ശ്രീനാരായണപുരത്ത് റോഡിൽ അറവുമാലിന്യം തള്ളുന്നു; ജനജീവിതം ദുസ്സഹം
text_fieldsപോത്തൻകോട്: ശ്രീനാരായണപുരത്ത് അറവുമാലിന്യം ഉൾപ്പെടെ മാലിന്യം തള്ളുന്നത് പതിവായതോടെ ദുരിതത്തിലായി നാട്ടുകാർ. വിനോദസഞ്ചാര മേഖലയായ വെള്ളാണിക്കൽ പാറ മുകളിലേക്ക് പോകുന്ന പ്രധാന റോഡായ ശ്രീനാരായണപുരം-കാർഷെഡ് റോഡിലാണ് അർധരാത്രിയിൽ വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളുന്നത്. ചൊവ്വാഴ്ച പുലർച്ച രണ്ടോടെ 15ഓളം ചാക്കുകളിലായി അറവുമാലിന്യം വാഹനത്തിലെത്തിച്ച് റോഡിൽനിന്ന് വലിച്ചെറിഞ്ഞു. ഇവിടെകൊണ്ടിട്ട അറവുമാലിന്യം കാക്കയും തെരുവുനായ്ക്കളുമെത്തി വലിച്ചെടുത്തു കൊണ്ടുപോയി സമീപത്തെ വീടുകളിലും തോട്ടിലും ഇടുന്ന അവസ്ഥയാണ്. കാപ്പിത്തോട്ടം തോട്ടിലും അറവുമാലിന്യം തള്ളി.
ഈ തോട്ടിലെ വെള്ളം ആളുകൾ കുളിക്കാനും കന്നുകാലികളെ കുളിപ്പിക്കാനും ഉപയോഗിക്കുന്നു. മാടുകളുടെയും കോഴിയുടെയും അറവുമാലിന്യം മൂന്നാഴ്ചയായി ഈ റോഡിന് സമീപം തള്ളുന്നത് പതിവായി. അസഹനീയമായ ദുർഗന്ധം കാരണം റോഡിലൂടെ യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഒരാഴ്ച മുമ്പും ഇതേ സ്ഥലത്ത് വലിച്ചെറിഞ്ഞ മാലിന്യം നാട്ടുകാർ കുഴിച്ചുമൂടിയിരുന്നു. റോഡിനിരുവശങ്ങളിലും വീടുകളിലെ മാലിന്യവും നിക്ഷേപിക്കുന്നുണ്ട്. അറവുമാലിന്യം ഭക്ഷിക്കാൻ തെരുവുനായ്ക്കൾ എത്തുന്നത് പുലർച്ച റബർ വെട്ടാനെത്തുന്ന റബർ കർഷകരെയും ബുദ്ധിമുട്ടിക്കുന്നു.
പോത്തൻകോട് പഞ്ചായത്തോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ തിരിഞ്ഞുനോക്കുന്നില്ലായെന്ന് പരാതി ഉണ്ട്. മാലിന്യം എറിയുന്നവരെ ഉറക്കം ഒഴിഞ്ഞിരുന്ന് നാട്ടുകാർ കണ്ടുപിടിക്കണമെന്നാണ് പഞ്ചായത്തിന്റെ വാദം. എന്നാൽ, പ്രദേശത്ത് തെരുവുവിളക്കോ വൈദ്യുതിയോ ഇല്ലാത്തതാണ് മാലിന്യം കൊണ്ടിടാനുള്ള കാരണമായി നാട്ടുകാർ പറയുന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.