാൽനട മേൽപാലത്തിൽ കയറാൻ പൊതുജനത്തിന് മടി. വാഹനങ്ങൾക്കിടയിലൂടെ യാത്രികർ റോഡ് മുറിച്ചുകടക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്താത്തതിനെ തുടർന്ന് കിഴക്കേകോട്ട വീണ്ടും അപകടമുനമ്പായിമാറി.
കഴിഞ്ഞ ആഗസ്റ്റിലാണ് 104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഫുട് ഓവർ ബ്രിഡ്‌ജ് തിരുവനന്തപുരം കോർപറേഷൻ പൊതുജനത്തിനായി തുറന്നുകൊടുത്തത്. ലിഫ്‌റ്റുണ്ടെങ്കിലും മിക്കവരും ഉപയോഗിക്കാറില്ല. അതിനെക്കാൾ വേഗത്തിൽ റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റാൻഡ് പരിസരത്തെത്താമെന്നതാണ് മേൽപാലത്തെ നോക്കുകുത്തിയാക്കിയിരിക്കുന്നത്.
റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അടയ‌്ക്കാത്തപക്ഷം ആറു കോടി ചെലവഴിച്ച് നിർമിച്ച കാൽനടമേൽപാലം പ്രയോജനമില്ലാതായിപ്പോകുമെന്നും നിർമാണക്കമ്പനിയായ ആക്‌സോ എൻജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു.
അതേസമയം പൊലീസ് കാര്യക്ഷമമായി ഇടപെടാത്തതുകൊണ്ടാണ് മേൽപാലത്തിലേക്ക് ജനം കയറാത്തതെന്നാണ് കോർപറേഷന്‍ അധികൃതരുടെ വിമർശനം. എന്നാൽ, എന്ത് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ജനത്തെ റോഡ് മുറിച്ചുകടക്കുന്നതിൽനിന്ന് വിലക്കുമെന്നാണ് ഫോർട്ട് പൊലീസിന്‍റെ ചോദ്യം.
കൂടാതെ, ജനം ഉപയോഗിക്കാതായതോടെ രാത്രികാലങ്ങളിൽ മേൽപാലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുകയാണെന്ന ആക്ഷേപവും ശക്തമാണ്. അടിക്കടി കിഴക്കേകോട്ടയിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് അറുതിവരുത്താൻ മനുഷ്യാവകാശ കമീഷൻ ഇടപെട്ടതിനെ തുടർന്നാണ് മേൽപാലം യാഥാർഥ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.