ഉദ്ഘാടനത്തിന് മുന്നേ ആക്കുളം കണ്ണാടിച്ചില്ല് പാലം തകർന്നു
text_fieldsശ്രീകാര്യം: ആക്കുളം വിനോദസഞ്ചാര കേന്ദ്രത്തിൽ ടൂറിസം വകുപ്പ് നിർമിച്ച കണ്ണാടി പാലം തകർന്നു. ഉദ്ഘാടനത്തിന് ദിവസങ്ങൾ ബാക്കിനിൽകെയാണ് പാലത്തിന്റെ കണ്ണാടിച്ചില്ല് തകർന്നത്. ഉദ്ഘാടനശേഷമായിരുന്നെങ്കിൽ ആളപായം ഉൾപ്പെടെ വൻ അപകടം ഉണ്ടാകുമായിരുന്നു.
പാലത്തിലേക്ക് കയറുന്ന ഭാഗത്തെ ഗ്ലാസാണ് തകർന്നത്. ഭാരം കൂടിയ ഏതെങ്കിലും വസ്തു ഗ്ലാസിന് മീതെ വീഴാനുള്ള സാഹചര്യവുമില്ല.
ഇവിടേക്ക് ആളുകൾ കയറിയതായും വിവരമില്ല. കണ്ണാടി തകർന്നതിലൂടെ ഗുണനിലവാരം ചോദ്യംചെയ്യപ്പെടുകയാണ്. സാഹസികവിനോദം ലക്ഷ്യമിട്ട് ടൂറിസംരംഗത്ത് വൻ വികസന സാധ്യത കൊട്ടിഗ്ഘോഷിച്ചാണ് ടൂറിസംവകുപ്പ് കണ്ണാടിപ്പാലം നിർമിച്ചത്. ഒന്നരക്കോടി ചെലവിട്ട് നിർമിച്ച പാലത്തിന് 75 അടി ഉയരവും 52 മീറ്റർ നീളവുമുണ്ട്.
പാർക്കിനുള്ളിലെ കുന്നിൻമുകളിൽനിന്ന് കുളം കടന്ന് സ്വിമ്മിങ് പൂൾ ഭാഗത്തേക്കാണ് നിർമിച്ചത്. ചൈന മാതൃകയിൽ എൽ.ഇ.ഡി സ്ക്രീൻ ഉപയോഗിച്ച് പാലത്തിലേക്ക് കയറുമ്പോൾ ശബ്ദത്തോടെ ചില്ല് തകരുന്ന കാഴ്ചയും പാലത്തിനുണ്ട്.
ഒരേസമയം 20 പേർക്ക് പാലത്തിൽക്കൂടി സഞ്ചരിക്കാനും കഴിയും. ഇക്കഴിഞ്ഞ മാർച്ച് 13ന് ഉദ്ഘാടനം ചെേയ്യണ്ടതായിരുന്നു. എന്നാൽ വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ തകർച്ചയെതുടർന്ന് ഉദ്ഘാടനം മാറ്റുകയായിരുന്നു. നിർമാണത്തിൽ വരുത്തിയ തട്ടിക്കൂട്ടലാണ് അപകടത്തിന് വഴിയൊരുക്കിയതായി പറയുന്നത്.
പാലത്തിന്റെ നിർമാണത്തിൽ അഴിമതി നടന്നതായി പ്രതിപക്ഷ സംഘടനകൾ ആരോപണവുമായി മുേന്നാട്ടുവന്നിട്ടുണ്ട്.
കണ്ണാടി തകർന്നതിൽ ദുരൂഹത ഉണ്ടെന്നും ആയുധം ഉപയോഗിച്ച് ശക്തമായി അടിച്ച് കേടുവരുത്തിയതാകാമെന്നും ചൂണ്ടിക്കാട്ടി പരിപാലന ചുമതലയുളള വട്ടിയൂർകാവ് യൂത്ത് ബ്രിഗേഡ് എൻറർപ്രണേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ശ്രീകാര്യം പൊലീസിൽ പരാതി നൽകി. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.