ചലച്ചിത്ര മേളക്ക് വിടചൊല്ലാനൊരുങ്ങി തലസ്ഥാനം; അവസാന നാളിൽ 14 ചിത്രങ്ങൾ
text_fieldsതിരുവനന്തപുരം: കോവിഡിന്‍റെ സുരക്ഷ ചട്ടക്കൂടുകളിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കിറങ്ങിയ 26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് വിടപറയാൻ അനന്തപുരി ഒരുങ്ങി.
സിനിമക്കൊപ്പം പാട്ടും ഡാൻസും സൗഹൃദം പുതുക്കലുമെല്ലാം നിറഞ്ഞമേള ഇത്തവണ ഉത്സവാന്തരീക്ഷത്തിൽ തന്നെയാണ് കൊടിയിറങ്ങുന്നത്. അഫ്‌ഗാനിലെ സംഘർഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കിയ അഞ്ച് ചിത്രങ്ങളുടെ പ്രദർശനവും ഇത്തവണ മേളയുടെ മാറ്റ് കൂട്ടി. ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്‌ത, നടൻ ദിലീപ് കുമാർ, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ, മലയാളത്തിന്റെ അഭിമാനം കെ.എസ്. സേതുമാധവൻ, കെ.പി.എ.സി ലളിത തുടങ്ങി എട്ട് ചലച്ചിത്ര പ്രവർത്തകർക്ക് മേള ചിത്രാർപ്പണം ഒരുക്കി.
ഐ.എസിെൻറ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാൻ, ബംഗ്ലാദേശ് നടി അസ്മേരി ഹഖ്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, തമിഴ് സംവിധായകൻ വെട്രിമാരൻ, ഗിരീഷ് കാസറവള്ളി, ഡോ.ബോബി ശര്‍മ ബറുവ, ഡോ.രശ്മി ദൊരൈസ്വാമി, അശോക് റാണെ, അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ തുടങ്ങിയ അതുല്യപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ മേള ശ്രദ്ധേയമായി. പ്രതിനിധികൾക്ക് കെ.എസ്.ആർ.ടി.സി ബസിലും ഓട്ടോയിലും സൗജന്യ സഞ്ചാരമൊരുക്കിയും ഇത്തവണ മേള വൈവിധ്യമറിയിച്ചു.
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറംപകരാൻ ഇത്തവണ ടാഗോർ തിയറ്ററിലും നിശാഗന്ധിയിലും സായന്തനങ്ങളിൽ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികളിൽ ആയിരങ്ങളാണ് പങ്കുചേർന്നത്.സമാപന ദിനമായ ഇന്ന് 14 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. അസ്ഗർ ഫർഹാദിയുടെ എ ഹീറോദിനാ അമീർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം യൂ റിസെമ്പിൾ മീ, ഇസ്രയേലി സൈന്യത്തിന്റെ പിടിയിലകപ്പെടുന്ന അറബി കുടുംബത്തിന്റെ കഥ പറയുന്ന ലെറ്റ് ഇറ്റ് ബി മോർണിങ്, മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ, ലെബനൻ എന്നീ മത്സര ചിത്രങ്ങളും നായാട്ട്, ബനേർഘട്ട, അടൽ കൃഷ്ണൻ സംവിധാനം ചെയ്ത വുമൺ വിത്ത് മൂവി കാമറ എന്നീ മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും. ഡക് ഡക്, ദി വണ്ടർലെസ് അബു തുടങ്ങിവയാണ് മേളയുടെ അവസാനദിനത്തിലെ ഇന്ത്യൻ ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.