പരീക്ഷകൾ അവസാനിക്കുന്നു; സ്കൂളുകൾക്ക് മുന്നിൽ പ്രത്യേക പരിശോധന
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾക്ക് മുന്നിൽ പൊലീസിന്റെ സുരക്ഷ പരിശോധന. പ്ലസ് ടു സയൻസ് ഗ്രൂപ്പ് പരീക്ഷ അവസാനിച്ച 19ന് പരിശോധന നടത്തിയിരുന്നു. സമാന രീതിയിൽ 26, 29 ദിവസങ്ങളിലും ഉണ്ടാകുമെന്ന് കമീഷണർ അറിയിച്ചു.
കഴിഞ്ഞ വർഷം സംസ്ഥാനത്തെ എസ്.എസ്എൽ.സി, പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾ തമ്മിൽ ചില സ്കൂളുകളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണിത്. അടുത്ത കാലത്തായി ചില ജില്ലകളിലെ സ്കൂൾ വിദ്യാർഥികൾ തമ്മിൽ പരസ്പരം ആക്രമണങ്ങളിൽ ഏർപ്പെടുന്ന പ്രവണത വർധിച്ചു വരുന്നുണ്ട്.
ഇത്തരം അക്രമണങ്ങളിൽപ്പെട്ട് കോഴിക്കോട് ജില്ലയിൽ ഒരു വിദ്യാർഥി മരിച്ചു. സ്കൂളുകളിൽ പരീക്ഷകൾ തീരുന്നതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കരുതിയാണ് സുരക്ഷ പരിശോധന. വിദ്യാർഥികൾ തമ്മിൽ മുൻവൈരാഗ്യം തീർക്കുന്നതിനായി വാക്കുതർക്കങ്ങളിലും ചേരിതിരിഞ്ഞ് സംഘർഷങ്ങളിലും ഏർപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു.
ഇത്തരം ആഘോഷപരിപാടികൾക്കിടെ ബൈക്ക് റെയ്സിങ് പോലുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നു. പരീക്ഷകള്‍ തീരുന്ന 26, 29 ദിവസങ്ങളിലും സ്കൂളുകളുടെ മുന്നിലും, പരിസര പ്രദേശങ്ങളിലും വനിത പൊലീസ് ഉൾപ്പടെയുള്ളവരുടെ സാന്നിധ്യം ഉറപ്പുവരുത്തും.
പരീക്ഷ കഴിഞ്ഞും സ്കുള് പരിസരങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങളും, മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് പ്രത്യേക പരിശോധനകളും കര്‍ശന സുരക്ഷ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി സിറ്റി പൊലീസ് കമിഷണർ തോംസൺജോസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.