കുട്ടിക്കൾക്ക് ഉപകാരപ്പെട്ടില്ലെങ്കിൽ എന്തിനാണ് സ്റ്റേഡിയങ്ങൾ ?
text_fieldsതിരുവനന്തപുരം: നഗരത്തിൽ കോടികൾ ചെലവഴിച്ച് പണിത സ്റ്റേഡിയങ്ങൾ സർക്കാർ സ്കൂളിലെ കുട്ടികൾ തുറന്നുകൊടുക്കുന്നില്ലെന്ന് പരാതി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം പൊലീസിന്‍റെയും യൂനിവേഴ്സിറ്റി സ്റ്റേഡിയം കേരള സർവകലാശാലയുടെയും കീഴിലാണ്. പൊട്ടിപ്പൊളിഞ്ഞ സെന്‍ട്രൽ സ്റ്റേഡിയത്തിലെ ട്രാക്കിലും പിറ്റിലും കായികജീവിതം തല്ലിപ്പഴുപ്പിക്കുകയാണ് സർക്കാർ വിദ്യാലയങ്ങളിലെ താരങ്ങൾ.
സംസ്ഥാന ഖജനാവിൽനിന്ന് കോടികൾ ചെലവാക്കി പുതുക്കിപ്പണിത സ്റ്റേഡിയങ്ങൾക്ക് കൊള്ളവാടകയാണ് പരിപാലന സംഘങ്ങൾ ഈടാക്കുന്നത്. ചന്ദ്രശേഖരന്‍ നായർ സ്റ്റേഡിയത്തിന് 15,000 രൂപയാണ് ദിവസവാടക. എന്നാൽ, ഇവിടത്തെ മൈതാനത്ത് കുഴിവീഴുമെന്ന് ആരോപിച്ച് ജാലവിൻ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങൾ അനുവദിക്കില്ല.
ഇവ നടത്തണമെങ്കിൽ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തെ ആശ്രയിക്കണം. 16,000 രൂപയാണ് ഒരു ദിവസത്തെ വാടക. ഇവിടെയാകട്ടെ ഹൈജംപിനുള്ള സൗകര്യവുമില്ല. ഒരു ദിവസത്തെ മീറ്റ് നടത്താൻ മാത്രം രണ്ട് സ്റ്റേഡിയങ്ങൾക്കുമായി 31,000 രൂപയാണ് സംഘാടകർ നൽകേണ്ടത്.
ജില്ല റവന്യൂ കായികമേളക്കായി സ്റ്റേഡിയങ്ങൾ തുച്ഛമായ വാടകക്ക് നൽകണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും പരിപാലനക്കാർ വിട്ടുനൽകിയില്ല. ഇത്തവണയും മത്സരം കാര്യവട്ടത്തേക്ക് മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കര, പാറശ്ശാല ഉള്‍പ്പെടെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് എത്തുന്ന കായികതാരങ്ങള്‍ക്ക് പോൾവാൾട്ട് അടക്കമുള്ള കായിക ഉപകരണങ്ങൾ ചുമന്ന് അതിരാവിലെ കാര്യവട്ടത്ത് എത്തണം.
ബസ് ഇറങ്ങിയശേഷം വീണ്ടും ഓട്ടോറിക്ഷയെയോ മറ്റോ ആശ്രയിച്ചു വേണം സ്‌റ്റേഡിയത്തില്‍ എത്താന്‍. മൂന്നു ദിവസം മത്സരത്തിനായി പങ്കെടുക്കാനെത്തുന്ന സാധാരണക്കാരായ കുട്ടികൾക്ക് നല്ലൊരു തുകയാണ് നഷ്ടമാകുന്നത്. മന്ത്രി ഇടപെട്ട് അടുത്തവർഷമെങ്കിലും യാത്രദുരിതത്തിന് പരിഹാരം കാണമെന്നാണ് താരങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.