ലക്ഷംവീട് പുനരുദ്ധാരണ പദ്ധതി മുടങ്ങിയിട്ട് മാസങ്ങൾ; ഞാണ്ടൂർക്കോണം പുളിയൻകോട് കോളനിയിലെ കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsശ്രീകാര്യം: ലക്ഷം വീട് പുനരുദ്ധാരണ പദ്ധതി തുടങ്ങിയിടത്ത് ഉപേക്ഷിച്ചതിനെ തുടർന്ന് ഞാണ്ടൂർക്കോണം പുളിയൻകോട് ലക്ഷംവീട്ടിലെ ഇരുപതോളം കുടുംബങ്ങൾ ദുരിതത്തിൽ. 25 മുതൽ 40 വർഷം വരെ പഴക്കമുള്ള വീടുകളാണ് കോളനിയിലുള്ളത്.
കാലപ്പഴക്കം കാരണം നിരവധി വീടുകളുടെ ഒരുഭാഗം ഇടിഞ്ഞുവീഴുകയും മറ്റുള്ളവ തകർന്ന സ്ഥിതിയിലുമാണ്. കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോർപറേഷൻ പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധാരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കുകയും ജനുവരി മാസത്തിൽ പണിയാരംഭിക്കുകയും ചെയ്തു.
എന്നാൽ, എസ്റ്റിമേറ്റിൽ വയറിങ് ജോലി ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ പണി മുടങ്ങി. തുടർന്ന് പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ ഉൾപ്പടെയുള്ളവർ കോളനി സന്ദർശിച്ച് വയറിങ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. എന്നിട്ടും പണി ആരംഭിച്ചിട്ടില്ല. രണ്ടു വീടുകളുടെ പണി മാത്രമേ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുളളു.
പണികൾ ആരംഭിച്ചപ്പോൾ ഈ വീടുകളിൽനിന്ന് വാടകക്ക് മാറിയവർക്ക് വാടക നൽകാൻ പറ്റാത്ത അവസ്ഥയാണ്. പൊട്ടിപൊളിഞ്ഞ വീടുകളിൽ താമസിക്കുന്നവരിൽ മിക്കവരും 60 വയസ്സിനു മുകളിലുള്ളവരും ഭിന്നശേഷിക്കാരും കാൻസർ രോഗികളും വികലാംഗരുമാണ്.
ചെറിയ മഴയിൽ വീടിനകത്ത് ചോർന്നൊലിക്കുകയാണ്. വലിയ മഴയിൽ എങ്ങനെ വീട്ടിൽ കഴിയുമെന്ന് വീട്ടുകാർ ചോദിക്കുന്നു. എത്രയുംവേഗം പണി തുടങ്ങണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കൗൺസിലർ നാലുമാസമായി വരുകയോ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും വീട്ടുകാർ പറയുന്നു.
എന്നാൽ, വീടുകളുടെ പണി തുടങ്ങാൻ കാലതാമസമെടുക്കുന്നത് കരാറുകാരന്റെ പിടിപ്പുകേടാണെന്നും കോർപറേഷൻ അധികൃതരെ അറിയിച്ചിങ്കിലും നടപടിയില്ലെന്നും കൗൺസിലർ ആശ ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.