എസ്.എം.വി സ്കൂൾ ഇനി ആൺ പള്ളിക്കൂടമല്ല; ‘ഒപ്പം’പഠിക്കാൻ ഇനി പെൺകുട്ടികളും
text_fieldsതിരുവനന്തപുരം: നൂറ്റാണ്ടിന്റെ പെരുമയുള്ള എസ്.എം.വി സ്കൂളിൽ വിദ്യാർഥികളായി പെൺകുട്ടികളെത്തി. ജൂൺ 19 വായനദിനത്തിൽ ഈ അഞ്ച് പെൺകുട്ടികൾക്കായി ‘ഒപ്പം - 2023’ എന്ന പേരിൽ വരവേൽപ്പും പ്രവേശനോത്സവവും സംഘടിപ്പിച്ചു. ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകള്‍ തിങ്കളാഴ്ചമുതല്‍ മിക്സഡ് സ്കൂളുകളായി മാറിയിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസംവരെ തിരുവനന്തപുരം എസ്.എം.വി സ്കൂളിലേക്ക് പെൺകുട്ടികളെത്തിയത്.
ഇവരെ വരവേൽക്കുന്ന ബോര്‍ഡുകൾ ഉയർത്തിയും തോരണങ്ങള്‍ തൂക്കിയും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെ അണിനിരത്തിയും വര്‍ണാഭമായ ചടങ്ങുകൾ ഒരുക്കിയിരുന്നു. രാവിലെ ഒമ്പതരക്ക് മന്ത്രി വി. ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും നടത്തി. ലിംഗപരമായ യാഥാസ്ഥിതികത തകർക്കാനും കൂടുതൽ നീതിയുക്തമായ സമൂഹം സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിച്ചു.
ഒമ്പതാം ക്ലാസിലെ അഖില അജയനാണ് സ്കൂളിലെ ആദ്യ പെൺകുട്ടി എന്ന ചരിത്ര നേട്ടത്തിനർഹയായത്. അഖിലക്കൊപ്പം ഒമ്പതാം ക്ലാസിൽ മാജിദയും എട്ടാം ക്ലാസില്‍ വിസ്മയയും സഞ്ജനയും ആറാം ക്ലാസിൽ ദർശനയും പഠിക്കും. നേരത്തേ തമിഴ്നാട്ടുകാരിയായ ലാവണ്യ എന്ന കുട്ടി പ്രവേശനത്തിന് അന്വേഷിച്ചിരുന്നു. എന്നാൽ, ചേർന്നില്ല. ഇപ്പോൾ ചേർന്നവരിൽ മാജിദ തമിഴ്നാട്ടിൽ വിദ്യാഭ്യാസം നടത്തിവരികയായിരുന്നു. പിതാവ് തിരുവനന്തപുരം സ്വദേശിയാണ്. അങ്ങനെയാണ് ഇവിടെയെത്തിയത്.
ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്കൂളുകളിൽ പെൺ സൗഹൃദ ശുചിമുറി ഉൾപ്പെടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയതെന്ന് ഹെഡ്മിസ്ട്രസ് റാണി വിദ്യാധര പറഞ്ഞു. കഴിഞ്ഞവർഷം തന്നെ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ആലോചനകൾ ആരംഭിച്ചിരുന്നു. ഇതിനായി സ്കൂളിലെ പി.ടി.എ, എം.പി.ടി.എ എന്നിവരുടെ സഹകരണത്തോടെ പല പ്രവർത്തനങ്ങളും നടത്തി.
പരിശ്രമങ്ങൾ ഫലവത്തായതിൽ സന്തോഷമുണ്ടെന്നും അടുത്ത വർഷം കൂടുതൽ പെൺകുട്ടികൾ അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ഈ അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്ന ബാലാവകാശ കമീഷന്റെ ശിപാർശയാണ് കേരളത്തില്‍ നടപ്പായത്. പൊതുപ്രവർത്തകനായ ഡോ. ഐസക് പോൾ നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു കമീഷന് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നായിരുന്നു ശിപാർശ. ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപവത്കരിക്കുന്നതിനും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ബാലാവകാശ കമീഷന് നിര്‍ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.